2009, നവംബർ 9, തിങ്കളാഴ്‌ച

ആരുമല്ലാത്തവന്‍ (കഥ)

ആരുമല്ലാത്തവന്‍ (കഥ)
*********************

ചിലപ്പോള്‍ അങ്ങനെയാണ് ,,മനസ്സ് ആവശ്യമില്ലാത്തിടത്തോക്കെ ചുറ്റിക്കറങ്ങും ..
ഒരു കാര്യമില്ലെന്കിലും അതിനെക്കുറിച്ച് വേവലാതിപ്പെടും ..
അല്ലെങ്കില്‍ ഇന്നലെ കരിയപ്പന്‍ എന്‍റെ മുന്നിലേക്ക് വരുമായിരുന്നോ..
അയാള്‍ മരിച്ചിട്ട് തന്നെ വര്‍ഷങ്ങളായല്ലോ
അതും എനിക്ക് ആരുമല്ലാത്ത കരിയന്‍ ...

ശനിയാഴ്ചയും ഞായരാഴച്ചയും
സ്കൂളില്ലാത്ത് കൊണ്ട് ഉച്ചവരെ മൂടിപ്പുതച്ചു ഉറങ്ങേണ്ടതാണ്
അതിനു അമ്മ സമ്മതിച്ചിട്ട് വേണ്ടേ ..
"ഉറങ്ങണെ കണ്ടില്ലേ കുരുത്തം കെട്ടോന്‍ ..നേരം ഉച്ചയാകാറായി .."
കാലത്ത് പാടത്തേക്കു പോയതാനൊരു മനുഷ്യന്‍ ,..
അതിനൊരു തുള്ളി കഞ്ഞി വെള്ളം കൊണ്ട് കൊടുക്കാനും ഞാന്‍ തന്നെ പോണല്ലോ "
അച്ചനെങ്ങാന്‍ കേട്ടാല്‍ ഇന്ന് അടിയുടെ പൂരമാണ്‌ ..
അമ്മയുടെ ഒച്ച ഉച്ചത്തിലാവുന്നതിനു മുന്‍പ് എണീറ്റ്‌ ചട പടാന്ന് പല്ല് തേച്ചു മുഖം കഴുകി
കഞ്ഞി പാത്രവും തൂക്കി പാടത്തേക്കു ഓടി...

പാടത്തെ വലിയ വരമ്പില്‍ നിന്നു ഉറക്കെ വിളിച്ച് പറഞ്ഞു ..
"കരിയാ ..ദാ കഞ്ഞി കൊണ്ട് വന്നിട്ടുണ്ട് "
കേട്ടിട്ടും കേള്‍കാത്ത മട്ടില്‍ അങ്ങേ തലക്കലെ കണ്ടത്തില്‍ പൂട്ടുകയാണ് കരിയന്‍ ...
കുട്ടി നേരം വൈകിയതിന്റെ ദേഷ്യത്തിലാവും ..ഞാന്‍ വിളിക്കാം ..
ദാ .ആ‍ കുട്ടി എത്രെ നേരായി വിളിക്കാന് .ചെവി കേട്ടൂടെ ..
നാട് നിര്‍ത്തി പാത്തുമ്മ വിളിച്ച് പറഞ്ഞു
പാട വരമ്പത്തിരുന്നു കഞ്ഞി കുടിക്കുമ്പോള്‍ പാത്തുമ്മ അടുത്ത് വന്നിരുന്നു ചോദിച്ചു ..
"എന്തിനാ മോന്ത ഇങ്ങനെ കേറ്റിപ്പിടിച്ചെക്കണേ"
കരിയന്‍ ഒന്നുംമിണ്ടാതെ കഞ്ഞി കുടിച്ചു .പാത്രം കഴുകി തന്നു...കണ്ടത്തിലെക്കിറങ്ങിപ്പോയി ..പാത്തുമ്മ നടാനും ..

പാത്തുമ്മയും കരിയനും തറവാട്ടിലെ സ്ഥിരം പണിക്കാരാണ് ..പാടത്ത്‌ പണിയില്ലാത്തപ്പോള്‍ വീട്ടില്‍ പണിയുണ്ടാവും ...
കരിയന്‍ വളരെ ചെറുപ്പത്തില്‍ വന്നു കൂടിയതാണെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.. നാടും വീടുമോന്നുമില്ലാത്രേ..
പണിക്കാരനെപ്പോലെയല്ല വീട്ടിലെ ഒരാളെപ്പോലെ തന്നെയാണ് എല്ലാവര്ക്കും ..
എപ്പോഴും ഒരു വാല് പോലെ അച്ഛന്‍റെ പിന്നാലെ കാണും ...
എവിടെ ഉത്സവം ഉണ്ടോ അവിടെയൊക്കെ കരിയനും ഉണ്ട് ...
എല്ലാ കൊല്ലവും മലക്ക് പോകും ..കറുത്തിരുണ്ട്‌ തടിമാടനാണെങ്കിലും ചെറിയ കുട്ടികളെപ്പോലെയാണ് ..
ആരോടും എതിര്‍ത്തൊന്നും പറയില്ല ..പോത്ത് പോലെ പണിയെടുക്കും ...

പുറത്തെ പറമ്പില് തോല് വെട്ടാന്‍ പോയതാണ് കരിയാനും പാത്തുമ്മയും .
അത്യാവശ്യമായി കരിയനെ വിളിച്ച് കൊണ്ട് വരാന്‍ അമ്മ പറഞ്ഞയച്ഛതാണ് പറമ്പിലേക്ക്..
പറമ്പ് മുഴവന്‍ തിരഞ്ഞിട്ടും കാണാതായപ്പോള്‍ വെറുതെ പാമ്പിന്‍ കാവിനടുത്തെക്ക് പോയി നോക്കിയതാണ് .
കാട് മൂടി കിടക്കുന്ന അവിടെക്കു സാധാരണ ആരും പോകാറില്ല...ഉണങ്ങിയ ഇലകളുടെ അനക്കം കേള്‍ക്കുന്നുണ്ട്‌ ...
വല്ല പാമ്പുമാണോ എന്നു ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ ..കരിയനും പാത്തുമ്മയും ഉടു വസ്ത്രമില്ലാതെ പാമ്പിനെപ്പോലെ കേട്ടിപ്പിണഞ്ഞു കിടക്കുന്നു... ...
തന്നെ കണ്ടതും ചാടി എഴുന്നേറ്റു മുണ്ട് വാരിച്ചുറ്റി.. പേടിച്ചു പോയി ..
ഇടം വലം നോക്കാതെ ഒരോട്ടമായിരുന്നു വീട്ടിലേക്കു ..ചെന്നപാടെ കിതച്ച്‌ കൊണ്ട് അമ്മയോട് പറഞ്ഞു..
"നീയിതു ആരോടും പറയണ്ടാ .മിണ്ടാതെ അപ്പുറത്തെങ്ങാന്‍ പോയി കളിച്ചോ.."

ആരോടും പറയണ്ടാ എന്നു കരുതിയതാണ്..എന്നാലും മനസ്സിലിരുന്നു തിങ്ങുകയാണ് ആ‍ കാഴ്ചാ..
ആലിയോട് പറഞ്ഞപ്പോള്‍ ഒരു സമാധാനമായി ..അവനും പറഞ്ഞു നീയിതാരോടും പറയണ്ടെന്നു..
പറയണ്ടാ..പറയണ്ടാ എന്നുപറഞ്ഞ്‌ പറഞ്ഞു നാട്ടിലെല്ലാം പാട്ടായി ..പാത്തുമ്മയുടെ വീട്ടുകാരാകെ ഇളകി..
വലിയ തങ്ങളുടെ വീട്ടില്‍ കൂടിയവരെല്ലാം പറഞ്ഞു ..അവനെ ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല..
നമ്മുടെ ജാതീലെ ഒരു പെണ്ണിനെ പെഴപ്പിച്ചിട്ടു അവനെയൊന്നും രണ്ടു കാലില്‍ നടക്കാന്‍ വിടരുത്..
കൊന്നു കുഴിച്ചു മൂടണം ആ‍ നായിന്റെ മോനെ.. ആ‍ നായരാണ് അവനു വളം വെച്ച് കൊടുക്കുന്നത്..
നിങ്ങളൊന്നു അടങ്ങു ..ഞാന്‍ ആ‍ നായരോട് ചോദിക്കട്ടെ ..അവനെ തല്ലിയിട്ടോ കൊന്നിട്ടോ നമ്മുടെ ജാതീല് വന്നൊരു നാണക്കേട്‌ മാറ്റാന്‍ പറ്റോ
എന്നാല്‍ ഇന്ന് തന്നെ വല്യ തങ്ങള് എന്ന ഇതിനൊരു പരിഹാരം ഉണ്ടാക്കു..നാളെ ഇതിനൊരു തീരുമാനം ഉണ്ടായില്ലെങ്കില്‍ അവന്‍ ഈ ഭൂമീല് ഉണ്ടാവില്ല ഞങ്ങളാ പറയണേ..

വല്യ തങ്ങള് സമാധാനമായി പൊക്കോളൂ ..നമുക്ക് പരിഹാരം ഉണ്ടാക്കാം ..
അച്ഛന്‍തങ്ങളോടു പറഞ്ഞു ..തങ്ങള് പോയപ്പോള്‍ അച്ഛന്‍ കരിയനെ വിളിച്ചു..ദാ തങ്ങള് പറഞ്ഞതൊക്കെ നീ കേട്ടില്ലേ..
'ഉം" കരിയന്‍ അലക്ഷ്യമായി ഒന്ന് മൂളി
നിനക്കവളെ അത്രയ്ക്ക് ഇഷ്ട്ടമാനെന്കില്‍ നീയവളെയങ്ങ് കെട്ടിക്കോ....
പക്ഷെ അവരുടെ കൂട്ടത്തിലേക്ക് മാറണം ന്നാ പറയണേ..
അങ്ങനെയാണെങ്കില്‍ ഈ ആഴ്ചാ തന്നെ കല്യാണം നടത്താന്ന വല്യ തങ്ങള് പറയണേ..
നീയെന്താ ഒന്നും മിണ്ടാത്തെ..ഞാനിപ്പോള്‍ തങ്ങളോടു എന്താ പറയാ..
എന്താന്നു വെച്ചാല്‍ ചൈയ്തോളൂ..
തടിച്ചുവീര്‍ത്ത മസിലുകളുള്ള കൈത്തണ്ടയില്‍ പച്ച കുത്തിയ കൃഷ്ണന്റെ ചിത്രത്തില്‍ തലോടി കരിയന്‍ പറഞ്ഞു ...

അങ്ങനെ കരിയന്‍ ഒരു നാള്‍ . പൊന്നാനിയില്‍ പോയിമാര്‍ഗം കൂടി അട്ബുല്‍ കാദര്‍ ആയി. പാത്തുമ്മയെ നിക്കാ ഹും ചെയ്യ്തു ..
കിടപ്പ് പാത്തുമ്മയുടെ വീട്ടിലെക്കാക്കി ..
ഞങ്ങള്‍ കുട്ടികള്‍ അപ്പോഴും കരിയാ എന്നു തന്നെ വിളിച്ചു ..കുറെ ആളുകള്‍ കാദരെ എന്നും ..
എഴുത്തും വായനയും അറിയാത്ത കരിയനെ വല്യ തങ്ങളാണ് നിസ്ക്കരിക്കാന്‍ പഠിപ്പിച്ചത് ..
എന്നാലും കരിയന്‍ പള്ളിയില്‍ പോണത് കണ്ട്ടിട്ടില്ല ..റമദാന്‍ മാസം വന്നപ്പോള്‍ വല്യ തങ്ങള് കരിയനെ വിളിച്ചു പറഞ്ഞു..
"ഡാ" നീയ്യ്‌ പള്ളീലൊന്നും പോകാറില്ല അല്ലെ...റമദാന്‍ മാസത്തില്‍ നോമ്പ് പിടിച്ചു പള്ളീല് പോയി തന്നെ നിസ്കരിക്കണം ...മനസ്സിലായോ..
അതിനു കൂലി കൂടുതല്‍ കിട്ടും..
കരിയനു കാര്യം മനസ്സിലായില്ല ..തങ്ങളെ തുറിച്ചു നോക്കുന്നത് കണ്ടിട്ടാവും തങ്ങള്‍ പറഞ്ഞു
ഡാ പോത്തെ ..മരിച്ചിട്ട് സ്വര്‍ഗത്തില്‍ പോകണം ന്നു വെച്ചാല് ..അഞ്ചു നേരം നിസ്ക്കരിക്കണം ..നോമ്പും പിടിക്കണം ..
പടച്ചോന്‍ തരണ കൂലീടെ കാര്യാ ഞാന്‍ പറഞ്ഞെ..

ആദ്യായിട്ടാണ് കരിയന്‍ പള്ളിയില്‍ പോകണേ ..പള്ളീടെ മുന്നില്‍ കൂടി പോയിട്ടുണ്ട് എന്നല്ലാതെ അതിന്‍റെ ഉള്ളില്‍ എന്താണ് നടക്കണേ എന്നു കരിയന്‍ കണ്ടിട്ടില്ല .
പാത്തുമ്മ തേച്ചു വെച്ച കുപ്പായവും ഇട്ടു കരിയന്‍ പെരുന്നാള്‍ നിസ്കാരത്തിനു പള്ളിയിലേക്ക് നടന്നു..
വഴിയില്‍ വെച്ച് ആരൊക്കെയോ കരിയനോട് ഈദ്‌ മുബാറക്ക്‌ പറഞ്ഞു..
തിരിച്ചു കരയ്നും അത് പോലെത്തന്നെ പറഞ്ഞു..പള്ളിയില്‍ നല്ല തിരക്കായിരുന്നു..
കൈയും കാലും ശുദ്ധി വരുത്താന്‍ പൈപ്പിനടുത്തു പോയതായിരുന്നു...വഴുക്കലില്‍ കാലു തെന്നി വീണു..
"എന്‍റെ ഗുരുവായൂരപ്പാ "
അറിയാതെ നാവില്‍ തുമ്പില്‍ നിന്നു വീണ ശബ്ദം ...
"നായിന്റെ മോനെ ...."
പള്ളീല് വെച്ചിട്ടാനോടാ കൃഷ്ണനെ വിളിക്കണേ..ഹമുക്കെ..
..കയ്യില്‍ പച്ച കുത്തിയ കൃഷ്ണന്റെ പടത്തില്‍ പിടിച്ചു ആരോ പറഞ്ഞു ..
കണ്ടില്ലേ പച്ച കുത്തി വെച്ചക്കനെ.. ഇവനെയൊന്നും പള്ളീല്‍ കേറ്റാന്‍ പാടില്ല കള്ള കാഫിര് ..പോടാ പുറത്ത്‌
ആരൊക്കെയോ കരിയയെ പിടിച്ചു വലിച്ചു..പള്ളീടെ പുറത്താക്കി..
കരിയന്‍ വീട്ടിലേക്കു നടന്നു..

വല്യ തങ്ങളും കുറെയാളുകളും വരുന്നതു കണ്ട കരിയന്‍ ഉമ്മറത്തിണ്ണയില്‍ നിന്നെഴുന്നേറ്റ് നിന്നു..
ഡാ പാത്തുമ്മയെ വിളിക്ക് ...
ശബ്ദം കേട്ടു വന്ന പാത്തുമ്മയോട് വല്യ തങ്ങള്‍ പറഞ്ഞു ...ഇന്ന് പള്ളീല്‍ ഉണ്ടായതൊക്കെ ..നീയ് കേട്ടില്ലേ...
മതി ഇവനെയൊന്നും ഇനി നമ്മുടെ ജാതീല് വെച്ചോണ്ടിരിക്കാന്‍ പറ്റില്ലാന്നാ നാട്ടുകാര് മുഴുവനും പറയണേ ..
നിനക്കറിയാലോ..
നിങ്ങള് കാണിച്ച ഹറാം പറപ്പിനു അന്ന് ഞാന്‍ കൂട്ട് നിന്നതാണ്
അന്ന് എല്ലാവരും എതിര്‍ത്തിട്ടും ഞാന്‍ പറഞ്ഞിട്ടാ ...
ഇനീം എന്നെക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല ....
നീയവനെ മൊഴി ചൊല്ലണം ന്നാ എല്ലാരും തീരുമാനിചിരിക്കണേ....
നിനക്ക് എന്താ പറയാനുള്ളത് ...
അവന്‍പോണെങ്കില്‍ പോട്ടെ ..നിനക്കു നല്ലൊരു പുതിയാപ്ല നമ്മടെ കൂട്ടത്തില് തന്നെ ഉണ്ട്..
ഇപ്പൊ തന്നെ നീയ് കാര്യം പറയണം ..
പാത്തുമ്മ കരിയനെ ത്തന്നെ നോക്കി കൊണ്ടിരുന്നു...
ഉമ്മരത്തിന്റെ ഒരു മൂലയില്‍ നിസ്സന്ഗനായി അങ്ങ് ദൂരേക്ക്‌ നോക്കിയിരിക്കാന്
കരിയന്‍..ആ‍ മുഖത്ത് ഒരു ഭാവ മാറ്റവുമില്ല
"ങ്ങള് എല്ലാവരും എന്താ പറയണേ ന്നു വെച്ചാല്‍ ഞാന്‍ ചെയ്യാം.."
ദീനും പടച്ചോനും കഴിഞ്ഞിട്ടേ എനിക്ക് മറ്റെന്തെങ്കിലും ഉള്ളൂ ..

കരിയന്‍ എഴുന്നേറ്റു നടന്നു..പുഴയം കടന്നു അങ്ങ് കൃഷ്ണന്റെ അമ്പലത്തിനടുത്തെത്തിയപ്പോള്‍ നട അടച്ചിരുന്നു..
അമ്പലപ്പരമ്പിലെ വിളക്കില്‍ കരിന്തിരി കത്താന്‍ തുടങ്ങിയിരുന്നു..തോളിലെ തോര്‍ത്തെടുത്ത് നിലത്തു വിരിച്ചു ...
വല്യ തങ്ങള് പറഞ്ഞു കൊടുത്ത പോലെ നിസ്കരിച്ചു..
അല്ലാഹ് .അല്ലാഹ്..
ആ‍ കണ്ണുകള്‍ നിറഞ്ഞൊഴുകി....

കരിയനെ ഞങ്ങള്‍ അന്ന്വെഷിക്കാത്ത സ്ഥലമില്ല...പറമ്പില്‍ പണിക്കു പോയവരാണ് അച്ഛനോട് പറഞ്ഞത് ..
നായരെ ങ്ങടെ പറമ്പില് എന്താണാവോ വല്ലാത്ത നാറ്റം.. ആ‍ പാമ്പിന്‍ കാവിനടുത്താ..
ഞങള് പേടിച്ചിട്ടു നോക്കില്ല്യാ..
അച്ഛനും ആളുകളും കൂടി പാമ്പിന്‍ കാവില്‍ ചെന്നു നോക്കി ..
മാനം മുട്ടെ വളര്ന്നു നില്‍ക്കണ അരയാലിന്റെ
കൊമ്പത്ത് തൂങ്ങിയാടുകയാണ് കരിയന്‍..,,,

ഗോപി വെട്ടിക്കാട്ട്

6 അഭിപ്രായങ്ങൾ:

  1. ഇവിടെ മതമല്ല ഗോപിയേട്ടാ പ്രശ്നം......:മദമാണ്......!നന്നായി ഇഷ്ടപ്പെട്ടു .

    മറുപടിഇല്ലാതാക്കൂ
  2. കരിയന്‍ ഒരു വേദനയായി അവശേഷിച്ചു ഗോപിയേട്ടാ, നൊമ്പരം ഉണര്‍ത്തുന്ന കഥ, എന്ന് അവസാനിക്കും ഈ മതഭ്രാന്തുകള്‍.

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാം... വളരെ നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ