2009, ഒക്‌ടോബർ 3, ശനിയാഴ്‌ച

ഞാന്‍ തേടിയത്...

നിന്‍റെകണ്ണില്‍ ശാന്തമായുറങ്ങും
സാഗരത്തിന്നാഴങ്ങളില്‍ ഊളിയിട്ടു
ഞാനിറങ്ങിയത്.. മനസ്സിന്‍റെ
കാണാച്ചുഴികളിലേക്കാണ് ..
ഞാന്‍ തേടിയത് ഉള്ളറകളില്‍
നീയെനിക്കായ്‌ ഒളിപ്പിച്ച ഒരു മുത്ത്‌..

ഇരുളും വെളിച്ചവും ഇഴചേര്‍ന്ന
ചെമ്മണ്‍ പാതകളില്‍ ഞാന്‍ തിരഞ്ഞത്
നീ കശക്കിയെറിഞ്ഞ
പ്രണയ പുഷ്പ്പങ്ങളാണ്
ഇനിയും മാഞ്ഞു പോകാത്ത
നിന്‍റെ കാലടിപ്പാടുകളാണ് ..

ചിതലരിച്ച പുസ്തകത്താളുകളില്‍
ഞാന്‍ തേടിയത്‌
നിന്‍റെ ചൊടിയില്‍ കുരുങ്ങിയ
ഒരു വാക്കിന്റെ അര്‍ത്ഥമാണ് ..
ഇനിയും വിരിയാത്ത
മയില്‍ പീലിത്തുണ്ടാണ് ...

ഒരിക്കലും ഉറക്കം വിട്ടുണരല്ലേ
എന്ന് കൊതിച്ചത് ..
ഇരുട്ടിനെ പ്രണയിക്കാനാണ്
പ്രണയ സാഫല്യത്തിനാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ