2009, മാർച്ച് 26, വ്യാഴാഴ്‌ച


തീ കൊണ്ട് കളിക്കരുത്
.................................

തീ കൊണ്ട് കളിക്കരുത്..
തീക്കൊള്ളി കൊണ്ട്..
തല ചൊറിയുകയുമരുത്..

പതിരില്ലാ പഴഞ്ചൊല്ല് മറന്ന്‌..
പിന്നെയും തല മാന്തി..പൊളിച്ചു..
പുണ്ണാക്കി...

തീ ക്കുടുക്കകള്‍ വാരി വിതറി..
ജീവിതങ്ങള്‍ ഹോമിച്ച്‌..
തെരുവുകള്‍ ഭസ്മമാക്കി..
ആര്‍ത്ത് വിളിച്ചവര്‍..

പുതിയ മുഖം മൂടിയണിഞ്ഞു..
ശാന്തി മന്ത്ര മോതി..
ഉള്ളില്‍ കനലുകള്‍ ഒളിപ്പിച്ചു ..
പിന്നെയും നമുക്കരികില്‍..

നാം..
ചാരം മൂടിയ കനല്‍ക്കട്ടകള്‍..
വര്‍ണ്ണപ്പട്ടുകളില്‍ പൊതിഞ്ഞ്‌..
തലയിലെടുത്തു വെച്ച് ..
തല പൊള്ളിക്കുന്നു..

തീയാളിപ്പടരുമ്പോള്‍..
നമുക്കിനിയും..
കടല്‍ മുഴുവന്‍ കോരിയോഴിക്കാം..

ഗോപി വെട്ടിക്കാട്ട്

2009, മാർച്ച് 22, ഞായറാഴ്‌ച

വിത്ത് കുത്തി ചോറ് തിന്നവര്‍..
...................................................
പണ്ട്..പണ്ട്..
കാരണവര്‍ മണ്ണറിഞ്ഞു..
വിത്തെറിഞ്ഞു ..
കൊയ്തു കൂട്ടി..
കളം നിറച്ചു..

പത്തായത്തില്‍..
എലി പെറ്റപ്പോള്‍..
വിത്ത് കുത്തി ചോറ് തിന്നവര്‍..
ഞാറ്റു വേലയില്‍..
വിത്ത് തേടിയിറങ്ങി..

വെള്ളയുടുപ്പ്..
അലക്കിയുടുത്തു..
വെളുക്കെ ചിരിച്ച്..
താണു വണങ്ങി..
കൈകള്‍ നീട്ടി ..
വിത്ത് തെണ്ടി..

അടിയാന്‍മാര്‍..
കുടിയാന്‍മാര്‍ ..
ഉള്ള വിത്ത് ദാനം കൊടുത്തു..

ദാനവും തിന്ന്‌..
വയറു വീര്‍ത്തവര്‍...
ഏമ്പക്കവുമിട്ട് ..പത്തായപ്പുറത്തുറങ്ങി..

ഇനി അടുത്ത ഞാറ്റു വേലയില്‍..
വിത്ത് തെണ്ടാം...

ഗോപി വെട്ടിക്കാട്ട്..

2009, മാർച്ച് 15, ഞായറാഴ്‌ച

ഭ്രാന്തി......

നമുക്കവളെ ഭ്രാന്തി എന്ന് വിളിക്കാം ...
അവളോ
ഓര്‍മ്മകളുടെ ആഴങ്ങളില്‍ ഊളിയിട്ടു
കക്ക വാരി ....കണ്ണീരൊഴിച്ചു
മനസ്സിലിട്ടു നീറ്റി
അഴുക്കു പിടിച്ച ചുവരുകള്‍
വെള്ള പൂശി......

നമ്മള്‍ വഴിപോക്കര്‍
അത് ചുണ്ണാബ്ആക്കി
മുറുക്കി ചുവപ്പിച്ച്
ചുവരില്‍ നീട്ടിത്തുപ്പി
ആര്‍ത്തു വിളിച്ചു...ഭ്രാന്തി

ആരവങ്ങള്‍ക്കൊടുവില്‍
ഇരുളിന്‍റെ മറവില്‍
ഭ്രാന്തിനു വിലപേശി
കച്ചവട മുറപ്പിച്ചവര്‍
ചുവരുകളില്‍ കോറി വരച്ചു.

ഒരുപിടി കക്കക്കായി
അവളിപ്പോള്‍
ഉദരത്തില്‍ പുതു ജീവനുമായി
തെരുവിലലയുന്നു
നമുക്കവളെ ഭ്രാന്തി എന്ന് വിളിക്കാം ..

ഗോപി വെട്ടിക്കാട്ട്...

2009, മാർച്ച് 14, ശനിയാഴ്‌ച

നിങ്ങള്‍ ഒളിച്ചിരിക്കയാണോ....
.....................................................
പലസ്തീനില്‍ കണ്ണുനീര്‍...

മഴയായ്..പൊഴിയുകയാണ്...
തോരാതെ...

പ്രളയ ജലമായ് ഭൂമിയെ വിഴുങ്ങാന്‍.....
നിങ്ങള്‍ ഒച്ചുകളെപ്പോലെ...
ഒളിച്ചിരിക്കയാണോ....

നിങ്ങളുടെ തീന്‍ മേശയില്‍ നിറയുന്ന മാംസം..
അവരുടെ കരള്‍ പറിച്ചതല്ലേ...
വഴിഞ്ഞൊഴുകുന്ന വീഞ്ഞിനു ...
അവരുടെ രക്തത്തിന്‍റെ മണമില്ലേ....

നിങ്ങളുടെ വെടിയുണ്ടകള്‍ ...
മാറ് പിളര്‍ക്കുമ്പോള്‍..
ടാങ്കുകള്‍ ചവുട്ടി മെതിക്കുംപോള്‍.
.ഒരു കരിങ്കല്ലിന്‍ കഷ്ണം...ചീറിവരുന്നത് ..
നിങ്ങളുടെ ..ഉറക്കം കെടുത്തുകയാണോ..

ഒരു ജനത തുടച്ചു നീക്കപ്പെടുമ്പോള്‍..
അവരുടെ സംസ്കാരത്തില്‍ ....
കടന്നു കയറുമ്പോള്‍..
ജനല്‍ ചില്ലുകളില്‍ കറുത്ത ചായം പൂശി ...
നിങ്ങള്‍ ഒളിച്ചിരിക്കയാണോ....

ഗോപി വെട്ടിക്കാട്ട്...

ആരാണവര്‍??

എന്‍റെ വാതിലില്‍ ആരോ മുട്ടുകയാണ് .....
പതുക്കെ..ചിലപ്പോള്‍ താളത്തോടെ ....
തുറക്കാന്‍ വൈകുംതോറും ഉച്ചത്തില്‍ ....
ആരാണവര്‍??

അതവരായിരുന്നു ,
അമ്പല കമ്മറ്റിക്കാര്‍ ,പള്ളി കമ്മറ്റിക്കാര്‍...
അവര്‍ക്കെല്ലാം പലതരം വേഷം ,നിറം ...
എന്നാല്‍ എല്ലാവര്‍ക്കും ഒരേ മുഖം ..
ഒരേ ആവശ്യം .
വെളുക്കെ ചിരിച്ച് ,മനപ്പാഠം പോലെ പുലമ്പുന്നു ..
"സംഭാവന"
അവകാശം പോലെ നീട്ടിപ്പിടിച്ച് "രസീത്" ...

പിന്നെയും വാതിലില്‍ ആരോ മുട്ടുകയാണ് ..
ഇക്കുറി രാഷ്ട്രീയക്കാരായിരുന്നു .
പലതരം കൊടികള്‍..നിറങ്ങള്‍ ..വേഷങ്ങള്‍
അത്ഭുതം തന്നെ ..എല്ലാവര്‍ക്കും ഒരേ മുഖം...
ഒരു വ്യത്യാസം മാത്രം ...
അവരാരും ചിരിക്കുന്നില്ല..
ഗൌരവത്തോടെയുള്ള മുഖം ..
ഈ ലോകം തിരിക്കുന്നത് അവരാണെന്ന ഭാവം .
പല നിറത്തിലുള്ള രസീതുകള്‍ ...

ഇനിയും ആരാണെന്‍റെ വാതിലില്‍ മുട്ടുന്നത് ..
വളരെ പതുക്കെ..നേര്‍ത്ത ശബ്ദത്തോടെ ...
നീരസത്തോടെയാണ് വാതില്‍ തുറന്നത് ..
മുഖമേയില്ലാത്ത കുറെ പ്പേര്‍ ...
കണ്ടാല്‍ അറയ്ക്കുന്ന,
നിറമില്ലാത്ത ,കീറിപ്പറിഞ്ഞ വേഷം .ദീനമായ നോട്ടം ..
കൈയ്യില്‍ നീട്ടിപ്പിടിച്ച പാത്രങ്ങള്‍ ..
ഓഹോ ..ഭിക്ഷക്കാരായിരുന്നോ ...
വെറുതെയല്ല നായ നിര്‍ത്താതെ കുരയ്ക്കുന്നത്..
കടന്നു പോകിന്‍ "ഇവിടെ ഒന്നുമില്ല"
വാതില്‍ കൊട്ടിയടച്ചു.

ഇനി ഇന്നത്തെ ഒഴിവു ദിവസം ആഘോഷിക്കട്ടെ ......

ഗോപി വെട്ടിക്കാട്ട്...

2009, മാർച്ച് 7, ശനിയാഴ്‌ച

പാപങ്ങള്‍ ..കണ്ണീരില്‍ കഴുകണം..
...........................................................

പുനര്‍ജ്ജനി നൂഴ്ന്ന്..
പാപങ്ങള്‍ തീര്‍ക്കാനിറങ്ങിയ..
നീയൊരു വിഡ്ഢി തന്നെ..
മുട്ടിലിഴയാമെന്നല്ലാതെ..
കാമ ദാഹം അടക്കാനാവുമോ ..

പാപക്കനി തിന്നു കൊഴുത്ത നിനക്കത്‌..
ഒട്ടകം സൂചിക്കുഴയില്‍ കടക്കുന്ന പോലെ..

രൂപക്കൂട്ടില്‍ ..നീ കൊളുത്തും മെഴുക് തിരികള്‍..
കത്തിത്തീരുകയല്ലാതെ.
.ക്രോധങ്ങളെ ഉരുക്കുന്നില്ല..
ഹൃദയം മെഴുക് തിരിയായ് ഉരുക്കണം..

നിന്‍റെ നമസ്കാരങ്ങള്‍..
വൃഥാ വ്യായാമങ്ങള്‍ മാത്രമായ്‌..
നെറ്റിയില്‍ കറുത്ത പാടുകള്‍ ..
തീര്‍ക്കുമെന്നല്ലാതെ..
മോഹത്തെ അടക്കുന്നില്ല..

നീ എറിഞ്ഞുടച്ച ജീവിതങ്ങള്‍..
മനസ്സുകള്‍..
ചവറ്റു കുട്ടയിലെക്കേന്നപോലെ.
.നിക്ഷേപിച്ച ബീജങ്ങള്‍..
പറിച്ച് എറിഞ്ഞ ഭ്രൂണങ്ങള്‍..
അണിഞ്ഞ പൊയ് മുഖങ്ങള്‍..
പറഞ്ഞ നുണകള്‍..
വാഗ്ദാനങ്ങള്‍..
നാഗ ഫണം വിടര്‍ത്തി ..
നിനക്ക് മുന്നില്‍..

പാപങ്ങള്‍ ..കണ്ണീരില്‍ കഴുകണം..