2009, നവംബർ 18, ബുധനാഴ്‌ച

കള്ളന്‍...(കഥ )


മോഷണത്തിന് ലകഷ്യങ്ങള്‍ തേടിയുള്ള യാത്രയില്‍ ഒരു വീട് എന്നും അയാള്‍ക്കൊരു വിസ്മയമായിരുന്നു..വലിയൊരു തെങ്ങിന്‍ തോപ്പിന്റെഒത്ത നടുക്ക് പുരാതനമായ വലിയൊരു നാലുകെട്ട്..അതില്‍ മുകളിലെ നിലയിലെ ഒരു മുറിയില്‍ മാത്രം വെളിച്ചം കത്തി നിന്നു.
ഒരു കൌതുകത്തിന് അയാള്‍ പലപ്പോഴും ആ വീട്ടില്‍ കയറിയിട്ടുണ്ട്...മറ്റു മുറികളെല്ലാം അടഞ്ഞു കിടന്നിരുന്നു,.ആ മുറിയുടെ വാതില്‍ക്കല്‍ വരെ പോയി തിരിച്ചു പോരുകയായിരുന്നു... അന്ന് മോഷണത്തിന് പറ്റിയ സാഹചര്യം ഒത്തു കിട്ടാതെ നിരാശനായി മടങ്ങുമ്പോള്‍ അയാള്‍ ആ വീടിനേയോര്‍ത്തു..ഇന്ന് അവിടെ കയറുക തന്നെ...

അവള്‍ പതിവ് പോലെ കുളിച്ചു അണിഞ്ഞൊരുങ്ങി..സുഗന്ധ ദ്രവ്യങ്ങള്‍ പൂശി കിടക്കവിരി മാറ്റി വിരിച്ചു .കാത്തിരിപ്പ്‌ തുടര്‍ന്നു.ഒരിക്കല്‍ ഈ വാതില്‍ തുറന്നു അരെങ്കിലും എത്താതിരിക്കില്ല എന്നവള്‍ ഉറച്ചു വിശ്വസിച്ചു..ആ വിശ്വാസത്തിലാണ് ഓരോ ദിവസവും തള്ളി നീക്കിയത്.. കനത്ത നിശ്ശഭ്തതയില്‍ അവളുടെ നെഞ്ചിടിപ്പ് മാത്രം ....


അവന്‍ ആ വാതില്‍ മെല്ലെ തള്ളി നോക്കി..അത് പൂട്ടിയിരുന്നില്ല..
"കടന്നു വരൂ" അകത്തുനിന്നൊരു സ്ത്രീ ശബ്ദം..അവന്‍ ഒന്ന് ഞെട്ടി.. ശരീരം വിറച്ചു.. അവന്‍ അകത്തേക്ക് കടന്നു.. വിശാലമായ ആ കിടപ്പ് മുറിയില്‍ വാതിലിനു അഭിമുഖമായി ഇട്ടിരിക്കുന്ന കസേരയില്‍ മദ്ധ്യ വയസ്കയായ ഒരു സ്ത്രീ ഇരിക്കുന്നു...കുലീനത്വം നിറഞ്ഞ മുഖം തിളങ്ങുന്ന കണ്ണുകള്‍..അവന്‍ ഒരു നിമിഷം സ്തബ്ധനായി നിന്ന് പോയി ..

" ഞാന്‍ നിങ്ങളെ പ്രതീക്ഷിച്ചു ഇരിക്കയായിരുന്നു.." "എന്നെയോ" അവന്‍ അറിയാതെ ചോദിച്ചു പോയി.. അതെ നിങ്ങളെ അല്ലെങ്കില്‍ മറ്റൊരാളെ .. "പലപ്പോഴും നിങ്ങള്‍ ഇവിടെ വന്നു തിരിച്ചു പോയിട്ടുണ്ടല്ലേ...എന്തെ തിരിച്ചു പോയത്?" അവന്‍ മറുപടിയൊന്നും പറഞ്ഞില്ല..."ഇരിക്കൂ" തൊട്ടടുത്തുള്ള കസേര ചൂണ്ടി അവള്‍ പറഞ്ഞു.. അവനു ഏതോ സ്വപ്ന ലോകത്ത് എത്തിയത് പോലെ തോന്നി...അവനതില്‍ ഇരുന്നു... "നിങ്ങള്‍ ഒരു കള്ളനല്ലേ ..മോഷ്ട്ടിക്കാന്‍ ഇവിടെ എന്തെങ്കിലും കാണുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ" അവന്‍ ഒന്നും മിണ്ടിയില്ല ..അവന്‍റെ മൌനത്തിനു മേല്‍ കടന്നു കയറി അവള്‍ പറഞ്ഞു.. "നിങ്ങള്‍ വല്ലാതെ വിയര്‍ക്കുന്നു" ഫ്രിഡ്ജില്‍ നിന്ന് തണുത്ത വെള്ളമെടുത്ത് അവനു മുന്നില്‍ വെച്ചു.."കുടിക്കൂ"

അവനത്‌ ഒറ്റയിറക്കിനു മുഴുവന്‍ കുടിച്ചു തീര്‍ത്തു...അവന്‍റെ തൊണ്ട വരണ്ടു പോയിരുന്നു..
"പറയൂ ..നിങ്ങളുടെ പേരെന്താണ്..അല്ലെങ്കില്‍ വേണ്ടാ പേരിലെന്തിരിക്കുന്നു." രാത്രിയില്‍ എല്ലാവര്ക്കും ഒരേ പേരാണ് അല്ലെ... സമയം കളയണ്ടാ.നേരം വെളുക്കാരാവുന്നു.. വേറെ ഒന്നും നടക്കാത്തത് കൊണ്ടല്ലേ..ഇവിടെക്കയറിയത്..ഒന്നുമില്ലാതെ മടങ്ങിപ്പോകണ്ടാ....

അവള്‍ അലമാരി തുറന്നു..ഒരു ബാഗ് എടുത്തു അയാള്‍ക്ക് മുന്നില്‍ തുറന്നു വെച്ചു."ഇത് മുഴുവന്‍ നിങ്ങളെടുത്തു കൊള്ളൂ.."
അവനു കണ്ണുകള്‍ മഞ്ഞളിക്കുന്ന പോലെയും തല കറങ്ങുന്ന പോലെയും തോന്നി..ആ ബാഗ് നിറയെ സ്വര്‍ണാഭരങ്ങളും.. അടുക്കി വെച്ച നോട്ടു കെട്ടുകളും..

അവന്‍റെ മനസ്സ് വായിച്ചിട്ടെന്ന പോലെ അവള്‍ പറഞ്ഞു..പരിഭ്രമിക്കണ്ടാ..ഇതെല്ലം നിങ്ങള്‍ക്കുള്ളത്‌ തന്നെയാണ്....എന്‍റെ ബന്ധുക്കള്‍ എന്ന
പകല്‍ കള്ളന്മാരില്‍ നിന്നും ഞാന്‍ കാത്തു സൂക്ഷിച്ച എന്‍റെ സ്വത്ത്‌..എന്‍റെ ജീവിതം..ഇനി എനിക്കിതിന്റെ ആവശ്യമില്ല..മടുത്തു..നിങ്ങള്‍ ഒരു കള്ളനല്ലേ..എടുത്തോളൂ ..നിങ്ങളാണ് ഇതിന്‍റെ യഥാര്‍ത്ഥ അവകാശി..

പകരം നിങ്ങള്‍ എനിക്കൊരു ഉപകാരം ചെയ്തു തരണം..എന്നിട്ട് ഇതെല്ലാം നിങ്ങള്‍ എടുത്തു കൊള്ളുക ... "എന്താണ് " " എന്നെ കൊല്ലണം.."എന്നെ കൊന്നിട്ട് എല്ലാം എടുത്തു പൊക്കോളൂ.. ആത്മഹത്യ ചെയ്യാന്‍ ധൈര്യമില്ല ... അത് കൊണ്ടാണ്.. എനിക്കിനി ജീവിക്കണ്ടാ..

അവന്‍ എന്ത് പറയണമെന്നറിയാതെ പകച്ചു നിന്നു..അവള്‍ യാചിക്കുകയായിരുന്നു..
ഒടുവില്‍ അവന്‍ പറഞ്ഞു.. "എനിക്കതിനാവില്ല..ഇതൊന്നും എനിക്ക് വേണ്ടാ..നിങ്ങള്‍ കരുതുന്ന പോലെ ഞാന്‍.. ഒരു കള്ളനല്ല..വെറുമൊരു മോഷ്ടാവ് മാത്രമാണ്.." അവന്‍ തിരിഞ്ഞു നടക്കുകയായിരുന്നില്ല.....
--

ഗോപി വെട്ടിക്കാട്ട്