2009, ഒക്‌ടോബർ 3, ശനിയാഴ്‌ച

മഹാബലി ...


എന്തിനായ്‌
പൂക്കളും പൂവിളിയും
പാതാളത്തോളം ഉണര്‍ത്തുന്നു
പോയ്‌പ്പോയ നാളിന്‍ ..
ഓര്‍മ്മകള്‍ പിന്നെയും ..

കുനിഞ്ഞ ശിരസ്സില്‍ .
പതിഞ്ഞ കാല്‍പ്പാടുകള്‍
ചാപ്പ കുത്തിയോരടയാലമായ്‌ ..
ഈ അസുരന്‍റെധിക്കാരത്തിന്‍
ശിക്ഷ്യായ്‌ ..പാതാളത്തോളം ..

അന്നെന്‍ പ്രജകള്‍ നിങ്ങള്‍ ..
ഉണര്‍ത്തു പാട്ടായ്‌ ഏറ്റുപാടി
സമത്വം ..സാഹോദര്യം ..
നടുങ്ങി കോട്ടകള്‍ കൊത്തളങ്ങള്‍ ..
വിറച്ചു സിംഹാസനം ..
തകര്‍ന്നു സാമ്രാജ്യങ്ങള്‍..

കൊച്ചു കുടിലില്‍ മുറ്റത്ത്
ചാണകം മെഴുകിയ കുഞ്ഞു തറയില്‍
കുഞ്ഞേ നീയോരുക്കിയോരീ പൂക്കളം .
ഒരു തെച്ചിപ്പൂക്കുലയില്‍ ..
വിടരുന്ന നിന്‍റെ സുസ്മിതം ..
ആവില്ലെനിക്ക് കാനാതിരിക്കാന്‍..

ചുറ്റിലും പെരുകുന്നു ..വാമനര്‍
യുഗങ്ങളായ്‌ കെട്ടുന്നു ഞാനീ ..
വിദൂഷക വേഷം ..
ഉയരട്ടെ പാദങ്ങള്‍..
അമരട്ടെ ശിരസ്സില്‍ .
അങ്ങ് മറുകര പാതാളത്തോളം ...

ഗോപി വെട്ടിക്കാട്ട്

ഞാന്‍ തേടിയത്...

നിന്‍റെകണ്ണില്‍ ശാന്തമായുറങ്ങും
സാഗരത്തിന്നാഴങ്ങളില്‍ ഊളിയിട്ടു
ഞാനിറങ്ങിയത്.. മനസ്സിന്‍റെ
കാണാച്ചുഴികളിലേക്കാണ് ..
ഞാന്‍ തേടിയത് ഉള്ളറകളില്‍
നീയെനിക്കായ്‌ ഒളിപ്പിച്ച ഒരു മുത്ത്‌..

ഇരുളും വെളിച്ചവും ഇഴചേര്‍ന്ന
ചെമ്മണ്‍ പാതകളില്‍ ഞാന്‍ തിരഞ്ഞത്
നീ കശക്കിയെറിഞ്ഞ
പ്രണയ പുഷ്പ്പങ്ങളാണ്
ഇനിയും മാഞ്ഞു പോകാത്ത
നിന്‍റെ കാലടിപ്പാടുകളാണ് ..

ചിതലരിച്ച പുസ്തകത്താളുകളില്‍
ഞാന്‍ തേടിയത്‌
നിന്‍റെ ചൊടിയില്‍ കുരുങ്ങിയ
ഒരു വാക്കിന്റെ അര്‍ത്ഥമാണ് ..
ഇനിയും വിരിയാത്ത
മയില്‍ പീലിത്തുണ്ടാണ് ...

ഒരിക്കലും ഉറക്കം വിട്ടുണരല്ലേ
എന്ന് കൊതിച്ചത് ..
ഇരുട്ടിനെ പ്രണയിക്കാനാണ്
പ്രണയ സാഫല്യത്തിനാണ്