2009 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

"ദേശാടനക്കിളി "


"സന്യാസി അമ്മാമന്‍ വരുന്നുണ്ട്.."
അകലെ കാവി നിറം കണ്ടപ്പോഴേ കുട്ടികള്‍ ആര്‍ത്തു വിളിച്ചു..
"വന്നോ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേയുള്ളൂ "മുത്തശ്ശിയാണ്.. അകത്തു പിറുപിറുക്കല്‍ തുടങ്ങിവെച്ചത്
"ആണ്ടിലൊരിക്കല്‍ മാവേലി വരുന്ന പോലെ വന്നോളും.."
ഇനി മാമന്‍ പോകുന്ന വരെ മുത്തശ്ശി എങ്ങനെയോരോന്നു പറഞ്ഞ്‌ കൊണ്ടേയിരിക്കും ..
'ദേശാടനക്കിളി എത്തിയല്ലോ"
"നാശം എന്തിനാണാവോ ഇപ്പോള്‍ ഇങ്ങോട്ടെഴുന്നുള്ളിയത്"
ഇത് അമ്മയായിരിക്കും അമ്മ മാമനിട്ട പേരാണ് ദേശാടനക്കിളി...
അമ്മക്ക് കൂട്ടായി ഇളയമ്മമാരും..അവര്‍ക്കെല്ലാം പഴയ കഥകള്‍ പറഞ്ഞു ചിരിക്കാനും കുഞ്ഞമ്മായിയെ കുത്തി നോവിക്കാനും
ഒരു രസമാണ്..
'ദേ വിഭവങ്ങളൊക്കെ ഉണ്ടാക്കിക്കോ ..സംബന്ധക്കാരന്‍ വരുന്നുണ്ട്.."
മുത്തശ്ശി ഉമ്മറത്തെ തിണ്ണയിലിരുന്നു അകത്തേക്ക് നീട്ടിവിളിച്ചു പറഞ്ഞു..
എല്ലാം കേട്ട് ഒന്നും കേട്ടില്ലെന്ന ഭാവത്തില്‍ കുഞ്ഞമ്മായി അടുക്കളയില്‍ തന്‍റെ ജോലി നോക്കി കൊണ്ടിരുന്നു...
ശിലയായ്‌ മാറിയ അവര്‍ക്ക് ഇപ്പോള്‍ ഇതൊന്നും കേട്ട് നോവാറില്ല...

അമ്മാമന്‍ പൂമുഖ ത്തെത്തി ഒന്ന് ശങ്കിച്ചു നിന്നു..കയറണോ വേണ്ടയോ എന്ന സംശയത്തില്‍..
കുട്ടികള്‍ ചുറ്റും കൂടി നില്‍ക്കുന്നുണ്ട്‌..അവര്‍ക്ക് അമ്മാമനെ വല്യ ഇഷ്ടാണ് ...വീര്‍ത്തിരിക്കുന്ന ഭാണ്ടത്തില്‍ എന്തെങ്കിലുമൊക്കെ
കാണും..അതിലാണവരുടെ നോട്ടം..
"അമ്മെ ഒരു കിണ്ടി വെള്ളം"
"ദേ മാമന്‍ വന്നിരിക്കുന്നു..."
കാലു കഴുകാതെ മാമന്‍ ഒരിക്കലും അകത്തു കേരാറില്ല..
"വരൂ"
കാലു കഴുകി പൂമുഖത്തെ തിണ്ണയില്‍ ഇരിക്കുമ്പോള്‍ മാമന്‍ ഒന്ന് ചിരിച്ചു..
തീരെ അവശനായിരിക്കുന്നു ..ജട പിടിച്ച തലമുടി മണ്ണ് പിടിച്ചു ചെമ്പിന്‍റെ നിരമായിരിക്കുന്നു..
"കുടിക്കാനെന്താ വേണ്ടത്"
ഒന്നും വേണ്ടാ എന്ന് ആംഗ്യം കട്ടി..
സംസാരിക്കാന്‍ ആവില്ലെങ്കിലും നമ്മള്‍ പറയുയ്ന്നതെല്ലാം മനസ്സിലാവും..
മുത്തശ്ശന് മാമന്‍റെ ഓരോ ആന്ഗ്യ ഭാഷ നന്നായറിയാമായിരുന്നു ...
ഭാണ്ഡം അഴിച്ചു ഓരോ പിടി കല്‍കണ്ടവും ഉണങ്ങിയ മുന്തിരിയും കുട്ടികള്‍ക്ക് വാരിക്കൊടുത്തു..
ഒരു പിടി മുത്തശ്ശിക്ക് കൊടുക്കാന്‍ ആംഗ്യം കാട്ടി..മുത്തശ്ശി ഇതൊന്നും ശ്രദ്ധിക്കാതെ തന്‍റെ മുറുക്കാന്‍
ചെല്ലവും തുറുന്നു മുറുക്കാനിരുന്നു..
"..ഇതാ മുത്തശ്ശി" മുത്തശ്ശി തലവെട്ടിച്ചു എഴുന്നേറ്റുപോയി..
ഉമ്മറത്തെ വാതിലിനു പിന്നില്‍ കാല്‍ പ്പെരുമാറ്റം കേട്ടപ്പോഴാണ് നോക്കിയത് .കാണാതെ തന്നെ മനസ്സിലായി..കുഞ്ഞമ്മായി ആയിരിക്കുമെന്ന്..വാതില്‍ പഴുതിലൂടെ അമ്മാമനെ നോക്കി നില്‍ക്കുന്നതു എത്രെയോ തവണ കണ്ടിരിക്കുന്നു..ഇനി അമ്മായി എപ്പോഴും അവിടെ തന്നെ ഉണ്ടായിരിക്കും..മാമനും അങ്ങോട്ട്‌ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു..
കടലാസും പേനയും വേണമെന്ന് ആംഗ്യം കാട്ടി..പതിവുള്ളതാണ്..പറയാനുള്ളത് മുഴുവന്‍ എഴുതും..
എഴ്തുംപോള്‍ അമ്മാമന്റെ കൈയ്യിലെ തള്ള വിരലില്‍ ഉള്ള ചെറിയ ആറാമത്തെ വിരല്‍ ആടും..
"അച്ഛനെവിടെ.."
"പുറത്തു പോയതാണ്..വരാന്‍ വൈകും.."
'എന്നാല്‍ ഞാന്‍ പോട്ടെ" ഒന്ന് രണ്ടു സ്ഥലത്ത് കൂടി പോണം.."
അമ്മാമ രണ്ടു ദിവസം കഴിഞ്ഞിട്ട് പോയാല്‍ മതി..അച്ഛന്‍ രാത്രി വരും..
"അത് ശരിയാവില്ല..പോകണം..അച്ഛനോട് പറഞ്ഞാല്‍ മതി..
ഭാണ്ടത്തില്‍ നിന്നു ഒരു ചെറിയ പൊതി എടുത്തു .നീട്ടി..അകത്തേക്ക് കൊടുക്കാന്‍
അമ്മായിയുടെ കയ്യില്‍ കൊടുക്കുമ്പോള്‍ തുറന്നു നോക്കി..സ്വര്‍ണ്ണ മോതിരം..കുട്ടിക്കാലത്ത് അമ്മാമന്റെ വിരലില്‍ കണ്ട ഓര്മ..
അമ്മായി അത് വാങ്ങി..അവിടെത്തന്നെ നിന്നു..

ഒരു ശംഖു എടുത്തു തന്നിട്ട് ഊതാന്‍ പറഞ്ഞു.ശബ്ദം ഒട്ടും വരാഞ്ഞപ്പോള്‍ അമ്മാമന്‍ തന്നെ വാങ്ങി ഊതി..എന്തൊരു മുഴക്കം..
"ഇത് രാമേശ്വരത്തു നിന്നു കിട്ടിയതാണ് നീയെടുത്തോ ..അമ്മാമന്‍ എഴുന്നേറ്റു ..നടന്നുപോകുമ്പൊള്‍
കൈ വീശി കാട്ടി..ഇനിയെപ്പോഴെങ്കിലും വരാം...
വാതില്‍ക്കല്‍ കുഞ്ഞമ്മായി നിന്ന് വിതുമ്പി..പെയ്യാന്‍ കൊതിക്കുന്ന മേഘം പോലെ,,,
"ദേശാടനക്കിളി പോയോ" അമ്മയാണ്..ഇതെന്തു പറ്റി..പതിവില്ലല്ലോ..
"നിന്നു മോങ്ങുന്നത് കണ്ടില്ലേ..അശ്രീകരം..അവള്‍ടെ തള്ള ചത്തുന്നാ തോന്നണേ"
"ദൈവമേ ഇതും എന്‍റെ വയറ്റില്‍ ഉണ്ടായതാണല്ലോ"
മുത്തശ്ശിക്ക് കലി തീര്‍ന്നിട്ടില്ല..

ഓര്‍മവെച്ച നാള്‍ മുതല്‍ കേള്‍ക്കുന്നതാണ്..എല്ലാവരും കുഞ്ഞമ്മയിയെ കുറ്റപ്പെടുത്തുന്നത്...
കാര്യങ്ങള്‍ ഒരു വിധം മനസ്സിലാക്കാറയപ്പോള്‍ മുതല്‍ കുഞ്ഞമ്മായി മനസ്സിലൊരു നീറ്റലായി മാറി..
പാവം..എന്തിങ്ങനെ കരഞ്ഞതീര്‍ക്കാന്‍ ഒരു ജന്മം..
തറവാട്ടിലെ ഒരേ ഒരു മോള്‍.അഞ്ചു ആങ്ങള മാര്‍ക്ക് അനിയത്തി..മുത്തശ്ശന് പ്രിയപ്പെട്ടവള്‍ ..
തറവാടിന്റെഐശ്വര്യം..
പത്താം ക്ലാസ്സ്‌ ജയിച്ചപ്പോള്‍ മുത്തശ്ശന്‍ പറഞ്ഞു..മതി ഇനി പഠിയ്ക്കാന്‍ പോണ്ടാ..
വീട്ടിലിരുന്നു എന്തെങ്കിലും പഠിച്ചോട്ടെ ..കുഞ്ഞമ്മായി കുറെ ശാട്യം പിടിച്ചു നോക്കി..കരഞ്ഞു നോക്കി..
മോള്‍ക്ക്‌ നിര്‍ബന്ധ മാനെന്കില്‍ വീട്ടിലിരുന്നു വല്ല നൃത്തമോ പാട്ടോ ഒക്കെ പഠിച്ചോളൂ....
മുത്തശ്ശി യും കുറെ പറഞ്ഞു നോക്കി..മുത്തശ്ശന്‍ വഴങ്ങിയില്ല...
കെട്ടിച്ചു വിടണ്ട പെണ്ണാ ..ഇപ്പോള്‍ തന്നെ ആളുകള്‍ അന്വേഷിച്ചു വരുന്നുണ്ട്..ഇനി വലിയ പഠിപ്പൊക്കെ പഠിച്ചു വല്ല പേര് ദോഷം
ഉണ്ടാകണം അല്ലെ .. പിന്നെ ആരും ഒന്നും മിണ്ടിയില്ല..
കുഞ്ഞമ്മായി നന്നായി പാടുമായിരുന്നു.
പാട്ട് പഠിപ്പിക്കാന്‍ അച്ഛനാണ് മാഷേ കൊണ്ട് വന്നത്..അച്ഛന്റെ ഒരു പരിചയക്കാരന്‍..
ശ്രുതിയും നാദവും പോലെ മാഷും കുഞ്ഞമ്മായിയും..സംഗീതത്തിന്റെ ലോകത്തായിരുന്നു..
അമ്മയും ചെറിയമ്മമാരും പരസ്പ്പരം കുശു കുശുക്കാന്‍ തുടങ്ങി..
"ആ മാഷേ എത്രെയും പെട്ടെന്ന് പറഞ്ഞയക്കുന്നതാ നല്ലത് "
അമ്മ അച്ഛനോട് പറഞ്ഞു.."ആല്ലെങ്കില്‍ പുന്നാര അനിയത്തി വല്ല എനക്കെടും കാണിക്കും.."
"പിന്നെ ഞങടെ മേക്കെട്ടു കേറിയിട്ട് കാര്യമില്ല..കുറെ നാളായി ചിലതൊക്കെ കാണുന്നു.."
വിഷയം മുത്തശ്ശന്റെ കാതില്‍ എത്തിയതോടെ സംഗീത പഠനം നിന്നു..
തോരാ കണ്ണീരായി മാറിയ കുഞ്ഞമ്മായിയെ ആരും ഗൌനിച്ചില്ല..മുത്തശ്ശി പോലും..

കല്യാണാ ലോചനകള്‍ മുറയ്ക്ക് വന്നു..ഒന്നിനും കുഞ്ഞമ്മായി സമ്മതിച്ചില്ല..
അമ്മ അച്ഛനോട് അടക്കം പറഞ്ഞു..'അവള്‍ക്കു ചതി പറ്റി എന്നാ തോന്നണേ.."
ഇന്നലെ അവലോരുപാട് ചര്ധിച്ചു..ഇനിയിപ്പോ എന്താ ചെയ്യാ..
എല്ലാവരോടുമായി മുത്തശ്ശന്‍ പറഞ്ഞു..
അടുത്തെ ആഴ്ച അവള്‍ടെ കല്യാണം ഞാന്‍ തീരുമാനിച്ചു..
ഇത് നടന്നില്ലെങ്കില്‍ എന്നെ വല്ല മരത്തിന്‍റെ കൊമ്പത്തും നോക്കിയാ മതി നിങ്ങള്..
വീട്ടില്‍ എല്ലാവരും മുഖത്തോടു മുഖം നോക്കാന്‍ തുടങ്ങി..
ഞാന്‍ അക്കരെ വരെ പോകാണ്..അവന്‍ സമ്മതിക്കാതിരിക്കില്ല..സംസാരിക്കാന്‍ വയ്യ എന്നല്ലേയുള്ളൂ.
വേറെ എന്താ അവനൊരു കുറവ്..പിന്നെ അന്യനോന്നുമാല്ലല്ലോ..പെങ്ങടെ മോനല്ലേ..അവളെ അവന്‍ പൊന്നുപോലെ നോക്കും
"ആ പൊട്ടന് കെട്ടിച്ചു കൊടുക്കാനോ..എന്‍റെ കുട്ടിയെ..അതിലും ഭേദം എന്നെയും എന്‍റെ മോളെയും അങ്ങ് കൊന്നേക്കൂ .."
മുത്തശ്ശി അലമുറയിട്ടു കരയാന്‍ തുടങ്ങി..
മുത്തശ്ശന്‍ കേട്ട ഭാവം നടിച്ചില്ല..
അറവു മാടിന്റെസമ്മതം അറവു കാരന് വേണ്ടല്ലോ..
വലിയ ആര്‍ഭാട മൊന്നുമില്ലാതെ കല്യാണം നടന്നു..

മാമന്‍ കുഞ്ഞമ്മായിയെ ജീവന് തുല്യം സ്നേഹിച്ചപ്പോഴും അമ്മായി കണ്ടതായിപ്പോലും നടിച്ചില്ല..തന്‍റെ തമ്പുരുവിനെ തലോടി സംഗീതത്തിന്റെ ഓര്‍മകളുമായി അടച്ചിട്ട മുറിയില്‍ നിന്നും പുറത്തു കടക്കാതെ..പൊരുത്തക്കേടിന്റെ മൌനവുമായി അമ്മാമയും..
കൈ വിരലുകളില്‍ കണക്കു കൂട്ടിയവരെല്ലാം മൂക്കത്ത്‌ വിരല്‍ വെച്ചു.അമ്മായി പ്രസവിച്ചത് മാസം തികയാതെ..ഒരു പെണ്‍കുട്ടിയെ..
അമ്മാമക്ക് മാത്രം കണക്കു കിട്ടിയില്ല .. ആറാം വിരല്‍ കൂട്ടി എണ്ണിയിട്ടും എണ്ണം പിഴച്ചു...
മോളെ കൊഞ്ഞിച്ചും ..കളിപ്പിച്ചും നടന്ന ദിവസങ്ങളില്‍ ഒന്നില്‍ അവള്‍ക്കു ദീനം പിടിച്ചു...
വസൂരിയാനെന്നാ തോന്നണേ.. ആരും അതിന്‍റെ അടുത്തേക്ക് പോണ്ടാ..പിഴച്ച ജന്മമല്ലേ...
അമ്മയും ഇളയമ്മമാരും വിലക്കി... അമ്മാമ മാത്രം അവളോടൊപ്പം ഉണ്ടും ഉറങ്ങിയും..
അമ്മാമയുടെ നെഞ്ഞില്‍ രാത്രയില്‍ ഉറങ്ങിക്കിടന്ന അവള്‍ ഉണര്‍ന്നില്ല..അമ്മാമ തന്നെ പറമ്പിന്റെ തെക്കേ മൂലയില്‍
കുഴി കുത്തി അവളെ മറവു ചെയ്യ്തു... ...
തോര്‍ത്തുമെടുത്തു കുളിക്കാന്‍ കുളക്കടവിലേക്ക്
നടന്നു...കുളിച്ചു കയറി..പിന്നെ തിരിഞ്ഞു നോക്കിയില്ല...നടക്കുകയാണ് ഇപ്പോഴും..അവസാനിക്കാത്ത നടത്തം..
വാതില്‍ പാളി മെല്ലെ തുറന്നു എല്ലാം നോക്കി കുഞ്ഞമ്മായി നിന്നു ..ശിലയെപ്പോലെ..

അമ്പലപ്പരമ്പിലെ ആല്ത്തറയില്‍ നിങ്ങടെ സന്യാസി മാമന്‍ മരിച്ചു കിടക്കുന്നു... കാലത്ത് തൊഴാന്‍ പോയവരാണ് പറഞ്ഞത്..
നേരെ അങ്ങോട്ടോടി...ആല്ത്തറയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു ..ഉറങ്ങുകയാനെന്നെ തോന്നൂ...ശാന്തമായ ഭാവം..
കൈയ്യില്‍ ജപമാല മുറുക്കിപ്പിടിച്ചിരിക്കുന്നു..തള്ള വിരലിലെ ആറാം വിരല്‍ നീണ്ടു നിവര്‍ന്നു ഒരു ചോദ്യ ചിന്ഹം പോലെ എഴുന്നേറ്റു നിന്നു....

ഗോപി വെട്ടിക്കാട്ട്....

2009 ഒക്‌ടോബർ 7, ബുധനാഴ്‌ച

സ്ലം ഡോഗ്..


സ്ലം ഡോഗ് ..
കഴുത്തില്‍ കുരുക്കുമായ്‌
പുഴുത്തു പുഴുവരിച്ചൊരു നായ .
പട്ടിയെന്നും .. അല്ല പേപ്പട്ടിയെന്നും
പേപ്പട്ടിയാക്കിയാല്‍
തല്ലി കൊല്ലാമെന്നും ചിലര്‍ ..


തൊണ്ടയില്‍ കുരുങ്ങിയ
കുരയുടെ മുഴക്കം
മൂളലും ഞരങ്ങലുമായ്
കാലുകള്‍ക്കിടയില്‍ തല പൂഴ്ത്തി ..
കണ്ണുകള്‍ മൂടി...
പുത്തന്‍ സാമ്പത്തിക ക്രമത്തില്‍..
ശീമപ്പട്ടികള്‍ കുരയ്ച്ചു നില്‍ക്കുമ്പോള്‍ .
കാവലിനായ് ഇനിയെന്തിനു .
കൊഴിഞ്ഞ പല്ലും
ഫലിക്കാത്ത ശൗര്യവും ..


കുടിയിറക്കപ്പെട്ട ഒരു സ്ലം ഡോഗ്
രാജ പാതയിലെവിടെയോ
ഒളിഞ്ഞിരിക്കുന്നുണ്ടത്രേ
വേട്ടയാടാന്‍ കരാറൊപ്പിട്ട ഡോബര്‍മാന്‍
ഇനിയാ തലപ്പാവില്‍ പൊന്‍ തൂവല്‍ ചാര്‍ത്തട്ടെ ...


ഗോപി വെട്ടിക്കാട്ട്

2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

കുഞ്ഞു കഥകള്‍..

1..പ്രണയം....
അവസാനത്തെ വിയര്‍പ്പുതുള്ളിയും വറ്റിക്കഴിഞ്ഞപ്പോള്‍ അവളയാളോട് പറഞ്ഞു..ഇനിയും വൈകിയാല്‍ വീട്ടില്‍ തിരക്കും..ഇപ്പോള്‍ തന്നെ പല നുണകളും പറഞ്ഞു ഇറങ്ങിയതാണ്..നാളെ അമ്പലത്തില്‍ വരണം ..അറിയാലോ എട്ടരക്കാണ്‌ മുഹൂര്‍ത്തം ..അവസാനമായി എനിക്കൊന്നു കാണണം..അവള്‍ നിന്നു വിതുമ്പി...എന്നെന്നും നമ്മുടെ പ്രണയത്തെ ഓര്‍മിക്കാന്‍ എനിക്കൊരു സമ്മാനം തരണം ..."ഇത് എന്‍റെ ഹൃദയം " ഇത് നിനക്കുള്ളതാണ് ..പളുങ്ക് പോലെ സൂക്ഷിക്കണം ..ഒരിക്കലും പൊട്ടാതെ ..അവളയാളുടെ കണ്ണീര്‍ തുടച്ചു...ഈ മനസ്സ് ഞാനെന്‍റെ നെഞ്ഞോട് ചേര്‍ത്ത് വെക്കും...മരണം വരെ..."ഇനി ഞാന്‍ പൊക്കോട്ടെ"കണ്ണില്‍ നിന്നു മറയുന്നത് വരെ അവള്‍ തിരിഞ്ഞു നോക്കി..അയാള്‍ കാണില്ലെന്നുറപ്പായപ്പോള്‍ അവളാ ഹൃദയം എടുത്തോരേര് കൊടുത്തു .."ഒരു സമ്മാനം തന്നിരിക്കുന്നു.."അവന്‍റെ ഹൃദയം നൂറു കഷ്ണങ്ങളാ യ് തുടിച്ചു കൊണ്ടിരുന്നു ....

2..വഴികള്‍...
അടുക്കളയില്‍ പാത്രങ്ങള്‍ പതിവിലേറെ ബഹളമുണ്ടാക്കി കൊണ്ടിരുന്നു..സാധാരണ ഒരു തട്ടലിലും മുട്ടലിലും അവസാനിക്കേണ്ടതാണ്‌...ഇന്നെന്താണാവോ ..കേള്‍ക്കാന്‍ ആരുമില്ലെങ്കില്‍ പറയുന്നവന് മടുക്കും എന്ന മനശ്ശാസ്ത്രം മുറുകെ പ്പിടിച്ചു അയാള്‍ പത്രം വായിച്ച് ഉമ്മറത്ത്‌ തന്നെ ഇരുന്നു .." ഇതെന്താ ചെവിയുടെ ഓട്ട അടഞ്ഞു പോയോ "ഞാനീ പറയുന്നതൊന്നും നിങ്ങളോടല്ലേ"ഇന്നെങ്കിലും വാടകക്ക് ഒരു വീട് കണ്ടു പിടിച്ചിട്ടു വന്നാ മതി -- അല്ലെങ്കില്‍ ഞാന്‍ എന്‍റെ വീട്ടില്‍ പോകും..എനിക്ക് വയ്യ ഈ നരകത്തില്‍ ആട്ടും തുപ്പും കൊണ്ട് കിടക്കാന്‍ ....ഒന്നും കേട്ടില്ലെന്ന മട്ടില്‍ ഉമ്മറക്കോലായില്‍ ഇരുന്നു മുറുക്കുന്ന അമ്മയെ അയാളൊന്നു നോക്കി ... ചെറിയൊരു പരിഹാസം ആ‍ മുഖത്തുണ്ടായിരുന്നു ...അയാള്‍ പുറത്തിറങ്ങി ..മുന്നില്‍ നാല്‍ കവല .എങ്ങോട്ട് പോകും..എല്ലാ വഴികളും അയാള്‍ക്കൊരുപോലെയായിരുന്നു..ആദിയും അന്ത്യവുമില്ലാതെ ...കവലയിലെ കള്ള് ഷാപ്പില്‍ പതിവുപോലെ കുപ്പികള്‍ ഒഴിയുമ്പോള്‍ മനസ്സില്‍ ഒരേ ഒരു വഴി തെളിഞ്ഞു വന്നു..അയാള്‍ വീട്ടിലേക്കു തിരിഞ്ഞു നടന്നു..

3..സ്വാശ്രയം ....
നേരം രാത്രി ഒരു പാട് വൈകി..ചര്‍ച്ചകള്‍ കെട്ടു പിണഞ്ഞ നൂലുണ്ട പോലെയാണ്...ഒരിടത്ത് അഴിക്കുമ്പോള്‍ മറ്റൊരിടത്ത് മുറുകും..അതും വിഷയം സ്വാശ്രയ സഹകരണവിദ്യാഭ്യാസമാകുമ്പോള്‍..വാസു വേട്ടന്റെ രക്ത സാക്ഷി മണ്ടപത്തിനടുത്തെത്തിയപ്പോള്‍ ആരോ വിളിച്ച പോലെ തോന്നി ..നോക്കിയപ്പോള്‍ അതാ വാസുവേട്ടന്‍ മുന്നില്‍ ..വെടിയുണ്ട തുളഞ്ഞു കയറിയ മുറിപ്പാടില്‍ നിന്നു രക്തം ഇപ്പോഴും ഒഴുകുന്നുണ്ട്..."എന്തായി നിങ്ങടെ സ്വാശ്രയ ചര്‍ച്ച.."അത് പിന്നെ വാസുവേട്ടാ..അറിയാമെടാ..നീയൊന്നും പറയണ്ട..ഇങ്ങോട്ടൊന്നു നോക്കിയെ..വെടിയുണ്ട തുളച്ച നെഞ്ഞിലേക്ക് ചൂണ്ടി വാസുവേട്ടന്‍ പറഞ്ഞു..അന്നത്തെ ആ‍ ഓട്ട വലുതായി വലുതായി വരുന്നുണ്ട്...

ഗോപി വെട്ടിക്കാട്ട്

പൂര്‍വികര്‍...




പുഞ്ഞ വരമ്പത്തെ പുല്‍ക്കൊടിത്തുമ്പിനും
ആയിരം നാവുണ്ട് കഥ പറയാന്‍
ധീര സഖാക്കള്‍ തന്‍ വീറുറ്റ സമരത്തിന്‍ ,
മധുര സ്മരണ തന്‍ കഥ പറയാന്‍..
പൂര്‍വികര്‍ ,കാലത്തിന്‍ മുന്നേ നടന്നവര്‍
ചിന്ത തന്‍ കൈത്തിരി നാളം തെളിച്ചവര്‍
സിരകളില്‍ വിപ്ലവ വീര്യം പകന്നവര്‍
നാടിനായ്‌ രക്തസാക്ഷികളായവര്‍ ..
ജന്മിത്വ തായ്‌ വേരറത്ത് മുറിച്ചവര്‍
അടിയാന്റെ കണ്ണ്നീരൊപ്പാന്‍ കഴിഞ്ഞവര്‍
വര്‍ഗീയ കോമര ശിരസ്സറുത്തിട്ടവര്‍
മണ്ണിന്‍റെ മോചന മന്ത്രം ജപിച്ചവര്‍
അവരുടെ കാലടിപ്പാടുകളിപ്പോഴും
മായാതെ മണ്ണില്‍ പതിഞ്ഞു കിടക്കുന്നു
ആമണ്ണിലൊരു തരിമണ്ണായി മാറുവാന്‍
കാതങ്ങളെത്ര നടക്കണം ഞാനിനി ..
തലമുറ കൈമാറി കൈമാറിയെത്തിയ
പന്തങ്ങളിന്നു കരിന്തിരി കത്തുന്നു
പകരുവാനൊരു തുള്ളി എണ്ണയില്ലെന്‍ കൈയ്യില്‍
സിരകളില്‍ വിപ്ലവ വീര്യം തണുത്തു പോയ്‌ ..
ചിന്തയെ കാര്‍ന്നു തിന്നുന്ന ചിതലുകള്‍
വളരുന്ന ഉപഭോഗ സംസ്കാരമെന്നിലും
വെയിലേറ്റു വാടുവാന്‍ ആവില്ലെനിക്കിനി
ആ ശീതള ഛായയില്‍ ഒന്നിരിക്കട്ടെ ഞാന്‍...
പുഞ്ഞ വരമ്പത്തെ പുല്‍ക്കൊടിത്തുമ്പിനും
ആയിരം നാവുണ്ട് കഥ പറയാന്‍
നമ്മള്‍ കൊയ്യും വയലുകളൊക്കെയും
നമ്മുടെതെന്ന് പറഞ്ഞ കിളിയുടെ
ചങ്കറത്ത്,ചോര ഊറ്റിക്കുടിച്ചോരു
നന്ദി കേടിന്റെ കഥ പറയാന്‍..
ഗോപി വെട്ടിക്കാട്ട്

2009 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

ആദ്യാക്ഷരം ..


നാരായത്തുമ്പാല്‍
നാവില്‍ കുറിച്ചച്ഛന്‍
ആദ്യാക്ഷരം ..
ഹരിശ്രീ ഗണപതെയെ നമ:

നോവിക്കല്ലൊരു
കുഞ്ഞുറുംപിനെപ്പോലും
കരുണയുണ്ടാവണം നെഞ്ഞില്‍
എളിമയുണ്ടാകണം വാക്കില്‍
വാക്കില്‍..മാതാ പിതാ ഗുരു ദൈവം
ഒര്മയുണ്ടാകണം..
സഹജീവിതന്‍ ദുഖം
സ്വന്തമായ്‌ കരുതേണം..

പുലരിത്തുടുപ്പിന്റെ ശോണിമ പോല്‍
ആളിപ്പടരണം വിശ്വമാകെ...
രണാങ്ങണങ്ങളില്‍ കത്തി ജ്വലിക്കണം
അന്ധകാരത്തിന്‍ അന്ധകനായ്‌

അക്ഷരം കനലായ്‌
പുസ്തകത്താളില്‍ ജ്വലിക്കെ..
മനസ്സിന്നകക്കാംപില്‍
ഉണരുന്നൊരെ മന്ത്രം ..

പുതിയൊരു പുലരിക്കായ്‌
ധീരമായ്‌ പൊരുതണം
പൊട്ടിച്ചെറിയണം കൈചങ്ങല
മാറ്റണം ചട്ടങ്ങളെ ..


ഗോപി വെട്ടിക്കാട്ട്

2009 ഒക്‌ടോബർ 3, ശനിയാഴ്‌ച

മഹാബലി ...


എന്തിനായ്‌
പൂക്കളും പൂവിളിയും
പാതാളത്തോളം ഉണര്‍ത്തുന്നു
പോയ്‌പ്പോയ നാളിന്‍ ..
ഓര്‍മ്മകള്‍ പിന്നെയും ..

കുനിഞ്ഞ ശിരസ്സില്‍ .
പതിഞ്ഞ കാല്‍പ്പാടുകള്‍
ചാപ്പ കുത്തിയോരടയാലമായ്‌ ..
ഈ അസുരന്‍റെധിക്കാരത്തിന്‍
ശിക്ഷ്യായ്‌ ..പാതാളത്തോളം ..

അന്നെന്‍ പ്രജകള്‍ നിങ്ങള്‍ ..
ഉണര്‍ത്തു പാട്ടായ്‌ ഏറ്റുപാടി
സമത്വം ..സാഹോദര്യം ..
നടുങ്ങി കോട്ടകള്‍ കൊത്തളങ്ങള്‍ ..
വിറച്ചു സിംഹാസനം ..
തകര്‍ന്നു സാമ്രാജ്യങ്ങള്‍..

കൊച്ചു കുടിലില്‍ മുറ്റത്ത്
ചാണകം മെഴുകിയ കുഞ്ഞു തറയില്‍
കുഞ്ഞേ നീയോരുക്കിയോരീ പൂക്കളം .
ഒരു തെച്ചിപ്പൂക്കുലയില്‍ ..
വിടരുന്ന നിന്‍റെ സുസ്മിതം ..
ആവില്ലെനിക്ക് കാനാതിരിക്കാന്‍..

ചുറ്റിലും പെരുകുന്നു ..വാമനര്‍
യുഗങ്ങളായ്‌ കെട്ടുന്നു ഞാനീ ..
വിദൂഷക വേഷം ..
ഉയരട്ടെ പാദങ്ങള്‍..
അമരട്ടെ ശിരസ്സില്‍ .
അങ്ങ് മറുകര പാതാളത്തോളം ...

ഗോപി വെട്ടിക്കാട്ട്

ഞാന്‍ തേടിയത്...

നിന്‍റെകണ്ണില്‍ ശാന്തമായുറങ്ങും
സാഗരത്തിന്നാഴങ്ങളില്‍ ഊളിയിട്ടു
ഞാനിറങ്ങിയത്.. മനസ്സിന്‍റെ
കാണാച്ചുഴികളിലേക്കാണ് ..
ഞാന്‍ തേടിയത് ഉള്ളറകളില്‍
നീയെനിക്കായ്‌ ഒളിപ്പിച്ച ഒരു മുത്ത്‌..

ഇരുളും വെളിച്ചവും ഇഴചേര്‍ന്ന
ചെമ്മണ്‍ പാതകളില്‍ ഞാന്‍ തിരഞ്ഞത്
നീ കശക്കിയെറിഞ്ഞ
പ്രണയ പുഷ്പ്പങ്ങളാണ്
ഇനിയും മാഞ്ഞു പോകാത്ത
നിന്‍റെ കാലടിപ്പാടുകളാണ് ..

ചിതലരിച്ച പുസ്തകത്താളുകളില്‍
ഞാന്‍ തേടിയത്‌
നിന്‍റെ ചൊടിയില്‍ കുരുങ്ങിയ
ഒരു വാക്കിന്റെ അര്‍ത്ഥമാണ് ..
ഇനിയും വിരിയാത്ത
മയില്‍ പീലിത്തുണ്ടാണ് ...

ഒരിക്കലും ഉറക്കം വിട്ടുണരല്ലേ
എന്ന് കൊതിച്ചത് ..
ഇരുട്ടിനെ പ്രണയിക്കാനാണ്
പ്രണയ സാഫല്യത്തിനാണ്