2010, ഏപ്രിൽ 24, ശനിയാഴ്‌ച

പശുവും ...കിടാവും.


അലഞ്ഞു നടന്ന
കാലിക്കൂട്ടത്തിന്
മണ്ണ് ദാനം കൊടുത്ത
പ്രഭുക്കള്‍ ..
വെളുത്ത പശുക്കളെ
വിശുദ്ധരാക്കി ..
വിശുദ്ധര്‍ ദൈവങ്ങളായി .
ഉണ്ടുറങ്ങി..
പെറ്റു പെരുകി
വിഗ്രഹങ്ങളായി...

കടല്‍ കടെന്നെത്തിയ
വിശിഷ്ട ഭ്രൂണം
മുത്തച്ഛന്റെ ഊരത്തഴമ്പ്
തലവരയാക്കി ...
അഭിഷക്തനായി.
വായ്മൊഴികള്‍
വരമൊഴികളായി...
നാവടക്കൂ ..പണിയെടുക്കൂ

ചിലപ്പോഴെങ്കിലും
വയറൊട്ടി ...
ഏന്തിവലിഞ്ഞു ..
കാലികളിപ്പോഴും...
കരിഞ്ഞുണങ്ങിയ
മേച്ചില്‍ പുറങ്ങളില്‍ .
കച്ചിത്തുരുമ്പിനായ്
വാ തുറക്കാറുണ്ട്....


ഗോപിവെട്ടിക്കാട്

2010, ഏപ്രിൽ 18, ഞായറാഴ്‌ച

സ്വര്‍ഗ്ഗ പാത.. കഥ

നിശ്ശബ്ധത തളം കെട്ടിനിന്ന ആ‍ മുറിയില്‍ കനത്ത ഇരുട്ടായിരുന്നു...
ഒരു മേശക്കു ചുറ്റു മാണെങ്കിലും മൂന്നു പേര്‍ക്കും തമ്മില്‍ തമ്മില്‍ കാണാന്‍ പറ്റാത്തത്ര ഇരുട്ട് ..
ഇരിക്കുന്നത് ഒരേ ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും ഓരോരുത്തരും ചിന്തിച്ചത് ഒരേ പോലെയല്ലായിരുന്നു ..
ആദ്യമായിട്ടാണ് അവര്‍ പരസ്പരം കാണുന്നത് തന്നെ..മൂന്നു സ്ഥലങ്ങളില്‍ നിന്നു വന്നവര്‍..
അടയാള വാക്യങ്ങള്‍ അവരെ ഒന്നാക്കിയിരിക്കുന്നു..

മൂന്നാമന്‍ കൂട്ടത്തില്‍ തീരെ പ്രായം കുറഞ്ഞവന്‍ ...
അവനിപ്പോള്‍ ചിന്തിച്ചത് ഉമ്മയെ യെ ക്കുറിച്ചാണ് ..വീട്ടില്‍ അമ്മയും പെങ്ങളും തനിച്ചേയുള്ളൂ ...
അമ്മയിപ്പോള്‍ ഉറങ്ങിയിട്ടുണ്ടാവുമോ ...താന്‍ വരാന്‍ അല്‍പ്പം വൈകിയാല്‍ പേടിച്ചു വിറച്ചിരിക്കുന്നതാണ്
ഉപ്പ ഇന്നും രാത്രി വിളിച്ചിരിക്കും ...തന്നെ ചോദിച്ചിരിക്കും ..എന്തെങ്കിലും നുണ പറഞ്ഞിട്ടുണ്ടാവും ...
പരീക്ഷ അടുത്താല്‍ പിന്നെ അച്ഛന്‍ പതിവുള്ളതാണ് .
നന്നായി പഠിക്കണം ..
സി എ ക്കാണ്‌ പഠിക്കുന്നത് എന്ന ഓര്മ വേണം..
നിസ്കാരം മുടക്കരുത് ...
ഇന്നും ഉമ്മ യോടതൊക്കെ പറഞ്ഞിട്ടുണ്ടാവും..
പാവം ഉപ്പ.. തന്നിലാണ് എല്ലാപ്രതീക്ഷയും
കാലമെത്രേ ആയി വല്ല നാട്ടിലും ജോലി ചെയ്യുന്നു..വര്‍ഷത്തിലോ രണ്ടു വര്ഷം കൂടുമ്പോഴോ
ഒന്നോ രണ്ടോ മാസം ..ഉപ്പയുടെ സ്നേഹം അറിഞ്ഞിട്ടുള്ളത് വാക്കുകളില്‍ കൂടി മാത്രം..
ചെവിക്കകത്ത്‌ പതിഞ്ഞ സ്വരത്തില്‍ ഉപ്പയിരുന്നു പറയുന്നു ....
മോന് നല്ലൊരു ജോലി കിട്ടീട്ടു വേണം ഉപ്പയ്ക്ക് നാട്ടില്‍ നില്‍ക്കാന്‍..
അയാള്‍ മെല്ലെ തല ഉയര്‍ത്തി കൂടെയുള്ളവരെ നോക്കി ...
കൊത്തി വെച്ച ശില പോലെ ..
നിഴല്‍ രൂപങ്ങള്‍..


രണ്ടാമന്‍ .. നിറ വയറുമായ് കാത്തിരിക്കുന്ന ഭാര്യയോടും പിറക്കാനിരിക്കുന്ന
കുഞ്ഞിനോടൊപ്പം ആശുപത്രി കിടക്കയിലാണ്..
പ്രസവത്തിനു രണ്ടു ദിവസം കൂടി എടുക്കും ....നാളെ ഒരു സ്കാന്‍ കൂടി ചെയ്യണം..
ചിലപ്പോള്‍ സിസേറിയന്‍ തന്നെ വേണ്ടി വരും..
നല്ല ക്ഷീണം ഉണ്ടാവ്ള്‍ക്ക് ..
അധികം വൈകാതെ ചെല്ലാമെന്നു പറഞ്ഞു പോന്നതാണ്..
അവളുടെ വീട്ടില്‍ നിന്നും ഇറക്കി ക്കൊണ്ട് പോരുമ്പോള്‍ കൈത്തലം മുറുകെ പ്പിടിച്ചു അവള്‍ പറഞ്ഞവാക്കുകള്‍ ...
എനിക്ക് നിങ്ങള് മാത്രമേയുള്ളൂ ..ഈ ലോകത്തില്‍..
പിന്നെ ഒരിക്കലും അവള്‍ക്കത് ആവര്‍ത്തിക്കേണ്ടി വന്നിട്ടില്ല
ഇന്നലെ ആശുപത്രി കിടക്കയില്‍ ആ‍ വാക്കുകള്‍ മനസ്സിനെ പൊള്ളിച്ചു ..


ഒന്നാമന്‍ നാളത്തെ പുലരി ചുവക്കുന്നത് സ്വപ്നം കാണുകയായിരുന്നു ....
ബലി ചോരയുടെ തീക്ഷണ ഗന്ധം അയാളെ മത്തു പിടിപ്പിച്ചു ...
ചിതറിത്തെറിക്കുന്ന കരിഞ്ഞ മാംസം ...
അയാള്‍ക്ക്‌ ചിരി വന്നു...
ശത്രു ഓരോന്നായി കണ്മുന്നില്‍ തെളിഞ്ഞ വന്നു ...
എല്ലാം
തെരുവ് പട്ടികളെപ്പോലെ തെരുവില്‍ ഒടുങ്ങട്ടെ..
നാളെ തനിക്കു തുറന്ന് കിട്ടുന്ന സ്വര്‍ഗ വാതില്‍ ...

ദൂരെ നിന്നും കനത്ത ഇരുട്ടിനെ കീറി മുറിച്ചു വരുന്ന വാഹനത്തിന്റെ വെളിച്ചം
മുറിക്കകത്ത് കടന്നു വന്നപ്പോള്‍ അയാള്‍ എഴുന്നേറ്റു..
അവര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി...
പോകാം.. സമയമായി..പറഞ്ഞതെല്ലാം ഓര്‍മയുണ്ടല്ലോ ...
മൂന്നാമന്‍ ഉമ്മ യെയും രണ്ടാമന്‍ ഭാര്യയേയും ഉപേക്ഷിച്ചു ....
സ്വര്‍ഗ്ഗ പാതയില്‍ ഒന്നമാനോടൊപ്പം യാത്രയായി...


ഗോപി വെട്ടിക്കാട്ട്


2010, ഏപ്രിൽ 6, ചൊവ്വാഴ്ച

നുറുങ്ങു കഥകള്‍ ..ആറാം ഭാഗം

ശബ്ദം ...

നശിച്ച ശബ്ദം ...
തലക്കകത്ത് തീവണ്ടി എഞ്ചിന് ചൂള മടിക്കുന്നത് പോലെ ..
പഠന മുറിയിലും ...
അടുക്കളയിലും ..
ടി വി യിലും ..
എല്ലായിടത്തും എല്ലാവരും ബഹളമുണ്ടാക്കുന്നു...
ഇവര്ക്കൊന്നു പതിയെ സംസാരിച്ചു കൂടെ...

അയാള് വീട്ടില് നിന്നും പുറത്തേക്കിറങ്ങി...റോഡില് വാഹനങ്ങള് അലമുറയിടുന്നു...
ബാറില് സാധാരണയില് കവിഞ്ഞ തിരക്ക് ..
ബഹളമായിരുന്നെങ്കിലും
റമ്മിന്റെ കുപ്പി മുക്കാലും ഒഴിഞ്ഞപ്പോള് ...
നേര്ത്തു നേര്ത്തു അതൊരു സിംഫണിയായി മാറി...
ഇപ്പോള് എങ്ങും നിശബ്ധത ....ലോകത്തിന്റെ ചലനം നിലച്ചു പോയിരിക്കുന്നു ..
ശാന്തം ...

അയാള് ഇറങ്ങി നടന്നു...
വഴിയില് ആരൊക്കെയോ പിറ് പിറ് ക്കുന്നുണ്ടായിരുന്നു...
"കള്ള് കുടിച്ചാല് വയറ്റില് കിടക്കണം...ഇങ്ങനെ ബഹളം വെച്ചാല് നാട്ടുകാര്ക്ക് ജീവിക്കണ്ടേ..."


പ്രണയം....

അവസാനത്തെ വിയര്‍പ്പുതുള്ളിയും വറ്റിക്കഴിഞ്ഞപ്പോള്‍ അവളയാളോട് പറഞ്ഞു..
ഇനിയും വൈകിയാല്‍ വീട്ടില്‍ തിരക്കും..ഇപ്പോള്‍ തന്നെ പല നുണകളും പറഞ്ഞു ഇറങ്ങിയതാണ്..
നാളെ അമ്പലത്തില്‍ വരണം ..അറിയാലോ എട്ടരക്കാണ്‌ മുഹൂര്‍ത്തം ..
അവസാനമായി എനിക്കൊന്നു കാണണം..അവള്‍ നിന്നു വിതുമ്പി...
എന്നെന്നും നമ്മുടെ പ്രണയത്തെ ഓര്‍മിക്കാന്‍ എനിക്കൊരു സമ്മാനം തരണം ...

"ഇത് എന്‍റെ ഹൃദയം " ഇത് നിനക്കുള്ളതാണ് ..
പളുങ്ക് പോലെ സൂക്ഷിക്കണം ..ഒരിക്കലും പൊട്ടാതെ ..അവളയാളുടെ കണ്ണീര്‍ തുടച്ചു...
ഈ മനസ്സ് ഞാനെന്‍റെ നെഞ്ഞോട് ചേര്‍ത്ത് വെക്കും...മരണം വരെ...
"ഇനി ഞാന്‍ പൊക്കോട്ടെ"കണ്ണില്‍ നിന്നു മറയുന്നത് വരെ അവള്‍ തിരിഞ്ഞു നോക്കി..
അയാള്‍ കാണില്ലെന്നുറപ്പായപ്പോള്‍ അവളാ ഹൃദയം എടുത്തോരേര് കൊടുത്തു ..
"ഒരു സമ്മാനം തന്നിരിക്കുന്നു.."
അവന്‍റെ ഹൃദയം നൂറു കഷ്ണങ്ങളാ യ് തുടിച്ചു കൊണ്ടിരുന്നു ....


പറയാന് മറന്നത് ...

ഒരിക്കലെങ്കിലും നിനക്ക് പറയാമായിരുന്നില്ലേ...
കണ്ണ് കൊണ്ടോ.. വിരല് തുമ്പു കൊണ്ടോ ...
ഒരു സൂചനെയെങ്കിലും...
ഓര്മ വെച്ച നാള് മുതല് നിന്റെ കൂടെ ത്തന്നെയുണ്ടായിരുന്നില്ലേ...
എനിക്ക് നിന്നെ മന്സ്സിലാക്കാനയില്ലെങ്കിലും നിനക്കെന്നെ അറിയുമായിരുന്നില്ലേ..
എന്നിട്ടും..
അവള് നിന്ന് വിതുമ്പി...
പടിയിറങ്ങുമ്പോള് ഒരു ജന്മം മുഴുവന് നീറി നീറി ക്കഴിയാന്
എന്തിനു നീയിപ്പോള് എന്നോട് പറഞ്ഞു ..
നിന്റെ പ്രണയം....

ഗോപിവെട്ടിക്കാട്




പുകഞ്ഞ കൊള്ളി.


തലയുരുകി
ഉടലുരികി
ഒലി ച്ചിറങ്ങും
പ്രണയം ..

ചോദ്ധ്യങ്ങളായ്
ചൂണ്ട കൊളുത്തില്‍
പിടഞ്ഞു തീരും
സ്വപ്നം..

മൌന വാത്മീകം
ഇരന്നു വാങ്ങി
ഉരുകി തീരും
മോഹം..

ജനിക്കാതെ
മരിച്ച കുഞ്ഞിന്‍
ജാതകമെഴുതും
കണിയാന്‍..

കരിയടുപ്പില്‍ ..
ജ്വലിക്കാതെ
കരിഞ്ഞു തീരും
പുകഞ്ഞ കൊള്ളി..

ഊതിയൂതി
ഊര്ധ ശ്വാസം വലിച്ചു
പിടഞ്ഞു തീരും
ജന്മം..

ഗോപി വെട്ടിക്കാട്ട്

2010, മാർച്ച് 19, വെള്ളിയാഴ്‌ച

ഓട്ടോഗ്രാഫ്‌ ..


നിന്‍റെ തുറക്കാത്ത
ജനല്‍ച്ചില്ലുകളിലെ മൂടല്‍ മഞ്ഞ്
കണ്ണീരു പോലെ ഒലിച്ചിരങ്ങുമ്പോള്‍
മങ്ങിയ ചിത്രം പോലെ
എനിക്ക് നിന്നെ കാണാം....

പിഴുതെറിഞ്ഞിട്ടും..
പോകില്ലെന്ന വാശിയോടെ
അരുതരുതെന്നു വിലക്കുമ്പോഴും
തഴച്ചു വളരുന്ന ഓര്മകളെ
നീയിപ്പോള്‍
തുടച്ചു മിനുക്കുകയാവാം
അതിലെവിടെയെങ്കിലും
ഞാനുണ്ടോ എന്ന് തിരയുകയാവാം..

"ഒരിക്കല്‍ ഞാന്‍ വരും
ഒരു മഞ്ഞു തുള്ളിയായി"
അന്ന് നീയെന്നെ തിരിച്ചറിയുമോ"
ചിതലരിച്ച ഓട്ടോഗ്രാഫിലെ,
മായാത്ത അക്ഷരങ്ങളുടെ
പൊരുളറിയാതെ ..
പാഴായിപ്പോയ എന്‍റെയീ ജന്മം...

ഗോപിവെട്ടിക്കാട്

2010, മാർച്ച് 17, ബുധനാഴ്‌ച

ആശാന് ...(കഥ)


നായരെ കടുപ്പത്തില്‍ ഒരു ചായ ...
ചായപ്പീടികയില്‍ ചെന്നു കേറീതും ആശാന്‍ വിളിച്ച് പറഞ്ഞു...
പിന്നെ ഒഴിഞ്ഞ ബെഞ്ചിന്റെ മൂലയില് സ്ഥാനം പിടിച്ചു ..
ആരോടെന്നില്ലാതെ പറയാന് തുടങ്ങി...
ങ്ങള് ഒരു കാര്യം കേട്ടാ...
മ്മടെ മനക്കലെ ആനേടെ പാപ്പാനേ
കാണാനില്ലാത്രേ..ആ അടിച്ചു തെളിക്കാരി പെണ്ണാ യിട്ട്
അവനിത്തിരി ലോഹ്യം ണ്ടാരുന്നു...അവന് മുങ്ങീ താവും...
ഞാന് പറയുമ്പോ ങ്ങള് പറേം പരദൂശനാന്നു..ഇനീ പ്പോ കേക്കാം ..
ങ്ങള് ഒരു കഷ്ണം പുട്ട് കൂടി എടുക്ക്...വയറു കത്തലങ്ങു നിക്ക ണി ല്ല...
ഇത്തരി കടെലെന്റെ ചാറ് കൂടുതല് ഒഴിച്ചോലീന് ..
ന്‍റെ ആശാനെ ..പാപ്പാനല്ലേ..പോയിള്ളൂ...ഭാഗ്യം
.ആന ആരുടെയെങ്കിലും കൂടെ ചുറ്റിക്കളിയായാല്‍ പാവം നമ്പൂരി ചുറ്റും..
"നീ മുണ്ടാതിരിയെടാ ഹമുക്കെ ...
ആളെ ക്കളിയാക്കാന്‍ ഇരിക്യാ.."

തന്നെ തോട്ടിയിട്ട അപ്പുക്കിളിയോടു ആശാന്‍ ചൂടായി...
ങ്ങക്ക് അറീല്യ മ്മള് ഈ നാടായ നാട്ടിലൊക്കെ നടന്നു
കള്ള് ചെത്ത നോണ്ട് എല്ലാം കാണുനുണ്ട്..
മോളിലാണ് പണിയെങ്കിലും കണ്ണ് താഴത്താണേ

ചെത്താന്‍ കേറുമ്പോള്‍ താഴേക്കു നോക്കിണതു നാട്ടില്‍ പാട്ടാണെ...
ഇമ്മളെ രാരുമൂപ്പരുടെ മോളു കുളിമുറീല്‍ കുളിക്കാന്‍ കേര്യപ്പോള്‍
ഇങ്ങള് തെങ്ങിന്റെ മോളു അല്ലായിണോ?
ബാക്ക് ഞാള് പറയണോ?
നായര് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി ആശാനെ ഒന്ന് ഒളി കണ്ണിട്ടു നോക്കി...
ങ്ങള് അവരും ഇവരുമൊക്കെ പരെണതു വിശ്വസിചോളെ..
ഒടെ തമ്പ്രാനാണ് അപ്പണി എനക്കില്ല...
പിന്നെ ചെലതൊക്കെ മ്മള് കാണാതേം ഇല്ലാ...
ങ്ങള് ഇത് കേക്ക് ...ന്റെ നായരെ
ആനക്ക് പട്ട വേണംന്ന് ആ ചെക്കന്
പറഞ്ഞിട്ടാ ഞാ പട്ട വെട്ടീത് ...എന്നുറ്റ് അപ്പറത്തെ പറമ്പില് ചെത്താന് കേറീതാ..
ചെത്തി കഴിഞ്ഞു ഇറങ്ങാന് നോക്കുമ്പോ താ നമ്പൂരിടെ പറമ്പീന്ന് ഒരു വര്ത്താനം കേക്കണ്.
നോക്കുമ്പോ ന്താ ..ആ വാല്യക്കരീം പാപ്പാനും ഒരു പട്ടയിമ്മേ പിടീം വലീം...
ഇറങ്ങിയ ദൂരം ഞാന്‍ മോളിലോട്ട് തന്നെ കേറി..
എന്‍റെ നയരേ ഒന്നും പരേണ്ടാ ..ആ‍ ചെക്കന്‍ പട്ട വിട്ടതും പെണ്ണ് താ കിടക്കണ് മലര്‍ന്നടിച്ചു...
പിന്നെ ന്‍റെ നായരെ കണ്ണ് മൂടീട്ടാ ഞാന്‍ തെങ്ങുമ്മന്നു ഇറങ്ങിയേ ....


ഇത്രെയും പറഞ്ഞു ആശാന് അപ്പുക്കിളിയോടായി ചോദിച്ചു...
അല്ലടാ ചെക്കാ ..നീയിന്നു ബസ്സില് പോയില്ലേ..
ഇല്ലാശാനെ ...ഇന്ന് നമ്മുടെ വാസു സഖാവിന്റെ രക്തസാക്ഷി ദിനല്ലേ...
മൂലക്കല് ഇന്ന് അനുസ്മരണ മുണ്ട്...വൈകീട്ട്...
സത്യത്തില് ഞാനതങ്ങു മറന്നു...
കൊല്ലെത്രെയായി...നാലും ഇപ്പള് കഴിഞ്ഞ പോലെ തോന്നാ .
ഉം ...നായര് ഒന്ന് മൂളി... കണ്ണിന്റെ മുന്പീന്നു അങ്ങട് മായണില്ല ആ കിടപ്പ് ..
അക്കോലത്തിലല്ലേ ആ നായിന്റെ മക്കള് വെട്ടിക്കീറിയെ
കട പൂട്ടുന്ന വരെ ഇവിടെ ഇരിക്കായിരുന്നു ..വാസൂം പിന്നെ നമ്മടെ മേലെത്തെ അശോകനും..
ഞങ്ങ ല് ഒരുമിച്ചാ ഇറങ്ങിയേ...
പടിഞ്ഞാട്ടു പോണ കണ്ടു ഞാന് ചോയിച്ചതാ ...
അപ്പൊ പറഞ്ഞു അശോകന്റെ വീട് വരെ പോണംന്ന് ...
കാലത്ത് കേക്കണത് ഇതല്ലേ....
ഓന് കൊല്ലിച്ചതാന്നു ആര്ക്ക അറിയാത്തെ നായരെ...
ആ അങ്ങനെക്കെ കേക്കുനുണ്ട് ..സത്യം ദൈവത്തിനല്ലേ അറിയോ ...


ങ്ങക്ക് വല്ല കാറ്റുണ്ടോ ന്റെ നായരെ ...ആശാന് ചൊടിച്ചു...
അന്ന് അമ്പലത്തില് വാള് പോസ്റ്റൊട്ടിക്കാന് ഒപ്പം ഉണ്ടായിരുന്നോനല്ലേ ഈ അശോകന്...
ദൈവം ഇല്ല്യാ ...കല്ലിനെ ആരാധിക്കാന് പാടില്ല്യാ എന്നൊക്കെ അമ്പലത്തിന്റെ നടവാതില്
എഴുതി വെച്ചാ പിന്നെ അവന്മാര് വിടോ ... തട്ടി ക്കളഞ്ഞു അത്രന്നെ .
കേസിന്ന് പുഷ്പ്പം പോലെല്ലേ അവന് ഊരിപ്പോന്നത്...
ആരാ അവനെ കേസ്സീന്നു രക്ഷിച്ചേ ..ങ്ങടെ പാര്ട്ടിക്കാര് തന്നെ....
പ്പൊ അവന് വല്ല്യ ജോലിക്കാരനും മുതാലാളീം....നേതാവും...

അതിപ്പോ അന്ന് അശോകന്റെ അച്ഛനല്ലാരുന്നോ അമ്പലക്ക്മ്മിറ്റി...പ്രസിഡണ്ട്
മോനെ രക്ഷിക്കാതിരിക്കോ ...
അതന്യാ പറഞ്ഞെ ...ഓനിപ്പോ അമ്പലം പണിതു കൊടുത്തില്ലേ..
വല്യ കമ്മ്യൂണിസ്റ്റ് നേതാവാത്രേ .. അമ്പലം പണിയാന് നടക്കാന്...
അല്ല ആശാനെ കമ്മ്യൂണിസ്റ്റ് ആയാല് ദൈവ വിശ്വാസം ..അമ്പലം ഒന്നും പാടില്ലാന്നുണ്ടോ...
കംമുനിസ്ട്ടു കാരന് കാശുണ്ടായാല് മാത്രം കുറ്റം...
അപ്പുക്കിളിയുടെ ചോദ്യം ആശാന് അത്ര പിടിച്ചില്ല...
നിനക്കെന്തറിയാടാ ചെക്കാ...
തല്ലുണ്ടാക്കാനും സംഭാവന് പിരിക്കാനുമാല്ലാതെ...
ഞങ്ങളൊക്കെ തല്ലു കൊണ്ടും പട്ടിണി കിടന്നും ഉണ്ടാക്കിയതിന്റെ മോളിലാ ..
നീയൊക്കെ കിടന്നു മേയണെ ....കള്ളന്മാര് ..പാവങ്ങടെ എന്തെങ്കിലും കാര്യം നോക്കാന് നേരണ്ടോ...
മുതലാളിമാരുടെ പിന്നാലെ നടക്കല്ലേ...
ന്നെ പടി അടച്ചു പിണ്ഡം വെച്ചു ച്ചാലും സങ്കടം കൊണ്ടാ പരേണെ ...
ആശാന് പറഞ്ഞു നിര്ത്തി...


ന്നട്ട് ആരാപ്പോ അനുസ്മരണ ത്തിനു വരണേ...
അത് നമ്മടെ എമ്മെല്ലേ വരാന്നു പറഞ്ഞിട്ടുണ്ട് ....
ആള് അങ്ങ് തിരോന്തരത്തല്ലേ...സമയണ്ടാവോ...
ഇപ്പൊ ങ്ങടെ ടീവീടെ ആളല്ലേ...
പറയുമ്പോ ആശാന്റെ മുഖ ത്തൊരു പരിഹാസംണ്ടാരുന്നു....
അത് മന്സ്സിലാക്കിട്ടെന്ന പോലെ അപ്പുക്കിളി പറഞ്ഞു...
എന്ത് തിരക്കായാലും സഖാവ് അനുസ്മര ണത്തിനു വരാതിരിക്കില്ല ...
ഉം ഉം ...ആശാനൊന്നു ഇരുത്തി മൂളി...

അല്ല ഇന്നാളു ക്ലബ്ബിന്റെ വാര്ഷികം പിടിക്കാന് ടീവിക്കാരെ കൊണ്ടരാന്
ങ്ങള് മൂപ്പരെ കാണാന് തിരോന്തര ത്ത് പോയിട്ട് കണ്ടില്ലാന്നു കേട്ടൂലോ ...
പുതിയ കെട്ടിടത്തിലേക്ക്
ഔട്ടോ രിക്ഷേല് ചെന്ന ങ്ങളെ അങ്ങട് കേറ്റീലാന്നൊക്കെ..
ആശാനെ അവരും ഇവരും പറേണ തൊക്കെ കേട്ട് പിരിവെക്കാന് നടന്നോ...
എന്നാ അത് ഞങ്ങടെ അടുത്ത് വേണ്ടാ..വിവരം അറിയും..
അപ്പുക്കിളിയുടെ മറ്റു മാറി...

നായരെ ...ഞാനങ്ങട് പോവാ ..കാശ് വൈകുന്നേരം വരുമ്പോ തരാം ...
ആ നമ്പൂരിടെ പറമ്പില് ആന പട്ടിണി കെടക്കാ ...
പാപ്പന് പോയില്ലേ ....
അതിനു രണ്ടു പട്ട വെട്ടിയിട്ട് കൊടുത്താല് ആ പുണ്യമെങ്കിലും കിട്ടും..
ആശാന് ഇറങ്ങി നടന്നു....................



ഗോപിവെട്ടിക്കാട്

2010, മാർച്ച് 16, ചൊവ്വാഴ്ച

ശ്രുതിലയം കവിതാ പ്രകാശന ചടങ്ങ് ...






മാര്‍ച്ച് :14 നു രാവിലെ 10 : 30 നു
തിരുവനന്തപുരംബി ടി ആര്‍ മെമ്മോറിയല്‍ ,...ഹാളില്‍
വച്ച്
കേരളത്തിന്റെ ആരാധ്യനായ :തൊഴില്‍ വകുപ്പ് മന്ത്രി ,.ശ്രി: പി കെ ഗുരുദാസന്‍
മലയാളത്തിന്റെ പ്രിയപ്പെട്ട കവി മുരുകന്‍ കാട്ടാക്കടക്ക് ആദ്യ പ്രതി നല്‍കികൊണ്ട്
പ്രകാശനം ചെയ്യ്തു ...
സ്വാഗതം
അനില്‍ കുരിയാത്തി
തുടര്‍ന്ന് : ശ്രുതിലയം സംഘടിപ്പിച്ച കഥ രചന ,..കവിത രചന മത്സരങ്ങളില്‍ വിജയിയായവര്‍ക്ക്
"ശ്രി ഗിരീഷ്‌ പുലിയൂര്‍ സമ്മാന ദാനം നിര്‍വഹിച്ചു



തുടര്‍ന്ന്

പ്രമുഖ വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിച്ചു
സര്‍വ ശ്രീ :സി പി അബുബക്കര്‍
കരമന ഹരി ( സെക്രടറി സി പി ഐ (എം) ചാല ഏര്യാ കമ്മറ്റി )
മണക്കാട് സുരേഷ് ഐ എന്‍ സി (ഐ) തിരുവനന്തപുരം ജില്ല സെക്രട്ടറി )
എസ് എ മജിദ്‌ (വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ )
എം കെ ഖരീം (പ്രശസ്ത നോവലിസ്റ്റും -നിരൂപകനും )
രാധകൃഷ്ണന്‍ നായര്‍ (ഡയരക്ടര്‍ കെ എസ് ആര്‍ ടി സി )
കുര്യാത്തി ശശി (കൌണ്‍സിലര്‍ തിരു:നഗരസഭാ )
തുടങ്ങിയവര്‍ ,......
കൃതഞത
ധന്യ ദാസ്

ശേഷം ശ്രുതിലയം കൂട്ടുകാരുടെ കലാവിരു ന്നും ഉണ്ടായിരുന്നു