2010, ഫെബ്രുവരി 14, ഞായറാഴ്‌ച

നുറുങ്ങു കഥകള്‍ ..അഞ്ചാം ഭാഗം

കാല ഭേദങ്ങള്‍ ..

തമ്പ്രാ ..എന്നോട് പൊറുക്കണം ..
ഈ കോലായില്‍ ഇരുന്ന് അടിയന്‍ കുറെ കഞ്ഞി കുടിച്ചിട്ടുണ്ട്..
ഇവിടത്തെ ഉപ്പും ചോറുമാണ്‌ ഈ തടി..മറന്നിട്ടില്ല ..
അതിനെന്താടാ ..ഇല്ലം ആര്‍ക്കായാലും കൊടുക്കണം..
ബാങ്ക് ലേലം ചൈയ്യുന്നതിലും നല്ലതല്ലേ....
ഇതിപ്പോ നിനക്കാണെന്ന സമാധാനമെങ്കിലും ഉണ്ട്..
അല്ല തമ്പ്രാ ..വില്‍ക്കുന്നു എന്നറിഞ്ഞപ്പോള്‍ മോന് ഒരേ വാശി ..
അവനു തന്നെ വേണം എന്ന്..
അതൊന്നും സാരല്യ ..നീയായാ കാശിങ്ങു താ ..എന്നാച്ചാല്‍ ഞാന്‍ തീരു തരാം .
സാധനങളൊക്കെ ഞാന്‍ എത്രെയും പെട്ടെന്ന് മാറ്റാം..
അടിയന്‌ ഒരു കാര്യം പറയാനുണ്ട് ..
"പറഞ്ഞോ"
തമ്പ്രാന്‍ ഇരിക്കണ ആ‍ കസേര അടിയന്‌ വേണം ..
അതിന്‍റെ വിലയെന്താന്നു വെച്ചാല്‍ അടിയന്‍ തന്നോളാം..
മോന് വല്യ നിര്‍ബന്ധം ..


ചെരുപ്പ്


ഇതെന്താ സഖാവേ ...
പുതിയ ചെരുപ്പ് വാങ്ങിയപ്പോള്‍ പാകത്തിനുള്ളതൊന്നു വാങ്ങാമായിരുന്നില്ലേ..
ഇത് വലിയതാണല്ലോ..
ഒന്നും പറയണ്ട ..വാങ്ങിയതൊന്നുമല്ല ..ഇന്നലെ രാത്രി പാര്‍ട്ടി സ്റ്റഡി ക്ലാസിനു പോയതാണ്..
തിരിച്ചു പോരുമ്പോള്‍ എന്‍റെ ചെരുപ്പ് കാണാനില്ല ...പകരം കിട്ടിയതാണ് ഇത് ..
എന്റേത് പഴയാതായിരുന്നെങ്കിലും നല്ല ഉറപ്പുള്ള അസ്സല്‍ തോലായിരുന്നു..
ഇതിപ്പോ ..കാണാന്‍ കൊള്ളാം ..


സ്വര്‍ണപ്പല്ല്..

ഗള്‍ഫിലെ തുക്കടാ ബിസിനസ്സൊക്കെ നിര്‍ത്തി നാട്ടില്‍ സ്ഥിരതാമാസമാക്കിയപ്പോഴാണ് നാട്ടുകാര്‍ക്ക് വേലപ്പന്‍, വേലപ്പന്‍ മുതലാളിയായത് ..
കവലയില്‍ കാണുന്നവരോടൊക്കെ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന വേലപ്പന്‍ മുതലാളിയുടെ സ്വര്‍ണപ്പല്ല് തിളങ്ങി ..അസൂയക്കാര്‍ പറഞ്ഞു ..അത് സ്വര്‍ണം പൂശിയതാവും..ചിലര്‍ക്കൊക്കെ മുതലാളി പല്ല് കൈയ്യില്‍ എടുത്ത്‌ കൊടുത്തു ..കൈയ്യില്‍ തൂക്കി നോക്കിയവര്‍ വിധി എഴുതി ..തനി തങ്കം തന്നെ..പൊട്ടി ചിരിച്ചു മുതലാളി പറഞ്ഞു .."മൂന്ന് പവനാടോ "

ഇന്നലെ പതിവ് പോലെ ചിരിച്ചു വര്‍ത്തമാനം പറയുന്നതിനിടയില്‍
"അയ്യോ എന്‍റെ പല്ല് കാണുന്നില്ല "എന്ന് പറയുക മാത്രമല്ല ..മുതലാളി കുഴഞ്ഞു വീണു...
പോസ്റ്റ്‌ മോര്‍ട്ടം ചിയ്ത ഡോക്ട്രാണ്‌ ശ്വാസ നാളിയില്‍ അടഞ്ഞ പല്ല് കണ്ടെടുത്തത് ...

കാണാതായ സ്വര്‍ണപ്പല്ലിന്റെ സ്ഥാനത്തെ ഓട്ട വികൃതമായിട്ടും വേലപ്പന്‍ മുതലാളി ചിരിച്ചു തന്നെ കിടന്നു...



ഗോപി വെട്ടിക്കാട്ട്


3 അഭിപ്രായങ്ങൾ:

  1. ഗോപിചേട്ടാ,
    സ്വര്‍ണ്ണ പല്ല് എന്ന കഥ ഏറെ ഇഷ്ടായീ മാഷേ..

    മറുപടിഇല്ലാതാക്കൂ
  2. അതെ മൂന്നാമത്തെ കഥയാണ്‌ എനിക്കും ഇഷ്ടമായത്.

    മറുപടിഇല്ലാതാക്കൂ
  3. തമ്പ്രാന്‍ ഇരിക്കണ ആ‍ കസേര അടിയന്‌ വേണം ..

    മൂന്നും വ്യത്യസ്ഥമായ അനുഭവം.

    മറുപടിഇല്ലാതാക്കൂ