2009, ഡിസംബർ 18, വെള്ളിയാഴ്‌ച

നുറുങ്ങു കഥകള്‍ ..നാലാം ഭാഗം

1.. മീര....
*************
"ആ‍ കാണുന്ന പാടത്തിന്‍റെ അക്കരെയാണ് മീര യുടെ വീട്..
നടക്കാവുന്ന ദൂരമേയുള്ളൂ..
നമുക്ക് നടക്കാം .."
മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പാട വരമ്പത്തെ ചോറപുല്ലുകള്‍ വകഞ്ഞ് മാറ്റി
അവളുടെ വീട്ടു വളപ്പിലേക്ക് കയറുമ്പോള്‍ മനസ്സില്‍ നിറഞ്ഞത്‌ അവളുടെ കവിതകളായിരുന്നു ..
ഈ പുല്‍ക്കൊടികള്‍ക്ക് പോലും അവളെ അറിയുമായിരിക്കും..

"അജി നമ്മള്‍ ചെല്ലുന്നത് അവര്‍ക്ക് ഇഷ്ട്ടപ്പെടാതെ വരുമോ."
ഹേയ് ഒരിക്കലുമില്ല..അവള്‍ ക്കതൊരു ആശ്വാസമാവും...താങ്കളെ അത്രക്കും അവള്‍ ആരാധിച്ചിരുന്നു..
താങ്കളെപ്പറ്റി അവളൊരുപാട് പറഞ്ഞിട്ടുണ്ട്..സംസാരിക്കാനും അനങ്ങാനും കഴിയില്ലെങ്കിലും അവള്‍ക്കെല്ലാം ഓര്‍മയുണ്ട്...

"അമ്മെ ദാ ആരൊക്കെയോ വരുന്നു" ഉമ്മറത്ത്‌ പഠിച്ചു കൊണ്ടിരുന്ന കുട്ടി വിളിച്ചു പറഞ്ഞു ..
അത് അവളുടെ ഇളയവളാണ് ..പത്താം ക്ലാസില്‍ പഠിക്കുന്നു..
അകത്തു നിന്നു വന്നത് മീരയുടെ അമ്മയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി ..
'ഇത് എന്‍റെ സുഹൃത്ത് സുനില്‍ ...മീരയെ ഒന്ന് കാണാന്‍ വന്നതാണ് ...
"വരൂ" അവര്‍ അകത്തേക്ക് ക്ഷണിച്ചു..

ഇരുളടഞ്ഞ കുടുസ്സു മുറിയില്‍ കട്ടിലില്‍ ചുരുണ്ടു കൂടി കിടക്കുന്നൊരു രൂപം ..
മീര ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കൂ ..
അവള്‍ മെല്ലെ കണ്ണ് മിഴിച്ചു..അയാളെത്തന്നെ കുറച്ചു നേരം സൂക്ഷിച്ച് നോക്കി ..
ആ‍ കണ്ണുകള്‍ നിറഞ്ഞൊഴുകി..അവളുടെ ചുണ്ടുകള്‍ എന്തൊക്കെയോ മന്ത്രിച്ചു ...
അയാള്‍ അവളുടെ തണുത്തു മരവിച്ച കൈകളിലെ അക്ഷരങ്ങള്‍ ഉറങ്ങിക്കിടക്കുന്ന വിരലുകള്‍ തലോടി..
അയാള്‍ക്ക്‌ പിടിച്ചു നില്‍ക്കാനായില്ല ..നമുക്ക് പോകാം ..അയാള്‍ പുറത്ത് കടന്നു ..

ലാപ്‌ ടോപ്പില്‍, ഓര്‍കുട്ടിലെ മീരയുടെ പ്രൊഫൈലില്‍ മീരാ ജാസ്മിന്‍റെ ചിരിക്കുന്ന ചിത്രം...
പ്രണയം നിറഞ്ഞൊഴുകുന്ന വരികള്‍...


2.. ഭര്‍ത്താവ്.....
************
"ഇന്നത്തെ ദിവസം എന്താണെന്നറിയോ"
"ഇന്ന് തിങ്കളാഴ്ച"
'അതെനിക്കും അറിയാം" അതല്ല ചോദിച്ചത് ..
ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത...
അതോ.. രണ്ടു ദിവസത്തെ നിന്‍റെ കത്തിയില്‍ നിന്ന് ചെറിയൊരു മോചനം ..
ഓഫീസ് സമയത്തെങ്കിലും ചെരിയോരാശ്വാസം ...

"അതേയ് ഈ പൊട്ടന്‍ കളി എന്നോട് വേണ്ടാ ..ഞാനിത് കുറെ കണ്ടതാ"
"ഇന്ന് എന്‍റെ പിറന്നാളാ..." അതെങ്ങനെ ..ഭാര്യയോടു തെല്ലെങ്കിലും സ്നേഹമുന്ടെങ്കിലല്ലേ ഇതൊക്കെ ഓര്‍ത്ത്‌ വെക്കൂ ..
"നിനക്കൊന്നു പറയാമായിരുന്നില്ലേ..."ഇതൊക്കെ ഓര്‍ത്തു വെക്കാന്‍ ഞാന്‍ കമ്പ്യൂട്ടര്‍ ഒന്നുമല്ലല്ലോ..

വേണ്ടാ ..അങ്ങനെ പറഞ്ഞിട്ട് നിങ്ങള്‍ ഒന്നും ചെയ്യണ്ടാ.. ഇന്നലെ അമ്പലത്തില്‍ നിങ്ങടെ ഓഫീസിലെ ക്ലാര്‍ക്ക്‌ രമണിയെ കണ്ടു ..
അവള്‍ടെ പിറന്നാളിന് തൊഴാന്‍ വന്നതാ..അയ്യായിരം രൂപയുടെ പട്ടു സാരിയാ അവള്‍ക്കു പിറന്നാളിന് അവളുടെ ഭര്‍ത്താവ് കൊടുത്തത്...
പറയുമ്പോള്‍ അയാള്‍ക്ക്‌ എന്താ ജോലി..ചിട്ടി പിരിക്കാന്‍ നടക്കുന്നു.. അങ്ങനെയാണ് സ്നേഹമുള്ളവര്...

അയാളുടെ ഉള്ളൊന്നു കത്തി...
ഇന്നലെ ഞാനിട്ട ഷര്‍ട്ട്‌ എവിടെ ...
"അത് കഴുകാനായി ബക്കറ്റില്‍ ഇട്ടിട്ടുണ്ട് ..എന്തിനാ "
അയാള്‍ ബക്കറ്റില്‍ നിന്ന് ഷര്‍ട്ട്‌ എടുത്തു പോക്കറ്റില്‍ തപ്പി..
ഭാഗ്യം ..തുണിക്കടയിലെ ബില്ല് അവള്‍ കണ്ടിട്ടില്ല ...


3 .... നിസ്സഹായന്‍...
**************
നായ നിര്‍ത്താതെ കുരയ്ക്കുന്നുണ്ട്...സാധാരണ പതിവുള്ളതല്ല..ഇനി വല്ല കള്ളന്മാരും ..
മഴ തോര്‍ന്ന ലക്ഷണമില്ല ..കറന്ട് ആണെങ്കില്‍ പോയിരിക്കുന്നു ...
അയാള്‍ ടോര്‍ച്ചു എടുത്ത്‌ പുറത്തു കടന്നു ...പറമ്പില്‍ വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരനക്കം ...ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കണ്ടു ആരോപതുങ്ങി യിരിക്കുന്നു .അടുത്ത് ചെന്നപ്പോള്‍ ...അതൊരു സ്ത്രീ യായിരുന്നു ..

സര്‍ രക്ഷിക്കണം ...എന്നെ അവര്‍ തട്ടിക്കൊണ്ട് വന്നതാണ് ..അവരെന്‍റെ പിന്നാലെത്തന്നെയുണ്ട് ..കിട്ടിയാല്‍ അവരെന്നെ കൊന്നുകളയും സര്‍...

രണ്ടു പേര്‍ പടി കടന്നു വന്നു ...
ഇങ്ങോട്ട് ഒരു സ്ത്രീ ഓടി വന്നോ..
ഇല്ല അയാള്‍ പറഞ്ഞു ..
സത്യം പറയണം ...ഞങ്ങള്‍ കണ്ടതാണ് അവള്‍ ഇങ്ങോട്ട് ഇറങുന്നത് ...
എവിടെ അവള്‍ ..
അവളെ കാണിച്ചു തരുന്നതാണ് നിങ്ങള്ക്ക് നല്ലത് ..

കത്തി മുന ചങ്ക് തുളക്കുമെന്നായപ്പോള്‍ അയാള്‍ വാഴക്കൂട്ടത്തിലേക്ക് ടോര്‍ച്ച്‌ തെളിയിച്ചു...
അവരവളെ വലിച്ചിഴച്ചു കൊണ്ട് പോകുമ്പൊള്‍ അയാള്‍ കണ്ണുകള്‍ മൂടി...
കാതില്‍ അപ്പോഴും അവളുടെ രോദനം മുഴങ്ങി...
എന്നെ രക്ഷിക്കൂ ..ഇവരെന്നെ കൊല്ലും....

കഥയും കവിതയും...


വരികളുടച്ച കഥയിലെ
മുറിഞ്ഞ അക്ഷരങ്ങള്‍
പഴുത്തു നാറി
ദുര്‍ഗന്ധം പരത്തി..
പരുക്കുപറ്റാത്തവ പല്ലിളിച്ചു.
കുത്തുകളും കോമകളും
അനാഥമായി..

വരിയുടഞ്ഞ നായകന്‍
കവിതയുടെ ചേലയഴിച്ചു
കൊഴുത്ത മേനിയില്‍ ..
രതി വൈകൃതങ്ങള്‍ നടത്തി..
കവിത ചൊല്ലി...

സ്രഷ്ടാവിന്‍റെ
പരീക്ഷണ ശാലയിലെ
ചില്ല് ഭരണികളില്‍
കവിതയും കഥയും
ഇണ ചേര്‍ന്ന്
പിറന്നു വീണതൊരു
ശികണ്ടി രൂപം...

പിതാമഹന്മാര്‍ക്ക്
ആയുധം വെച്ച്
പിന്‍വാങ്ങാന്‍
ശരശയ്യ തീര്‍ക്കാന്‍ ..
പിണിയാളായ് പടക്കളത്തിലേക്ക് ..


ഗോപി വെട്ടിക്കാട്ട്

2009, ഡിസംബർ 2, ബുധനാഴ്‌ച

ഇനിയേതു ജന്മത്തില്‍....


കാലം വരച്ചിട്ട വര്‍ണചിത്രങ്ങള്‍
മായുന്നു മറയുന്നു സന്ധ്യ പോലെ
അകലെയിരുളിന്‍ ഗേഹങ്ങളില്‍
തേങ്ങുന്ന പകലിന്‍റെ ബാക്കി പത്രം

അന്തി ചുവപ്പിന്‍റെ വിണ്‍ കുങ്കുമം
നെറ്റിയിലാരോ തുടച്ചു നീക്കെ
സിന്ധൂര രേഖയില്‍ തെളിയുന്നതേതു
മുജ്ജന്മ പാപത്തിന്‍ ശാപമത്രേ .

ഉടയുന്ന കൈവളകള്‍ തേങ്ങുന്നുവോ
കണ്ണില്‍ കണ്മഷി കലങ്ങുന്നുവോ ..
ശുഭ്ര വസ്ത്രത്തിലൊളിപ്പിച്ച യൌവ്വനം
മൌനത്തിന്‍ വാല്ത്മീകം പുല്‍കുന്നുവോ

അഗ്നി നാളങ്ങള്‍ കവര്‍ന്നെടുക്കും
പറയാതെ പോയ മോഹങ്ങളും
കണ്ടു മറന്ന സ്വപനങ്ങളും
ഇനിയേതു ജന്മത്തില്‍ കൂട്ടിനെത്തും....

പാതി വഴിയില്‍ തരിച്ചുനില്‍ക്കും..
ഇണയെ പിരിഞ്ഞു നീ പോയ്‌ മറഞ്ഞു
തുഴയറ്റ തോണി പോല്‍ ഓളങ്ങളില്‍
ഒരു ജന്മം കൂടിയുലഞ്ഞിടുന്നു ....



ഗോപി വെട്ടിക്കാട്ട്

നിറഭേദങ്ങള്‍.... (കഥ)

"നീയെന്താവരാന്‍ താമസിച്ചേ .".
രണ്ടു ദിവസം കഴിഞ്ഞു എത്താമെന്ന് പറഞ്ഞു പോയതാ.ദിവസം നാലായി...
തന്നെ കണ്ടതും അമ്മ പറഞ്ഞു ..
എന്നൊക്കൊണ്ട് ഒന്നിനും ആവില്ല..ആരെയും അവനോട്ടു അടുപ്പിക്കുന്നുമില്ല..
നീ പോയതില്‍ പിന്നെ ഒരു വക കഴിച്ചിട്ടില്ല ..ജലപാനം പോലുമില്ല..
പാവം അതിനെ ഇങ്ങനെ കഷ്ട്ടപ്പെടുത്താതെ വല്ല ആശുപത്രിയിലും ആക്കാന്‍ പറഞ്ഞാല്‍ സമ്മതിക്കില്ല..
"സാരമില്ല ..എന്നെ കാണാത്തത് കൊണ്ടാ ..."
ആശുപത്രിയില്‍ അവനെ ഉപേക്ഷിച്ചു പോരാന്‍ വയ്യ അമ്മെ..
എനിക്കവന്‍ അനിയനല്ല.. ഞാന്‍ തന്നെയാണ്.

വാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോഴേക്കും അവന്‍ ചാടി എണീറ്റു.. എന്തോ പറയാന്‍ വന്നതാണ് ..
തന്നെ മനസ്സിലായത്‌ കൊണ്ടാവും അവനൊന്നും മിണ്ടിയില്ല.. കാണാത്തതിന്റെ പിണക്കമാനെന്നു തോന്നുന്നു..
മലവും മൂത്രവും കലര്‍ന്നു വല്ലാത്ത നാറ്റം.. അകത്തേക്ക് കടക്കാന്‍ വയ്യ ..ഒരു വിധം അകത്തു കടന്നു.. ചുവരില്‍ ബന്ധിച്ച ചങ്ങല അഴിച്ചു..
"നീയെന്താ ഒന്നും കഴിക്കഞ്ഞേ ..മരുന്നും കഴിച്ചില്ല എന്ന് അമ്മ പറഞ്ഞു.. "
അവന്‍ ഒന്നും മിണ്ടാതെ പിന്നാലെ പോന്നു...
വാ..നമുക്കൊന്ന് കുളിച്ചു ഭക്ഷണം കഴിക്കാം ..നിനക്ക് വിശക്കുന്നില്ലേ .. അവന്‍ തലയാട്ടി..

"നീയിങ്ങനെ ആയാല്‍ ഞാന്‍ എന്താ ചെയ്യ.. എനിക്ക് ജോലിക്ക് പോകണ്ടേ .."
ആ മരുന്ന് ശരിക്ക് കഴിച്ചാല്‍ എല്ലാം മാറും എന്ന് ഡോക്ടര്‍ പറഞ്ഞതല്ലേ.. ഏട്ടന്‍ ഇല്ലെങ്കിലും അമ്മ തരുമല്ലോ നിനക്ക്..
തുടര്‍ച്ചയായി കഴിച്ചാല്‍ എല്ലാം മാറവുന്നതെയുള്ളൂ.....
എനിക്കിനി ഒന്നും വേണ്ട ഏട്ടാ ...
പറ്റു മെങ്കില്‍ എന്‍റെ കാലിലെ ഈചങ്ങല ഒന്നഴിച്ചു തരൂ.ഏട്ടന്‍ പോയതില്‍ പിന്നെ ഞാന്‍ ഉറങ്ങിയിട്ടില്ല ...
അതിന്‍റെ കിലുക്കം തല പെരുപ്പിക്കുന്നു..എന്‍റെ സ്വപ്നങ്ങളെ ആട്ടിയോടിക്കുന്നു.. .

ഇന്നലെ ഞാന്‍ നമ്മുടെ വാസുവേട്ടനെ കണ്ടു.. മൂലക്കലെ രക്ത സാക്ഷി മണ്ഡപത്തില്‍ കയറി യിരിക്കുന്നു ..
എന്നിട്ടെന്നോട് ചോദിക്കുന്നു നീയല്ലേടാ എന്നെ കൊന്നത് എന്ന് ..ചേട്ടനരിയാലോ..ഞാന്‍ ആരെയും കൊന്നിട്ടില്ലെന്നു..
വാസുവേട്ടനെ ഞാന്‍ സമരത്തിനു വിളിച്ചു കൊണ്ട് പോയി എന്നത് നേരാണ് ..ഞങ്ങള്‍ ധര്‍ണയില്‍ പുറകിലായിരുന്നു...വെടിവെപ്പ് ഉണ്ടായപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണാവോ മുന്നിലെത്തിയത്..വാസുവേട്ടന്‍ ചോദിക്കുവാ ..ഇപ്പൊ എന്തായടാ നിങ്ങടെ സ്വാശ്രയ സമരം എന്ന്‌..ഞാന്‍ എന്താ പറയാ..ഒന്നും മിണ്ടിയില്ല ..അപ്പൊ ചോദിക്കാന് ..നീയൊക്കെ പഠിച്ചത് ലക്ഷങ്ങള് കോഴ കൊടുത്തു പള്ളിക്കാരുടെ എന്ജ്ജിനീരിംഗ് കോളേജില്‍ അല്ലെടാന്നു..
അപ്പൊ ഞാന്‍ പറഞ്ഞു .എന്‍റെ ഏട്ടന്‍ കാശ് കൊടുത്തിട്ടാന്ന്..
വാസുവേട്ടന്‍ എന്‍റെ കഴുത്തിനു കുത്തിപ്പിടിച്ചിട്ടു ചോദിക്കുവാ ...എന്നാ എനിക്കെന്‍റെ ജീവന്‍ തിരിച്ചു താടാന്ന്..അല്ലെങ്കില്‍ ഞാനും വാസുവേട്ടന്റെ കൂടെ ചെല്ലണമത്രേ ..എനിക്ക് വാസുവേട്ടന്റെ കൂടെ പോകണം ഏട്ടാ ..ഈചങ്ങല ഒന്നഴിച്ചു തരൂ

ഏട്ടനറിയോ ഇന്നലെ രാജി വന്നിരുന്നു ..
അവളും പറയുന്നത് ..ഞാനാനവളെ കൊന്നതെന്നു ..അത് കൊണ്ട് ഞാനും അവളോടൊപ്പം ചെല്ലണമെന്ന്...

അന്ന് അസ്തമയത്തിനും ചുവപ്പായിരുന്നു..കടലും ചുവന്നിരുന്നു..
അവളുടെ കവിളും ചുവന്നു തുടുത്തിരുന്നു.. ..കടലില്‍ ആണ്ടു പോകുന്ന സൂര്യനെ നോക്കി അവളന്ന് ഏറെ സങ്കടപ്പെട്ടു ..
അവള്‍ക്കിഷ്ട്ടം ജ്വലിച്ചു നിക്കുന്ന സൂര്യനെയാണത്രെ .. പിന്നെ എപ്പോഴോ എല്ലാം കറുപ്പായി..
ഇരുട്ടില്‍ അവളെ ഞാന്‍ എവിടെയൊക്കെ തിരഞ്ഞ്ഞെന്നോ ..

ആ‍ നാല് ചെരുപ്പക്കാരില്ലേ ഞങ്ങളെ പിന്തുടര്‍ന്നവര്‍ ...അവരാണതു ചെയ്തത്...
അന്ന് ഞാനവളെ കടപ്പുറത്ത് കൊണ്ട് പോയത് അവളും കൂടി പറഞ്ഞിട്ടല്ലേ..അസ്തമയം കാണണമെന്ന് അവളാണ് വാശി പിടിച്ചത്..
ആ‍ ചെറുപ്പക്കാരെ കണ്ടപ്പോള്‍ തന്നെ തിരിച്ചു പോകാമെന്ന് ഞാന്‍ പറഞ്ഞതാണ്..അപ്പോള്‍ അവളെന്നെ ഒരു പാട് കളിയാക്കി...ഞാന്‍ പേടി തൊണ്ടനാണത്രേ.. ,
ആവരുടെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് ഞങ്ങള്‍ ആരും കാണാതെ ആ‍ പാറയുടെ മറവില്‍ ഇരുന്നത് തന്നെ.....

നിറങ്ങള്‍ എങ്ങനെയാണ് ഏട്ടാ കറുപ്പാവുന്നത്..അന്ന് ചേട്ടനും കണ്ടതല്ലേ..
അവളുടെ തുടയില്‍ കൂടി ഒഴുകിയിരുന്ന ചോരക്ക് എന്ത് ചുവപ്പായിരുന്നു...ഇപ്പോള്‍ അതെല്ലാം കറുത്തു കട്ട പിടിച്ചിരിക്കുന്നു..

ചങ്ങലകള്‍ അവള്‍ക്കു പേടിയാണത്രെ ..
ഇന്നവള്‍ വരും ..അതിനു മുന്‍പ്‌ ഒന്നഴിച്ച് തരൂ..
അവളെന്നെ വിളിച്ചതാണ് ..അങ്ങ് ചങ്ങലകള്‍ ഇല്ലാത്ത ലോക മുണ്ടത്രേ..എന്നെയും കൊണ്ട് പോകാമെന്ന്..ഏട്ടാ എനിക്ക് പോകണം ..
അസ്തമയമില്ലാതെ ജ്വലിക്കുന്ന സൂര്യനില്‍ അവളോടൊപ്പം എരിഞ്ഞടങ്ങാന്‍ ഈ ചങ്ങലകള്‍ ഒന്നഴിച്ചു തരൂ ..



ഗോപി വെട്ടിക്കാട്ട്