2009, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

"ദേശാടനക്കിളി "


"സന്യാസി അമ്മാമന്‍ വരുന്നുണ്ട്.."
അകലെ കാവി നിറം കണ്ടപ്പോഴേ കുട്ടികള്‍ ആര്‍ത്തു വിളിച്ചു..
"വന്നോ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേയുള്ളൂ "മുത്തശ്ശിയാണ്.. അകത്തു പിറുപിറുക്കല്‍ തുടങ്ങിവെച്ചത്
"ആണ്ടിലൊരിക്കല്‍ മാവേലി വരുന്ന പോലെ വന്നോളും.."
ഇനി മാമന്‍ പോകുന്ന വരെ മുത്തശ്ശി എങ്ങനെയോരോന്നു പറഞ്ഞ്‌ കൊണ്ടേയിരിക്കും ..
'ദേശാടനക്കിളി എത്തിയല്ലോ"
"നാശം എന്തിനാണാവോ ഇപ്പോള്‍ ഇങ്ങോട്ടെഴുന്നുള്ളിയത്"
ഇത് അമ്മയായിരിക്കും അമ്മ മാമനിട്ട പേരാണ് ദേശാടനക്കിളി...
അമ്മക്ക് കൂട്ടായി ഇളയമ്മമാരും..അവര്‍ക്കെല്ലാം പഴയ കഥകള്‍ പറഞ്ഞു ചിരിക്കാനും കുഞ്ഞമ്മായിയെ കുത്തി നോവിക്കാനും
ഒരു രസമാണ്..
'ദേ വിഭവങ്ങളൊക്കെ ഉണ്ടാക്കിക്കോ ..സംബന്ധക്കാരന്‍ വരുന്നുണ്ട്.."
മുത്തശ്ശി ഉമ്മറത്തെ തിണ്ണയിലിരുന്നു അകത്തേക്ക് നീട്ടിവിളിച്ചു പറഞ്ഞു..
എല്ലാം കേട്ട് ഒന്നും കേട്ടില്ലെന്ന ഭാവത്തില്‍ കുഞ്ഞമ്മായി അടുക്കളയില്‍ തന്‍റെ ജോലി നോക്കി കൊണ്ടിരുന്നു...
ശിലയായ്‌ മാറിയ അവര്‍ക്ക് ഇപ്പോള്‍ ഇതൊന്നും കേട്ട് നോവാറില്ല...

അമ്മാമന്‍ പൂമുഖ ത്തെത്തി ഒന്ന് ശങ്കിച്ചു നിന്നു..കയറണോ വേണ്ടയോ എന്ന സംശയത്തില്‍..
കുട്ടികള്‍ ചുറ്റും കൂടി നില്‍ക്കുന്നുണ്ട്‌..അവര്‍ക്ക് അമ്മാമനെ വല്യ ഇഷ്ടാണ് ...വീര്‍ത്തിരിക്കുന്ന ഭാണ്ടത്തില്‍ എന്തെങ്കിലുമൊക്കെ
കാണും..അതിലാണവരുടെ നോട്ടം..
"അമ്മെ ഒരു കിണ്ടി വെള്ളം"
"ദേ മാമന്‍ വന്നിരിക്കുന്നു..."
കാലു കഴുകാതെ മാമന്‍ ഒരിക്കലും അകത്തു കേരാറില്ല..
"വരൂ"
കാലു കഴുകി പൂമുഖത്തെ തിണ്ണയില്‍ ഇരിക്കുമ്പോള്‍ മാമന്‍ ഒന്ന് ചിരിച്ചു..
തീരെ അവശനായിരിക്കുന്നു ..ജട പിടിച്ച തലമുടി മണ്ണ് പിടിച്ചു ചെമ്പിന്‍റെ നിരമായിരിക്കുന്നു..
"കുടിക്കാനെന്താ വേണ്ടത്"
ഒന്നും വേണ്ടാ എന്ന് ആംഗ്യം കട്ടി..
സംസാരിക്കാന്‍ ആവില്ലെങ്കിലും നമ്മള്‍ പറയുയ്ന്നതെല്ലാം മനസ്സിലാവും..
മുത്തശ്ശന് മാമന്‍റെ ഓരോ ആന്ഗ്യ ഭാഷ നന്നായറിയാമായിരുന്നു ...
ഭാണ്ഡം അഴിച്ചു ഓരോ പിടി കല്‍കണ്ടവും ഉണങ്ങിയ മുന്തിരിയും കുട്ടികള്‍ക്ക് വാരിക്കൊടുത്തു..
ഒരു പിടി മുത്തശ്ശിക്ക് കൊടുക്കാന്‍ ആംഗ്യം കാട്ടി..മുത്തശ്ശി ഇതൊന്നും ശ്രദ്ധിക്കാതെ തന്‍റെ മുറുക്കാന്‍
ചെല്ലവും തുറുന്നു മുറുക്കാനിരുന്നു..
"..ഇതാ മുത്തശ്ശി" മുത്തശ്ശി തലവെട്ടിച്ചു എഴുന്നേറ്റുപോയി..
ഉമ്മറത്തെ വാതിലിനു പിന്നില്‍ കാല്‍ പ്പെരുമാറ്റം കേട്ടപ്പോഴാണ് നോക്കിയത് .കാണാതെ തന്നെ മനസ്സിലായി..കുഞ്ഞമ്മായി ആയിരിക്കുമെന്ന്..വാതില്‍ പഴുതിലൂടെ അമ്മാമനെ നോക്കി നില്‍ക്കുന്നതു എത്രെയോ തവണ കണ്ടിരിക്കുന്നു..ഇനി അമ്മായി എപ്പോഴും അവിടെ തന്നെ ഉണ്ടായിരിക്കും..മാമനും അങ്ങോട്ട്‌ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു..
കടലാസും പേനയും വേണമെന്ന് ആംഗ്യം കാട്ടി..പതിവുള്ളതാണ്..പറയാനുള്ളത് മുഴുവന്‍ എഴുതും..
എഴ്തുംപോള്‍ അമ്മാമന്റെ കൈയ്യിലെ തള്ള വിരലില്‍ ഉള്ള ചെറിയ ആറാമത്തെ വിരല്‍ ആടും..
"അച്ഛനെവിടെ.."
"പുറത്തു പോയതാണ്..വരാന്‍ വൈകും.."
'എന്നാല്‍ ഞാന്‍ പോട്ടെ" ഒന്ന് രണ്ടു സ്ഥലത്ത് കൂടി പോണം.."
അമ്മാമ രണ്ടു ദിവസം കഴിഞ്ഞിട്ട് പോയാല്‍ മതി..അച്ഛന്‍ രാത്രി വരും..
"അത് ശരിയാവില്ല..പോകണം..അച്ഛനോട് പറഞ്ഞാല്‍ മതി..
ഭാണ്ടത്തില്‍ നിന്നു ഒരു ചെറിയ പൊതി എടുത്തു .നീട്ടി..അകത്തേക്ക് കൊടുക്കാന്‍
അമ്മായിയുടെ കയ്യില്‍ കൊടുക്കുമ്പോള്‍ തുറന്നു നോക്കി..സ്വര്‍ണ്ണ മോതിരം..കുട്ടിക്കാലത്ത് അമ്മാമന്റെ വിരലില്‍ കണ്ട ഓര്മ..
അമ്മായി അത് വാങ്ങി..അവിടെത്തന്നെ നിന്നു..

ഒരു ശംഖു എടുത്തു തന്നിട്ട് ഊതാന്‍ പറഞ്ഞു.ശബ്ദം ഒട്ടും വരാഞ്ഞപ്പോള്‍ അമ്മാമന്‍ തന്നെ വാങ്ങി ഊതി..എന്തൊരു മുഴക്കം..
"ഇത് രാമേശ്വരത്തു നിന്നു കിട്ടിയതാണ് നീയെടുത്തോ ..അമ്മാമന്‍ എഴുന്നേറ്റു ..നടന്നുപോകുമ്പൊള്‍
കൈ വീശി കാട്ടി..ഇനിയെപ്പോഴെങ്കിലും വരാം...
വാതില്‍ക്കല്‍ കുഞ്ഞമ്മായി നിന്ന് വിതുമ്പി..പെയ്യാന്‍ കൊതിക്കുന്ന മേഘം പോലെ,,,
"ദേശാടനക്കിളി പോയോ" അമ്മയാണ്..ഇതെന്തു പറ്റി..പതിവില്ലല്ലോ..
"നിന്നു മോങ്ങുന്നത് കണ്ടില്ലേ..അശ്രീകരം..അവള്‍ടെ തള്ള ചത്തുന്നാ തോന്നണേ"
"ദൈവമേ ഇതും എന്‍റെ വയറ്റില്‍ ഉണ്ടായതാണല്ലോ"
മുത്തശ്ശിക്ക് കലി തീര്‍ന്നിട്ടില്ല..

ഓര്‍മവെച്ച നാള്‍ മുതല്‍ കേള്‍ക്കുന്നതാണ്..എല്ലാവരും കുഞ്ഞമ്മയിയെ കുറ്റപ്പെടുത്തുന്നത്...
കാര്യങ്ങള്‍ ഒരു വിധം മനസ്സിലാക്കാറയപ്പോള്‍ മുതല്‍ കുഞ്ഞമ്മായി മനസ്സിലൊരു നീറ്റലായി മാറി..
പാവം..എന്തിങ്ങനെ കരഞ്ഞതീര്‍ക്കാന്‍ ഒരു ജന്മം..
തറവാട്ടിലെ ഒരേ ഒരു മോള്‍.അഞ്ചു ആങ്ങള മാര്‍ക്ക് അനിയത്തി..മുത്തശ്ശന് പ്രിയപ്പെട്ടവള്‍ ..
തറവാടിന്റെഐശ്വര്യം..
പത്താം ക്ലാസ്സ്‌ ജയിച്ചപ്പോള്‍ മുത്തശ്ശന്‍ പറഞ്ഞു..മതി ഇനി പഠിയ്ക്കാന്‍ പോണ്ടാ..
വീട്ടിലിരുന്നു എന്തെങ്കിലും പഠിച്ചോട്ടെ ..കുഞ്ഞമ്മായി കുറെ ശാട്യം പിടിച്ചു നോക്കി..കരഞ്ഞു നോക്കി..
മോള്‍ക്ക്‌ നിര്‍ബന്ധ മാനെന്കില്‍ വീട്ടിലിരുന്നു വല്ല നൃത്തമോ പാട്ടോ ഒക്കെ പഠിച്ചോളൂ....
മുത്തശ്ശി യും കുറെ പറഞ്ഞു നോക്കി..മുത്തശ്ശന്‍ വഴങ്ങിയില്ല...
കെട്ടിച്ചു വിടണ്ട പെണ്ണാ ..ഇപ്പോള്‍ തന്നെ ആളുകള്‍ അന്വേഷിച്ചു വരുന്നുണ്ട്..ഇനി വലിയ പഠിപ്പൊക്കെ പഠിച്ചു വല്ല പേര് ദോഷം
ഉണ്ടാകണം അല്ലെ .. പിന്നെ ആരും ഒന്നും മിണ്ടിയില്ല..
കുഞ്ഞമ്മായി നന്നായി പാടുമായിരുന്നു.
പാട്ട് പഠിപ്പിക്കാന്‍ അച്ഛനാണ് മാഷേ കൊണ്ട് വന്നത്..അച്ഛന്റെ ഒരു പരിചയക്കാരന്‍..
ശ്രുതിയും നാദവും പോലെ മാഷും കുഞ്ഞമ്മായിയും..സംഗീതത്തിന്റെ ലോകത്തായിരുന്നു..
അമ്മയും ചെറിയമ്മമാരും പരസ്പ്പരം കുശു കുശുക്കാന്‍ തുടങ്ങി..
"ആ മാഷേ എത്രെയും പെട്ടെന്ന് പറഞ്ഞയക്കുന്നതാ നല്ലത് "
അമ്മ അച്ഛനോട് പറഞ്ഞു.."ആല്ലെങ്കില്‍ പുന്നാര അനിയത്തി വല്ല എനക്കെടും കാണിക്കും.."
"പിന്നെ ഞങടെ മേക്കെട്ടു കേറിയിട്ട് കാര്യമില്ല..കുറെ നാളായി ചിലതൊക്കെ കാണുന്നു.."
വിഷയം മുത്തശ്ശന്റെ കാതില്‍ എത്തിയതോടെ സംഗീത പഠനം നിന്നു..
തോരാ കണ്ണീരായി മാറിയ കുഞ്ഞമ്മായിയെ ആരും ഗൌനിച്ചില്ല..മുത്തശ്ശി പോലും..

കല്യാണാ ലോചനകള്‍ മുറയ്ക്ക് വന്നു..ഒന്നിനും കുഞ്ഞമ്മായി സമ്മതിച്ചില്ല..
അമ്മ അച്ഛനോട് അടക്കം പറഞ്ഞു..'അവള്‍ക്കു ചതി പറ്റി എന്നാ തോന്നണേ.."
ഇന്നലെ അവലോരുപാട് ചര്ധിച്ചു..ഇനിയിപ്പോ എന്താ ചെയ്യാ..
എല്ലാവരോടുമായി മുത്തശ്ശന്‍ പറഞ്ഞു..
അടുത്തെ ആഴ്ച അവള്‍ടെ കല്യാണം ഞാന്‍ തീരുമാനിച്ചു..
ഇത് നടന്നില്ലെങ്കില്‍ എന്നെ വല്ല മരത്തിന്‍റെ കൊമ്പത്തും നോക്കിയാ മതി നിങ്ങള്..
വീട്ടില്‍ എല്ലാവരും മുഖത്തോടു മുഖം നോക്കാന്‍ തുടങ്ങി..
ഞാന്‍ അക്കരെ വരെ പോകാണ്..അവന്‍ സമ്മതിക്കാതിരിക്കില്ല..സംസാരിക്കാന്‍ വയ്യ എന്നല്ലേയുള്ളൂ.
വേറെ എന്താ അവനൊരു കുറവ്..പിന്നെ അന്യനോന്നുമാല്ലല്ലോ..പെങ്ങടെ മോനല്ലേ..അവളെ അവന്‍ പൊന്നുപോലെ നോക്കും
"ആ പൊട്ടന് കെട്ടിച്ചു കൊടുക്കാനോ..എന്‍റെ കുട്ടിയെ..അതിലും ഭേദം എന്നെയും എന്‍റെ മോളെയും അങ്ങ് കൊന്നേക്കൂ .."
മുത്തശ്ശി അലമുറയിട്ടു കരയാന്‍ തുടങ്ങി..
മുത്തശ്ശന്‍ കേട്ട ഭാവം നടിച്ചില്ല..
അറവു മാടിന്റെസമ്മതം അറവു കാരന് വേണ്ടല്ലോ..
വലിയ ആര്‍ഭാട മൊന്നുമില്ലാതെ കല്യാണം നടന്നു..

മാമന്‍ കുഞ്ഞമ്മായിയെ ജീവന് തുല്യം സ്നേഹിച്ചപ്പോഴും അമ്മായി കണ്ടതായിപ്പോലും നടിച്ചില്ല..തന്‍റെ തമ്പുരുവിനെ തലോടി സംഗീതത്തിന്റെ ഓര്‍മകളുമായി അടച്ചിട്ട മുറിയില്‍ നിന്നും പുറത്തു കടക്കാതെ..പൊരുത്തക്കേടിന്റെ മൌനവുമായി അമ്മാമയും..
കൈ വിരലുകളില്‍ കണക്കു കൂട്ടിയവരെല്ലാം മൂക്കത്ത്‌ വിരല്‍ വെച്ചു.അമ്മായി പ്രസവിച്ചത് മാസം തികയാതെ..ഒരു പെണ്‍കുട്ടിയെ..
അമ്മാമക്ക് മാത്രം കണക്കു കിട്ടിയില്ല .. ആറാം വിരല്‍ കൂട്ടി എണ്ണിയിട്ടും എണ്ണം പിഴച്ചു...
മോളെ കൊഞ്ഞിച്ചും ..കളിപ്പിച്ചും നടന്ന ദിവസങ്ങളില്‍ ഒന്നില്‍ അവള്‍ക്കു ദീനം പിടിച്ചു...
വസൂരിയാനെന്നാ തോന്നണേ.. ആരും അതിന്‍റെ അടുത്തേക്ക് പോണ്ടാ..പിഴച്ച ജന്മമല്ലേ...
അമ്മയും ഇളയമ്മമാരും വിലക്കി... അമ്മാമ മാത്രം അവളോടൊപ്പം ഉണ്ടും ഉറങ്ങിയും..
അമ്മാമയുടെ നെഞ്ഞില്‍ രാത്രയില്‍ ഉറങ്ങിക്കിടന്ന അവള്‍ ഉണര്‍ന്നില്ല..അമ്മാമ തന്നെ പറമ്പിന്റെ തെക്കേ മൂലയില്‍
കുഴി കുത്തി അവളെ മറവു ചെയ്യ്തു... ...
തോര്‍ത്തുമെടുത്തു കുളിക്കാന്‍ കുളക്കടവിലേക്ക്
നടന്നു...കുളിച്ചു കയറി..പിന്നെ തിരിഞ്ഞു നോക്കിയില്ല...നടക്കുകയാണ് ഇപ്പോഴും..അവസാനിക്കാത്ത നടത്തം..
വാതില്‍ പാളി മെല്ലെ തുറന്നു എല്ലാം നോക്കി കുഞ്ഞമ്മായി നിന്നു ..ശിലയെപ്പോലെ..

അമ്പലപ്പരമ്പിലെ ആല്ത്തറയില്‍ നിങ്ങടെ സന്യാസി മാമന്‍ മരിച്ചു കിടക്കുന്നു... കാലത്ത് തൊഴാന്‍ പോയവരാണ് പറഞ്ഞത്..
നേരെ അങ്ങോട്ടോടി...ആല്ത്തറയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു ..ഉറങ്ങുകയാനെന്നെ തോന്നൂ...ശാന്തമായ ഭാവം..
കൈയ്യില്‍ ജപമാല മുറുക്കിപ്പിടിച്ചിരിക്കുന്നു..തള്ള വിരലിലെ ആറാം വിരല്‍ നീണ്ടു നിവര്‍ന്നു ഒരു ചോദ്യ ചിന്ഹം പോലെ എഴുന്നേറ്റു നിന്നു....

ഗോപി വെട്ടിക്കാട്ട്....