2009, ഒക്‌ടോബർ 24, ശനിയാഴ്‌ച

നാഗ മാണിക്യം...(കഥ)

നാഗ മാണിക്യം...(കഥ)

...........................
അയാള്‍ അവ ഓരോന്നായി ഇളക്കിയെടുത്തു ... ചെറുതും വലുതുമായ പ്രതിഷ്ഠകള്‍ ..
ഇരുതല നാഗം..ചാത്തന്‍ .....രക്ഷസ്സ് ...
എല്ലാം പറുക്കി ചാക്കില്‍ കെട്ടി...കാവിന്‍റെ തറ പൊളിക്കാന്‍ തുടങ്ങി...
സാമാന്യത്തിലധികം വലിപ്പമുള്ള വെട്ടുകല്ലുകള്‍..പണ്ട് പണ്ട് കാരണവന്‍മാര്‍ കെട്ടിയുണ്ടാക്കിയതാണ്.മുത്തശ്ശന്റെ കാലം വരെ പൂജയും തിരികത്തിക്കലും ഒക്കെ ഉണ്ടായിരുന്നു..പിന്നീടെപ്പോഴോ എല്ലാം നിലച്ചു..കാടും പടലും മൂടി വെളിച്ചം കാണാതെ പരദേവതകള്‍ അനാഥരായി..
തറവാട് ഭാഗം വെച്ചപ്പോള്‍ അയാള്‍ക്ക്‌ കിട്ടിയത് പാമ്പിന്‍ കാവടക്കമുള്ള ഭാഗമാണ്..
"ഏട്ടന് ജോലിസ്ഥലത്ത് വീടൊക്കെയില്ലേ എന്തായാലും ഇവിടെ വീട് വെക്കാന്‍ പോകുന്നില്ലല്ലോ
പിന്നെ എട്ടനാവുംപോള്‍ അതവിടെ കിടന്നോളും..ഇത് വിറ്റിട്ടൊന്നും വേണ്ടല്ലോ.."
എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌ മറുത്തൊന്നും പറയാനായില്ല

"വിളിച്ചാല്‍ വിളിപ്പുറത്തുള്ള പരദേവതകളാണ് .. എന്‍റെ കുട്ടിക്ക് അത് കൊണ്ട് നല്ലതേ വരൂ .."
പണ്ട് തറവാട്ടില്‍ ഒരു കാരണവര്‍ക്ക്‌ നാഗ മാണിക്യം കിട്ടിയിട്ടുണ്ട് ..രണ്ടു തലയുള്ള ഒരു നാഗം ഉമ്മറപ്പടിയില്‍ വെച്ചിട്ട് പോകയായിരുന്നത്രേ ..നീയാ കാവ് നേരെ ചൊവ്വേ നോക്കി പൂജയൊക്കെ നടത്തിയാല്‍ നിനക്ക് നന്നാവും..."
അമ്മയും അവരോടൊപ്പം കൂടി..

എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്നതു ഒന്നിനും തികയാതെ ബാങ്ക് ലോണ്‍ പലിശയും
കൂട്ട് പലിശയുമായി പെരുകിയപ്പോഴാണ് പറമ്പ് വില്‍ക്കാന്‍ തീരുമാനിച്ചത്..
വന്നു നോക്കുന്നവരെല്ലാം ദുശ്ശകുനം പോലെ കിടക്കുന്ന കാവും പരിസരവും കണ്ടു വില പോലും പറയാതെ പോയപ്പോള്‍ ബ്രോക്കര്‍ ആണ് പറഞ്ഞത് .
".സാറ് ആ കാവോന്നു വെട്ടിതെളിയിച്ചു ആ കല്ലുകളൊക്കെ ഒന്നെടുത്തു മാറ്റ്.."
"ഈ കാലത്ത് ആരെങ്കിലും ഇതിലൊക്കെ വിശ്വസിക്കോ..ഇതിങ്ങനെ കിടന്നാല്‍ അടുത്ത കാലത്തൊന്നും കച്ചവടം ആകുമെന്ന് കരുതണ്ടാ.."

നേരം ഇരുട്ടി തുടങ്ങിയപ്പോള്‍ അയാള്‍ ചാക്ക് കേട്ടെടുത്തു അടുത്തുള്ള പൊട്ട ക്കിണറ്റിലെക്കെറിഞ്ഞു .
റോഡിലേക്ക്‌ ഇറങ്ങിയപ്പോള്‍ ഒരു കുറത്തി തത്തക്കൂടും തൂക്കിപ്പിടിച്ച് അയാളെ കാത്തു നില്‍ക്കുകയാണ്‌ .
"എന്തിനാ തമ്പ്രാ പാപങ്ങളൊക്കെ തലയില്‍ എടുത്ത്‌ വെക്കണേ ..നാഗ ദൈവങ്ങള്‍ സത്യമുള്ളതാ.."
അയാളൊന്നും മിണ്ടിയില്ല ..
"വന്ന്‌ വന്ന്‌ മനുഷ്യര് ദൈവങ്ങളെയും വിടാതായി.."
അവള്‍ ആരോടെന്നില്ലാതെ പറഞ്ഞ് തിരിഞ്ഞു നടന്നു..
വീട്ടില്‍ എത്തിയപ്പോള്‍ നേരം വല്ലാതെ ഇരുട്ടിയിരുന്നു..
"ഇതെവിടെയായിരുന്നു ഇത്രെയും നേരം..എവിടെക്കെങ്കിലും പോകുമ്പൊള്‍ ഒന്ന് പറഞ്ഞിട്ട് പോക്കൂടെ"
ഞാന്‍ തറവാട് വരെ ഒന്ന് പോയി ബ്രോക്കറെ കാണാന്‍..തിരിച്ചു ബസ്സ് കിട്ടാന്‍ വൈകി..
മറ്റൊന്നും അയാള്‍ പറഞ്ഞില്ല..
"ഇന്നൊരു കാര്യം ഉണ്ടായി..
ഉം ..അയാള്‍ വെറുതെ ഒന്ന് മൂളി..
ഇത് അവള്‍ക്കു എന്നും ഉള്ളതാണ് ..പുറത്ത് പോയി വരുമ്പോള്‍ എന്തെങ്കിലും ഒക്കെ ഉണ്ടാവും പറയാന്‍..
"ദേ " നമ്മുടെ മുറ്റത്ത്‌ വലിയൊരു പാമ്പ്‌ ..നല്ല ഇനമാണ്...ഞാന്‍ ആളുകളെയെല്ലാം വിളിച്ചു വന്നപ്പോഴേക്കും അത് പോയി..നമ്മുടെ തുളസി തുളസിത്തറയില്ലേ അവിടെ ചുരുണ്ടു കിടക്കുന്നു...അതിനെ മുന്‍പും അവിടെ കണ്ടിട്ടുണ്ട് ..
തറവാട്ട് കാവില്‍ ഒരു പൂജ കഴിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല..ഒന്നുമില്ലെങ്കിലും തിരുമേനിയോട് പറഞ്ഞു ഒരു നൂറും പാലും കഴിക്കാനെങ്കിലും..അതെങ്ങിനെ ഒന്നിലും വിശ്വാസമില്ലല്ലോ..അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു...

ഉറരങ്ങാന്‍ കിടന്നിട്ടു അയാള്‍ക്ക്‌ ഉറക്കം വന്നതേയില്ല...മനസ്സ് മുഴുവന്‍ ഏതു നിമിഷവും വരാവുന്ന ജപ്തി നോട്ടീസും ..മകളുടെ അഡ്മിഷന്‍ ശരിയാവാന്‍ വേണ്ടിവരുന്ന ചിലവും മാത്രമായിരുന്നു...ആ പറമ്പോന്നു വിറ്റിരുന്നെങ്കില്‍..
എപ്പോഴോ കണ്ണോന്നടഞ്ഞു പോയി..
"തമ്പ്രാ എണീക്ക് തമ്പ്രാ "
ആരോ അയാളെ കുലുക്കി വിളിക്കുന്നത്‌ പോലെ തോന്നി..തത്തക്കൂടും പിടിച്ചു നില്‍ക്കുന്നു കാലത്ത് കണ്ട
കുറത്തി..കൂട്ടില്‍ അവളുടെ തത്ത കിടന്നു ചിലക്കുന്നു...തമ്പ്രാ ആ പൊട്ടക്കിണറ്റില്‍ ആരോ നിലവിളിക്കുന്നു..വാ തമ്പ്രാ ..അവള്‍ കൈ പിടിച്ചു വലിക്കയാണ് ..തമ്പ്രാനല്ലേ അവരെ കിണട്ടിലിട്ടത് ..
അയാള്‍ ഓടി കിണറ്റിന്‍ കരയിലെത്തി.
കിണറ്റിലിറങ്ങി പൊന്തിക്കിടക്കുന്ന ചാക്ക് കെട്ട് അഴിച്ചു നോക്കി ..
നാഗങ്ങളും ..ചാത്തനും ..രക്ഷസ്സും .ചത്തു മലച്ച് ..വീര്‍ത്തു കിടക്കുന്നു...അയാള്‍ ഒരുവിധം കയറിപ്പോന്നു ..
മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നൊരു സര്‍പ്പം.. അതിന്‍റെ വായില്‍ നക്ഷത്രം പോലെ തിളങ്ങുന്ന മാണിക്ക്യക്കല്ല് ..അതയാളുടെ കാലില്‍ കൂടി ഇഴഞ്ഞു കയറി..കഴുത്തില്‍ ചുറ്റി മുറുക്കി..അയാള്‍ക്ക്‌ ശ്വാസം മുട്ടിപ്പോയി ..കണ്ണ് പുറത്തേക്ക് തള്ളി..വായ തുറന്നു...സര്‍പ്പം മാണിക്ക്യക്കല്ല് അയാളുടെ വായിലേക്ക് തുപ്പി..

പാമ്പ് ..അയാളുറക്കെ അലറി വിളിച്ചു..
ഞെട്ടിയുണര്‍ന്ന ഭാര്യ നോക്കുമ്പോള്‍ അയാളിരുന്നു വിയര്‍ക്കുന്നു
"എന്ത് പറ്റി" അവളയാളെ കുലുക്കി വിളിച്ചു ..
അയാള്‍ അവളെത്തന്നെ തുറിച്ചു നോക്കുകയാണ്
"പാമ്പ് , എന്‍റെ വായിലേക്ക് മാണിക്ക്യക്കല്ലിട്ടു..'
അയാള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു .. വായ തുറന്നു നാക്ക് അവള്‍ക്കു നേരെ നീട്ടി..

"ഞാന്‍ പറഞ്ഞാല്‍ ഒരു വിലയുമില്ലല്ലോ.."
"ഇപ്പോള്‍ ബോധ്യമായില്ലേ..മനുഷ്യനായാല്‍ കുറച്ചൊക്കെ ദൈവ വിശ്വാസം വേണം.."
അവള്‍ തിരിഞ്ഞു കിടന്നുറങ്ങി..

സ്വപ്നവും യാഥാര്‍ത്യവും തിരിച്ചറിയാതെ അയാളിരുന്നു വിയര്‍ത്തു...

ഗോപി വെട്ടിക്കാട്ട്.