2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

പൂര്‍വികര്‍...




പുഞ്ഞ വരമ്പത്തെ പുല്‍ക്കൊടിത്തുമ്പിനും
ആയിരം നാവുണ്ട് കഥ പറയാന്‍
ധീര സഖാക്കള്‍ തന്‍ വീറുറ്റ സമരത്തിന്‍ ,
മധുര സ്മരണ തന്‍ കഥ പറയാന്‍..
പൂര്‍വികര്‍ ,കാലത്തിന്‍ മുന്നേ നടന്നവര്‍
ചിന്ത തന്‍ കൈത്തിരി നാളം തെളിച്ചവര്‍
സിരകളില്‍ വിപ്ലവ വീര്യം പകന്നവര്‍
നാടിനായ്‌ രക്തസാക്ഷികളായവര്‍ ..
ജന്മിത്വ തായ്‌ വേരറത്ത് മുറിച്ചവര്‍
അടിയാന്റെ കണ്ണ്നീരൊപ്പാന്‍ കഴിഞ്ഞവര്‍
വര്‍ഗീയ കോമര ശിരസ്സറുത്തിട്ടവര്‍
മണ്ണിന്‍റെ മോചന മന്ത്രം ജപിച്ചവര്‍
അവരുടെ കാലടിപ്പാടുകളിപ്പോഴും
മായാതെ മണ്ണില്‍ പതിഞ്ഞു കിടക്കുന്നു
ആമണ്ണിലൊരു തരിമണ്ണായി മാറുവാന്‍
കാതങ്ങളെത്ര നടക്കണം ഞാനിനി ..
തലമുറ കൈമാറി കൈമാറിയെത്തിയ
പന്തങ്ങളിന്നു കരിന്തിരി കത്തുന്നു
പകരുവാനൊരു തുള്ളി എണ്ണയില്ലെന്‍ കൈയ്യില്‍
സിരകളില്‍ വിപ്ലവ വീര്യം തണുത്തു പോയ്‌ ..
ചിന്തയെ കാര്‍ന്നു തിന്നുന്ന ചിതലുകള്‍
വളരുന്ന ഉപഭോഗ സംസ്കാരമെന്നിലും
വെയിലേറ്റു വാടുവാന്‍ ആവില്ലെനിക്കിനി
ആ ശീതള ഛായയില്‍ ഒന്നിരിക്കട്ടെ ഞാന്‍...
പുഞ്ഞ വരമ്പത്തെ പുല്‍ക്കൊടിത്തുമ്പിനും
ആയിരം നാവുണ്ട് കഥ പറയാന്‍
നമ്മള്‍ കൊയ്യും വയലുകളൊക്കെയും
നമ്മുടെതെന്ന് പറഞ്ഞ കിളിയുടെ
ചങ്കറത്ത്,ചോര ഊറ്റിക്കുടിച്ചോരു
നന്ദി കേടിന്റെ കഥ പറയാന്‍..
ഗോപി വെട്ടിക്കാട്ട്

1 അഭിപ്രായം:

  1. പുഞ്ഞ വരമ്പത്തെ പുല്‍ക്കൊടിത്തുമ്പിനും
    ആയിരം നാവുണ്ട് കഥ പറയാന്‍
    നമ്മള്‍ കൊയ്യും വയലുകളൊക്കെയും
    നമ്മുടെതെന്ന് പറഞ്ഞ കിളിയുടെ
    ചങ്കറത്ത്,ചോര ഊറ്റിക്കുടിച്ചോരു
    നന്ദി കേടിന്റെ കഥ പറയാന്‍

    ഈ അവസാന വരികള്‍ കിടിലന്‍ :)
    നല്ലൊരു കവിത - ചൊല്‍ക്കവിത

    മറുപടിഇല്ലാതാക്കൂ