2009, മാർച്ച് 14, ശനിയാഴ്‌ച

ആരാണവര്‍??

എന്‍റെ വാതിലില്‍ ആരോ മുട്ടുകയാണ് .....
പതുക്കെ..ചിലപ്പോള്‍ താളത്തോടെ ....
തുറക്കാന്‍ വൈകുംതോറും ഉച്ചത്തില്‍ ....
ആരാണവര്‍??

അതവരായിരുന്നു ,
അമ്പല കമ്മറ്റിക്കാര്‍ ,പള്ളി കമ്മറ്റിക്കാര്‍...
അവര്‍ക്കെല്ലാം പലതരം വേഷം ,നിറം ...
എന്നാല്‍ എല്ലാവര്‍ക്കും ഒരേ മുഖം ..
ഒരേ ആവശ്യം .
വെളുക്കെ ചിരിച്ച് ,മനപ്പാഠം പോലെ പുലമ്പുന്നു ..
"സംഭാവന"
അവകാശം പോലെ നീട്ടിപ്പിടിച്ച് "രസീത്" ...

പിന്നെയും വാതിലില്‍ ആരോ മുട്ടുകയാണ് ..
ഇക്കുറി രാഷ്ട്രീയക്കാരായിരുന്നു .
പലതരം കൊടികള്‍..നിറങ്ങള്‍ ..വേഷങ്ങള്‍
അത്ഭുതം തന്നെ ..എല്ലാവര്‍ക്കും ഒരേ മുഖം...
ഒരു വ്യത്യാസം മാത്രം ...
അവരാരും ചിരിക്കുന്നില്ല..
ഗൌരവത്തോടെയുള്ള മുഖം ..
ഈ ലോകം തിരിക്കുന്നത് അവരാണെന്ന ഭാവം .
പല നിറത്തിലുള്ള രസീതുകള്‍ ...

ഇനിയും ആരാണെന്‍റെ വാതിലില്‍ മുട്ടുന്നത് ..
വളരെ പതുക്കെ..നേര്‍ത്ത ശബ്ദത്തോടെ ...
നീരസത്തോടെയാണ് വാതില്‍ തുറന്നത് ..
മുഖമേയില്ലാത്ത കുറെ പ്പേര്‍ ...
കണ്ടാല്‍ അറയ്ക്കുന്ന,
നിറമില്ലാത്ത ,കീറിപ്പറിഞ്ഞ വേഷം .ദീനമായ നോട്ടം ..
കൈയ്യില്‍ നീട്ടിപ്പിടിച്ച പാത്രങ്ങള്‍ ..
ഓഹോ ..ഭിക്ഷക്കാരായിരുന്നോ ...
വെറുതെയല്ല നായ നിര്‍ത്താതെ കുരയ്ക്കുന്നത്..
കടന്നു പോകിന്‍ "ഇവിടെ ഒന്നുമില്ല"
വാതില്‍ കൊട്ടിയടച്ചു.

ഇനി ഇന്നത്തെ ഒഴിവു ദിവസം ആഘോഷിക്കട്ടെ ......

ഗോപി വെട്ടിക്കാട്ട്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ