2010, ഏപ്രിൽ 18, ഞായറാഴ്‌ച

സ്വര്‍ഗ്ഗ പാത.. കഥ

നിശ്ശബ്ധത തളം കെട്ടിനിന്ന ആ‍ മുറിയില്‍ കനത്ത ഇരുട്ടായിരുന്നു...
ഒരു മേശക്കു ചുറ്റു മാണെങ്കിലും മൂന്നു പേര്‍ക്കും തമ്മില്‍ തമ്മില്‍ കാണാന്‍ പറ്റാത്തത്ര ഇരുട്ട് ..
ഇരിക്കുന്നത് ഒരേ ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും ഓരോരുത്തരും ചിന്തിച്ചത് ഒരേ പോലെയല്ലായിരുന്നു ..
ആദ്യമായിട്ടാണ് അവര്‍ പരസ്പരം കാണുന്നത് തന്നെ..മൂന്നു സ്ഥലങ്ങളില്‍ നിന്നു വന്നവര്‍..
അടയാള വാക്യങ്ങള്‍ അവരെ ഒന്നാക്കിയിരിക്കുന്നു..

മൂന്നാമന്‍ കൂട്ടത്തില്‍ തീരെ പ്രായം കുറഞ്ഞവന്‍ ...
അവനിപ്പോള്‍ ചിന്തിച്ചത് ഉമ്മയെ യെ ക്കുറിച്ചാണ് ..വീട്ടില്‍ അമ്മയും പെങ്ങളും തനിച്ചേയുള്ളൂ ...
അമ്മയിപ്പോള്‍ ഉറങ്ങിയിട്ടുണ്ടാവുമോ ...താന്‍ വരാന്‍ അല്‍പ്പം വൈകിയാല്‍ പേടിച്ചു വിറച്ചിരിക്കുന്നതാണ്
ഉപ്പ ഇന്നും രാത്രി വിളിച്ചിരിക്കും ...തന്നെ ചോദിച്ചിരിക്കും ..എന്തെങ്കിലും നുണ പറഞ്ഞിട്ടുണ്ടാവും ...
പരീക്ഷ അടുത്താല്‍ പിന്നെ അച്ഛന്‍ പതിവുള്ളതാണ് .
നന്നായി പഠിക്കണം ..
സി എ ക്കാണ്‌ പഠിക്കുന്നത് എന്ന ഓര്മ വേണം..
നിസ്കാരം മുടക്കരുത് ...
ഇന്നും ഉമ്മ യോടതൊക്കെ പറഞ്ഞിട്ടുണ്ടാവും..
പാവം ഉപ്പ.. തന്നിലാണ് എല്ലാപ്രതീക്ഷയും
കാലമെത്രേ ആയി വല്ല നാട്ടിലും ജോലി ചെയ്യുന്നു..വര്‍ഷത്തിലോ രണ്ടു വര്ഷം കൂടുമ്പോഴോ
ഒന്നോ രണ്ടോ മാസം ..ഉപ്പയുടെ സ്നേഹം അറിഞ്ഞിട്ടുള്ളത് വാക്കുകളില്‍ കൂടി മാത്രം..
ചെവിക്കകത്ത്‌ പതിഞ്ഞ സ്വരത്തില്‍ ഉപ്പയിരുന്നു പറയുന്നു ....
മോന് നല്ലൊരു ജോലി കിട്ടീട്ടു വേണം ഉപ്പയ്ക്ക് നാട്ടില്‍ നില്‍ക്കാന്‍..
അയാള്‍ മെല്ലെ തല ഉയര്‍ത്തി കൂടെയുള്ളവരെ നോക്കി ...
കൊത്തി വെച്ച ശില പോലെ ..
നിഴല്‍ രൂപങ്ങള്‍..


രണ്ടാമന്‍ .. നിറ വയറുമായ് കാത്തിരിക്കുന്ന ഭാര്യയോടും പിറക്കാനിരിക്കുന്ന
കുഞ്ഞിനോടൊപ്പം ആശുപത്രി കിടക്കയിലാണ്..
പ്രസവത്തിനു രണ്ടു ദിവസം കൂടി എടുക്കും ....നാളെ ഒരു സ്കാന്‍ കൂടി ചെയ്യണം..
ചിലപ്പോള്‍ സിസേറിയന്‍ തന്നെ വേണ്ടി വരും..
നല്ല ക്ഷീണം ഉണ്ടാവ്ള്‍ക്ക് ..
അധികം വൈകാതെ ചെല്ലാമെന്നു പറഞ്ഞു പോന്നതാണ്..
അവളുടെ വീട്ടില്‍ നിന്നും ഇറക്കി ക്കൊണ്ട് പോരുമ്പോള്‍ കൈത്തലം മുറുകെ പ്പിടിച്ചു അവള്‍ പറഞ്ഞവാക്കുകള്‍ ...
എനിക്ക് നിങ്ങള് മാത്രമേയുള്ളൂ ..ഈ ലോകത്തില്‍..
പിന്നെ ഒരിക്കലും അവള്‍ക്കത് ആവര്‍ത്തിക്കേണ്ടി വന്നിട്ടില്ല
ഇന്നലെ ആശുപത്രി കിടക്കയില്‍ ആ‍ വാക്കുകള്‍ മനസ്സിനെ പൊള്ളിച്ചു ..


ഒന്നാമന്‍ നാളത്തെ പുലരി ചുവക്കുന്നത് സ്വപ്നം കാണുകയായിരുന്നു ....
ബലി ചോരയുടെ തീക്ഷണ ഗന്ധം അയാളെ മത്തു പിടിപ്പിച്ചു ...
ചിതറിത്തെറിക്കുന്ന കരിഞ്ഞ മാംസം ...
അയാള്‍ക്ക്‌ ചിരി വന്നു...
ശത്രു ഓരോന്നായി കണ്മുന്നില്‍ തെളിഞ്ഞ വന്നു ...
എല്ലാം
തെരുവ് പട്ടികളെപ്പോലെ തെരുവില്‍ ഒടുങ്ങട്ടെ..
നാളെ തനിക്കു തുറന്ന് കിട്ടുന്ന സ്വര്‍ഗ വാതില്‍ ...

ദൂരെ നിന്നും കനത്ത ഇരുട്ടിനെ കീറി മുറിച്ചു വരുന്ന വാഹനത്തിന്റെ വെളിച്ചം
മുറിക്കകത്ത് കടന്നു വന്നപ്പോള്‍ അയാള്‍ എഴുന്നേറ്റു..
അവര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി...
പോകാം.. സമയമായി..പറഞ്ഞതെല്ലാം ഓര്‍മയുണ്ടല്ലോ ...
മൂന്നാമന്‍ ഉമ്മ യെയും രണ്ടാമന്‍ ഭാര്യയേയും ഉപേക്ഷിച്ചു ....
സ്വര്‍ഗ്ഗ പാതയില്‍ ഒന്നമാനോടൊപ്പം യാത്രയായി...


ഗോപി വെട്ടിക്കാട്ട്