2009, മാർച്ച് 15, ഞായറാഴ്‌ച

ഭ്രാന്തി......

നമുക്കവളെ ഭ്രാന്തി എന്ന് വിളിക്കാം ...
അവളോ
ഓര്‍മ്മകളുടെ ആഴങ്ങളില്‍ ഊളിയിട്ടു
കക്ക വാരി ....കണ്ണീരൊഴിച്ചു
മനസ്സിലിട്ടു നീറ്റി
അഴുക്കു പിടിച്ച ചുവരുകള്‍
വെള്ള പൂശി......

നമ്മള്‍ വഴിപോക്കര്‍
അത് ചുണ്ണാബ്ആക്കി
മുറുക്കി ചുവപ്പിച്ച്
ചുവരില്‍ നീട്ടിത്തുപ്പി
ആര്‍ത്തു വിളിച്ചു...ഭ്രാന്തി

ആരവങ്ങള്‍ക്കൊടുവില്‍
ഇരുളിന്‍റെ മറവില്‍
ഭ്രാന്തിനു വിലപേശി
കച്ചവട മുറപ്പിച്ചവര്‍
ചുവരുകളില്‍ കോറി വരച്ചു.

ഒരുപിടി കക്കക്കായി
അവളിപ്പോള്‍
ഉദരത്തില്‍ പുതു ജീവനുമായി
തെരുവിലലയുന്നു
നമുക്കവളെ ഭ്രാന്തി എന്ന് വിളിക്കാം ..

ഗോപി വെട്ടിക്കാട്ട്...