2009 ഡിസംബർ 2, ബുധനാഴ്‌ച

നിറഭേദങ്ങള്‍.... (കഥ)

"നീയെന്താവരാന്‍ താമസിച്ചേ .".
രണ്ടു ദിവസം കഴിഞ്ഞു എത്താമെന്ന് പറഞ്ഞു പോയതാ.ദിവസം നാലായി...
തന്നെ കണ്ടതും അമ്മ പറഞ്ഞു ..
എന്നൊക്കൊണ്ട് ഒന്നിനും ആവില്ല..ആരെയും അവനോട്ടു അടുപ്പിക്കുന്നുമില്ല..
നീ പോയതില്‍ പിന്നെ ഒരു വക കഴിച്ചിട്ടില്ല ..ജലപാനം പോലുമില്ല..
പാവം അതിനെ ഇങ്ങനെ കഷ്ട്ടപ്പെടുത്താതെ വല്ല ആശുപത്രിയിലും ആക്കാന്‍ പറഞ്ഞാല്‍ സമ്മതിക്കില്ല..
"സാരമില്ല ..എന്നെ കാണാത്തത് കൊണ്ടാ ..."
ആശുപത്രിയില്‍ അവനെ ഉപേക്ഷിച്ചു പോരാന്‍ വയ്യ അമ്മെ..
എനിക്കവന്‍ അനിയനല്ല.. ഞാന്‍ തന്നെയാണ്.

വാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോഴേക്കും അവന്‍ ചാടി എണീറ്റു.. എന്തോ പറയാന്‍ വന്നതാണ് ..
തന്നെ മനസ്സിലായത്‌ കൊണ്ടാവും അവനൊന്നും മിണ്ടിയില്ല.. കാണാത്തതിന്റെ പിണക്കമാനെന്നു തോന്നുന്നു..
മലവും മൂത്രവും കലര്‍ന്നു വല്ലാത്ത നാറ്റം.. അകത്തേക്ക് കടക്കാന്‍ വയ്യ ..ഒരു വിധം അകത്തു കടന്നു.. ചുവരില്‍ ബന്ധിച്ച ചങ്ങല അഴിച്ചു..
"നീയെന്താ ഒന്നും കഴിക്കഞ്ഞേ ..മരുന്നും കഴിച്ചില്ല എന്ന് അമ്മ പറഞ്ഞു.. "
അവന്‍ ഒന്നും മിണ്ടാതെ പിന്നാലെ പോന്നു...
വാ..നമുക്കൊന്ന് കുളിച്ചു ഭക്ഷണം കഴിക്കാം ..നിനക്ക് വിശക്കുന്നില്ലേ .. അവന്‍ തലയാട്ടി..

"നീയിങ്ങനെ ആയാല്‍ ഞാന്‍ എന്താ ചെയ്യ.. എനിക്ക് ജോലിക്ക് പോകണ്ടേ .."
ആ മരുന്ന് ശരിക്ക് കഴിച്ചാല്‍ എല്ലാം മാറും എന്ന് ഡോക്ടര്‍ പറഞ്ഞതല്ലേ.. ഏട്ടന്‍ ഇല്ലെങ്കിലും അമ്മ തരുമല്ലോ നിനക്ക്..
തുടര്‍ച്ചയായി കഴിച്ചാല്‍ എല്ലാം മാറവുന്നതെയുള്ളൂ.....
എനിക്കിനി ഒന്നും വേണ്ട ഏട്ടാ ...
പറ്റു മെങ്കില്‍ എന്‍റെ കാലിലെ ഈചങ്ങല ഒന്നഴിച്ചു തരൂ.ഏട്ടന്‍ പോയതില്‍ പിന്നെ ഞാന്‍ ഉറങ്ങിയിട്ടില്ല ...
അതിന്‍റെ കിലുക്കം തല പെരുപ്പിക്കുന്നു..എന്‍റെ സ്വപ്നങ്ങളെ ആട്ടിയോടിക്കുന്നു.. .

ഇന്നലെ ഞാന്‍ നമ്മുടെ വാസുവേട്ടനെ കണ്ടു.. മൂലക്കലെ രക്ത സാക്ഷി മണ്ഡപത്തില്‍ കയറി യിരിക്കുന്നു ..
എന്നിട്ടെന്നോട് ചോദിക്കുന്നു നീയല്ലേടാ എന്നെ കൊന്നത് എന്ന് ..ചേട്ടനരിയാലോ..ഞാന്‍ ആരെയും കൊന്നിട്ടില്ലെന്നു..
വാസുവേട്ടനെ ഞാന്‍ സമരത്തിനു വിളിച്ചു കൊണ്ട് പോയി എന്നത് നേരാണ് ..ഞങ്ങള്‍ ധര്‍ണയില്‍ പുറകിലായിരുന്നു...വെടിവെപ്പ് ഉണ്ടായപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണാവോ മുന്നിലെത്തിയത്..വാസുവേട്ടന്‍ ചോദിക്കുവാ ..ഇപ്പൊ എന്തായടാ നിങ്ങടെ സ്വാശ്രയ സമരം എന്ന്‌..ഞാന്‍ എന്താ പറയാ..ഒന്നും മിണ്ടിയില്ല ..അപ്പൊ ചോദിക്കാന് ..നീയൊക്കെ പഠിച്ചത് ലക്ഷങ്ങള് കോഴ കൊടുത്തു പള്ളിക്കാരുടെ എന്ജ്ജിനീരിംഗ് കോളേജില്‍ അല്ലെടാന്നു..
അപ്പൊ ഞാന്‍ പറഞ്ഞു .എന്‍റെ ഏട്ടന്‍ കാശ് കൊടുത്തിട്ടാന്ന്..
വാസുവേട്ടന്‍ എന്‍റെ കഴുത്തിനു കുത്തിപ്പിടിച്ചിട്ടു ചോദിക്കുവാ ...എന്നാ എനിക്കെന്‍റെ ജീവന്‍ തിരിച്ചു താടാന്ന്..അല്ലെങ്കില്‍ ഞാനും വാസുവേട്ടന്റെ കൂടെ ചെല്ലണമത്രേ ..എനിക്ക് വാസുവേട്ടന്റെ കൂടെ പോകണം ഏട്ടാ ..ഈചങ്ങല ഒന്നഴിച്ചു തരൂ

ഏട്ടനറിയോ ഇന്നലെ രാജി വന്നിരുന്നു ..
അവളും പറയുന്നത് ..ഞാനാനവളെ കൊന്നതെന്നു ..അത് കൊണ്ട് ഞാനും അവളോടൊപ്പം ചെല്ലണമെന്ന്...

അന്ന് അസ്തമയത്തിനും ചുവപ്പായിരുന്നു..കടലും ചുവന്നിരുന്നു..
അവളുടെ കവിളും ചുവന്നു തുടുത്തിരുന്നു.. ..കടലില്‍ ആണ്ടു പോകുന്ന സൂര്യനെ നോക്കി അവളന്ന് ഏറെ സങ്കടപ്പെട്ടു ..
അവള്‍ക്കിഷ്ട്ടം ജ്വലിച്ചു നിക്കുന്ന സൂര്യനെയാണത്രെ .. പിന്നെ എപ്പോഴോ എല്ലാം കറുപ്പായി..
ഇരുട്ടില്‍ അവളെ ഞാന്‍ എവിടെയൊക്കെ തിരഞ്ഞ്ഞെന്നോ ..

ആ‍ നാല് ചെരുപ്പക്കാരില്ലേ ഞങ്ങളെ പിന്തുടര്‍ന്നവര്‍ ...അവരാണതു ചെയ്തത്...
അന്ന് ഞാനവളെ കടപ്പുറത്ത് കൊണ്ട് പോയത് അവളും കൂടി പറഞ്ഞിട്ടല്ലേ..അസ്തമയം കാണണമെന്ന് അവളാണ് വാശി പിടിച്ചത്..
ആ‍ ചെറുപ്പക്കാരെ കണ്ടപ്പോള്‍ തന്നെ തിരിച്ചു പോകാമെന്ന് ഞാന്‍ പറഞ്ഞതാണ്..അപ്പോള്‍ അവളെന്നെ ഒരു പാട് കളിയാക്കി...ഞാന്‍ പേടി തൊണ്ടനാണത്രേ.. ,
ആവരുടെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് ഞങ്ങള്‍ ആരും കാണാതെ ആ‍ പാറയുടെ മറവില്‍ ഇരുന്നത് തന്നെ.....

നിറങ്ങള്‍ എങ്ങനെയാണ് ഏട്ടാ കറുപ്പാവുന്നത്..അന്ന് ചേട്ടനും കണ്ടതല്ലേ..
അവളുടെ തുടയില്‍ കൂടി ഒഴുകിയിരുന്ന ചോരക്ക് എന്ത് ചുവപ്പായിരുന്നു...ഇപ്പോള്‍ അതെല്ലാം കറുത്തു കട്ട പിടിച്ചിരിക്കുന്നു..

ചങ്ങലകള്‍ അവള്‍ക്കു പേടിയാണത്രെ ..
ഇന്നവള്‍ വരും ..അതിനു മുന്‍പ്‌ ഒന്നഴിച്ച് തരൂ..
അവളെന്നെ വിളിച്ചതാണ് ..അങ്ങ് ചങ്ങലകള്‍ ഇല്ലാത്ത ലോക മുണ്ടത്രേ..എന്നെയും കൊണ്ട് പോകാമെന്ന്..ഏട്ടാ എനിക്ക് പോകണം ..
അസ്തമയമില്ലാതെ ജ്വലിക്കുന്ന സൂര്യനില്‍ അവളോടൊപ്പം എരിഞ്ഞടങ്ങാന്‍ ഈ ചങ്ങലകള്‍ ഒന്നഴിച്ചു തരൂ ..



ഗോപി വെട്ടിക്കാട്ട്

2009 നവംബർ 25, ബുധനാഴ്‌ച

നുറുങ്ങു കഥകള്‍ ..മൂന്നാം ഭാഗം ...

വഴികള്‍...

അടുക്കളയില്‍ പാത്രങ്ങള്‍ പതിവിലേറെ ബഹളമുണ്ടാക്കി കൊണ്ടിരുന്നു..
സാധാരണ ഒരു തട്ടലിലും മുട്ടലിലും അവസാനിക്കേണ്ടതാണ്‌...ഇന്നെന്താണാവോ ..
കേള്‍ക്കാന്‍ ആരുമില്ലെങ്കില്‍ പറയുന്നവന് മടുക്കും എന്ന മനശ്ശാസ്ത്രം മുറുകെ പ്പിടിച്ചു
അയാള്‍ പത്രം വായിച്ച് ഉമ്മറത്ത്‌ തന്നെ ഇരുന്നു ..
" ഇതെന്താ ചെവിയുടെ ഓട്ട അടഞ്ഞു പോയോ "ഞാനീ പറയുന്നതൊന്നും നിങ്ങളോടല്ലേ"
ഇന്നെങ്കിലും വാടകക്ക് ഒരു വീട് കണ്ടു പിടിച്ചിട്ടു വന്നാ മതി -- അല്ലെങ്കില്‍ ഞാന്‍ എന്‍റെ വീട്ടില്‍ പോകും..
എനിക്ക് വയ്യ ഈ നരകത്തില്‍ ആട്ടും തുപ്പും കൊണ്ട് കിടക്കാന്‍ ....
ഒന്നും കേട്ടില്ലെന്ന മട്ടില്‍ ഉമ്മറക്കോലായില്‍ ഇരുന്നു മുറുക്കുന്ന അമ്മയെ അയാളൊന്നു നോക്കി ...
ചെറിയൊരു പരിഹാസം ആ‍ മുഖത്തുണ്ടായിരുന്നു ...

അയാള്‍ പുറത്തിറങ്ങി ..മുന്നില്‍ നാല്‍ കവല .എങ്ങോട്ട് പോകും..
എല്ലാ വഴികളും അയാള്‍ക്കൊരുപോലെയായിരുന്നു..ആദിയും അന്ത്യവുമില്ലാതെ ...

കവലയിലെ കള്ള് ഷാപ്പില്‍ പതിവുപോലെ കുപ്പികള്‍ ഒഴിയുമ്പോള്‍ മനസ്സില്‍ ഒരേ ഒരു വഴി തെളിഞ്ഞു വന്നു..
അയാള്‍ വീട്ടിലേക്കു തിരിഞ്ഞു നടന്നു..

സ്വാശ്രയം ....

നേരം രാത്രി ഒരു പാട് വൈകി..
ചര്‍ച്ചകള്‍ കെട്ടു പിണഞ്ഞ നൂലുണ്ട പോലെയാണ്...ഒരിടത്ത് അഴിക്കുമ്പോള്‍ മറ്റൊരിടത്ത് മുറുകും..
അതും വിഷയം സ്വാശ്രയ സഹകരണവിദ്യാഭ്യാസമാകുമ്പോള്‍..
വാസു വേട്ടന്റെ രക്ത സാക്ഷി മണ്ടപത്തിനടുത്തെത്തിയപ്പോള്‍ ആരോ വിളിച്ച പോലെ തോന്നി ..
നോക്കിയപ്പോള്‍ അതാ വാസുവേട്ടന്‍ മുന്നില്‍ ..
വെടിയുണ്ട തുളഞ്ഞു കയറിയ മുറിപ്പാടില്‍ നിന്നു രക്തം ഇപ്പോഴും ഒഴുകുന്നുണ്ട്...
"എന്തായി നിങ്ങടെ സ്വാശ്രയ ചര്‍ച്ച.."
അത് പിന്നെ വാസുവേട്ടാ..
അറിയാമെടാ..നീയൊന്നും പറയണ്ട..
ഇങ്ങോട്ടൊന്നു നോക്കിയെ..
വെടിയുണ്ട തുളച്ച നെഞ്ഞിലേക്ക് ചൂണ്ടി വാസുവേട്ടന്‍ പറഞ്ഞു..
അന്നത്തെ ആ‍ ഓട്ട വലുതായി വലുതായി വരുന്നുണ്ട്...

കൈ രേഖ....

സര്‍ ,പത്തു രൂപ തന്നാല്‍ മതി ഭൂതവും ഭാവിയും വര്‍ത്തമാനവും പറയാം...
"വേണ്ടാ.." എനിക്കിതിലൊന്നും വിശ്വാസമില്ല...
സര്‍ ആ കൈയ്യൊന്ന് കാണിക്കു ..ഞാന്‍ പറയുന്നത് സത്യമല്ലെങ്കില്‍ ഒന്നും തരണ്ടാ..
ഇതൊരു ശല്യമായല്ലോ..വേണ്ടാ എന്ന് പറഞ്ഞില്ലേ
അല്ല സര്‍ ..സാറിന്‍റെ മുഖത്ത് നോക്കിയാലറിയാം .. എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നു..
ആ കൈ ഇങ്ങു നീട്ടിയാട്ടെ ...
അയാള്‍ കൈ നീട്ടിക്കൊടുത്തു..
ഇത് ആയുര്‍ രേഖ.. നിറയെ ഇരിക്ക് സര്‍ ...നൂറു വയസ്സുക്ക് മേല്‍ ..
ഇത് ധന രേഖ ..ഇതും റൊമ്പ പ്രമാദം..നിറയെ സമ്പാദിച്ചിരുക്ക് ..
അയാള്‍ തലയാട്ടി..
ഇത് ദാമ്പത്യ രേഖ ...കഷ്ട്ടം സര്‍ ...ഉങ്ങളുക്ക് ദാമ്പത്യമേ കിടയാത് സര്‍ ...
പൊണ്ടാട്ടി ഉങ്ങളെ വിട്ടു യാരവത് കൂടെ ഓടിപ്പോയാച്ച... അപ്പടിതാന്‍ ഇന്ത രേഖ സോല്ലത്...
"സത്യം പറയ്‌ ഇത് നിനക്കെങ്ങനെ അറിയാം.."
കള്ളപ്പാണ്ടി പറഞ്ഞില്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും..അയാള്‍ അലറി വിളിച്ചു...
എന്നെ ഒന്നും ചൈയ്യാത് സര്‍..
ആ അമ്മ എങ്ങ പക്കത്ത് താന്‍ ഇരിക്കത് ...ഉങ്ങളെ പറ്റി അവര്‍ നിറയെ സൊല്ലിയിരിക്കരതു....

അയാള്‍ തന്‍റെ കൈപ്പത്തിയിലേക്കു സൂക്ഷിച്ചു നോക്കി...ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരായിരം രേഖകള്‍
തെളിഞ്ഞു തെളിഞ്ഞു വരുന്നു...



ഗോപി വെട്ടിക്കാട്ട്

വൈറസ്...


എന്‍റെ പി സി യില്‍
തലച്ചോറില്‍
വൈറസ് ..
പറയുന്നതെന്തോ
കേള്‍ക്കുന്നതെന്തോ
ആകെ തകിടം മറിച്ചിരിക്കുന്നു..

വിരല്‍ത്തുമ്പിലും.
നാവിലും
അവന്‍റെ വിളയാട്ടങ്ങള്‍...

എന്ത് പറ്റി എന്നെഴുതിയപ്പോള്‍
എന്താടാ പട്ടി
എന്നായിപ്പോയി ..
അതോടെ ഒരു സുഹൃത്ത്‌
എന്നെന്നേക്കുമായി വിട പറഞ്ഞു
ആവുന്നതും പറഞ്ഞു നോക്കി
വൈറസ് പറ്റിച്ചതാണെന്ന്..

ചിന്തകള്‍ക്കും വൈറസ്..

ഇന്നലെ വരെ പറഞ്ഞതെല്ലാം
നേര്‍ വിപരീതമായി
ഇന്ന് മാറ്റി പറയന്നു
കാവിയുടുത്ത്‌ കാവുകള്‍ തോറും
ഗണപതിക്ക്‌ തേങ്ങയുടക്കുന്നു

ശ്രീമതിയുടെ സെല്‍ ഫോണ്‍ ചിലച്ചാല്‍
മകളോന്നുറക്കെ ചിരിച്ചാല്‍
മുറ്റത്തൊരു വണ്ടി കണ്ടാല്‍
നെഞ്ഞിടിപ്പു കൂടുന്നു..

കവിത കേട്ടാല്‍ കലി വരുന്നു
ചോര കണ്ടാല്‍ കൊതി വരുന്നു
കൊടികള്‍ കണ്ടാല്‍ ചൊറിഞ്ഞു വരുന്നു
കണ്ണീര്‍ കണ്ടാല്‍ ചിരി വരുന്നു.

എല്ലാം ആ വൈറസ് പറ്റിച്ച പണി
ആരും വിശ്വസിച്ചില്ലെന്നു മാത്രം. ..

ഗോപി വെട്ടിക്കാട്ട് ...

2009 നവംബർ 18, ബുധനാഴ്‌ച

കള്ളന്‍...(കഥ )


മോഷണത്തിന് ലകഷ്യങ്ങള്‍ തേടിയുള്ള യാത്രയില്‍ ഒരു വീട് എന്നും അയാള്‍ക്കൊരു വിസ്മയമായിരുന്നു..വലിയൊരു തെങ്ങിന്‍ തോപ്പിന്റെഒത്ത നടുക്ക് പുരാതനമായ വലിയൊരു നാലുകെട്ട്..അതില്‍ മുകളിലെ നിലയിലെ ഒരു മുറിയില്‍ മാത്രം വെളിച്ചം കത്തി നിന്നു.
ഒരു കൌതുകത്തിന് അയാള്‍ പലപ്പോഴും ആ വീട്ടില്‍ കയറിയിട്ടുണ്ട്...മറ്റു മുറികളെല്ലാം അടഞ്ഞു കിടന്നിരുന്നു,.ആ മുറിയുടെ വാതില്‍ക്കല്‍ വരെ പോയി തിരിച്ചു പോരുകയായിരുന്നു... അന്ന് മോഷണത്തിന് പറ്റിയ സാഹചര്യം ഒത്തു കിട്ടാതെ നിരാശനായി മടങ്ങുമ്പോള്‍ അയാള്‍ ആ വീടിനേയോര്‍ത്തു..ഇന്ന് അവിടെ കയറുക തന്നെ...

അവള്‍ പതിവ് പോലെ കുളിച്ചു അണിഞ്ഞൊരുങ്ങി..സുഗന്ധ ദ്രവ്യങ്ങള്‍ പൂശി കിടക്കവിരി മാറ്റി വിരിച്ചു .കാത്തിരിപ്പ്‌ തുടര്‍ന്നു.ഒരിക്കല്‍ ഈ വാതില്‍ തുറന്നു അരെങ്കിലും എത്താതിരിക്കില്ല എന്നവള്‍ ഉറച്ചു വിശ്വസിച്ചു..ആ വിശ്വാസത്തിലാണ് ഓരോ ദിവസവും തള്ളി നീക്കിയത്.. കനത്ത നിശ്ശഭ്തതയില്‍ അവളുടെ നെഞ്ചിടിപ്പ് മാത്രം ....


അവന്‍ ആ വാതില്‍ മെല്ലെ തള്ളി നോക്കി..അത് പൂട്ടിയിരുന്നില്ല..
"കടന്നു വരൂ" അകത്തുനിന്നൊരു സ്ത്രീ ശബ്ദം..അവന്‍ ഒന്ന് ഞെട്ടി.. ശരീരം വിറച്ചു.. അവന്‍ അകത്തേക്ക് കടന്നു.. വിശാലമായ ആ കിടപ്പ് മുറിയില്‍ വാതിലിനു അഭിമുഖമായി ഇട്ടിരിക്കുന്ന കസേരയില്‍ മദ്ധ്യ വയസ്കയായ ഒരു സ്ത്രീ ഇരിക്കുന്നു...കുലീനത്വം നിറഞ്ഞ മുഖം തിളങ്ങുന്ന കണ്ണുകള്‍..അവന്‍ ഒരു നിമിഷം സ്തബ്ധനായി നിന്ന് പോയി ..

" ഞാന്‍ നിങ്ങളെ പ്രതീക്ഷിച്ചു ഇരിക്കയായിരുന്നു.." "എന്നെയോ" അവന്‍ അറിയാതെ ചോദിച്ചു പോയി.. അതെ നിങ്ങളെ അല്ലെങ്കില്‍ മറ്റൊരാളെ .. "പലപ്പോഴും നിങ്ങള്‍ ഇവിടെ വന്നു തിരിച്ചു പോയിട്ടുണ്ടല്ലേ...എന്തെ തിരിച്ചു പോയത്?" അവന്‍ മറുപടിയൊന്നും പറഞ്ഞില്ല..."ഇരിക്കൂ" തൊട്ടടുത്തുള്ള കസേര ചൂണ്ടി അവള്‍ പറഞ്ഞു.. അവനു ഏതോ സ്വപ്ന ലോകത്ത് എത്തിയത് പോലെ തോന്നി...അവനതില്‍ ഇരുന്നു... "നിങ്ങള്‍ ഒരു കള്ളനല്ലേ ..മോഷ്ട്ടിക്കാന്‍ ഇവിടെ എന്തെങ്കിലും കാണുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ" അവന്‍ ഒന്നും മിണ്ടിയില്ല ..അവന്‍റെ മൌനത്തിനു മേല്‍ കടന്നു കയറി അവള്‍ പറഞ്ഞു.. "നിങ്ങള്‍ വല്ലാതെ വിയര്‍ക്കുന്നു" ഫ്രിഡ്ജില്‍ നിന്ന് തണുത്ത വെള്ളമെടുത്ത് അവനു മുന്നില്‍ വെച്ചു.."കുടിക്കൂ"

അവനത്‌ ഒറ്റയിറക്കിനു മുഴുവന്‍ കുടിച്ചു തീര്‍ത്തു...അവന്‍റെ തൊണ്ട വരണ്ടു പോയിരുന്നു..
"പറയൂ ..നിങ്ങളുടെ പേരെന്താണ്..അല്ലെങ്കില്‍ വേണ്ടാ പേരിലെന്തിരിക്കുന്നു." രാത്രിയില്‍ എല്ലാവര്ക്കും ഒരേ പേരാണ് അല്ലെ... സമയം കളയണ്ടാ.നേരം വെളുക്കാരാവുന്നു.. വേറെ ഒന്നും നടക്കാത്തത് കൊണ്ടല്ലേ..ഇവിടെക്കയറിയത്..ഒന്നുമില്ലാതെ മടങ്ങിപ്പോകണ്ടാ....

അവള്‍ അലമാരി തുറന്നു..ഒരു ബാഗ് എടുത്തു അയാള്‍ക്ക് മുന്നില്‍ തുറന്നു വെച്ചു."ഇത് മുഴുവന്‍ നിങ്ങളെടുത്തു കൊള്ളൂ.."
അവനു കണ്ണുകള്‍ മഞ്ഞളിക്കുന്ന പോലെയും തല കറങ്ങുന്ന പോലെയും തോന്നി..ആ ബാഗ് നിറയെ സ്വര്‍ണാഭരങ്ങളും.. അടുക്കി വെച്ച നോട്ടു കെട്ടുകളും..

അവന്‍റെ മനസ്സ് വായിച്ചിട്ടെന്ന പോലെ അവള്‍ പറഞ്ഞു..പരിഭ്രമിക്കണ്ടാ..ഇതെല്ലം നിങ്ങള്‍ക്കുള്ളത്‌ തന്നെയാണ്....എന്‍റെ ബന്ധുക്കള്‍ എന്ന
പകല്‍ കള്ളന്മാരില്‍ നിന്നും ഞാന്‍ കാത്തു സൂക്ഷിച്ച എന്‍റെ സ്വത്ത്‌..എന്‍റെ ജീവിതം..ഇനി എനിക്കിതിന്റെ ആവശ്യമില്ല..മടുത്തു..നിങ്ങള്‍ ഒരു കള്ളനല്ലേ..എടുത്തോളൂ ..നിങ്ങളാണ് ഇതിന്‍റെ യഥാര്‍ത്ഥ അവകാശി..

പകരം നിങ്ങള്‍ എനിക്കൊരു ഉപകാരം ചെയ്തു തരണം..എന്നിട്ട് ഇതെല്ലാം നിങ്ങള്‍ എടുത്തു കൊള്ളുക ... "എന്താണ് " " എന്നെ കൊല്ലണം.."എന്നെ കൊന്നിട്ട് എല്ലാം എടുത്തു പൊക്കോളൂ.. ആത്മഹത്യ ചെയ്യാന്‍ ധൈര്യമില്ല ... അത് കൊണ്ടാണ്.. എനിക്കിനി ജീവിക്കണ്ടാ..

അവന്‍ എന്ത് പറയണമെന്നറിയാതെ പകച്ചു നിന്നു..അവള്‍ യാചിക്കുകയായിരുന്നു..
ഒടുവില്‍ അവന്‍ പറഞ്ഞു.. "എനിക്കതിനാവില്ല..ഇതൊന്നും എനിക്ക് വേണ്ടാ..നിങ്ങള്‍ കരുതുന്ന പോലെ ഞാന്‍.. ഒരു കള്ളനല്ല..വെറുമൊരു മോഷ്ടാവ് മാത്രമാണ്.." അവന്‍ തിരിഞ്ഞു നടക്കുകയായിരുന്നില്ല.....
--

ഗോപി വെട്ടിക്കാട്ട്

2009 നവംബർ 17, ചൊവ്വാഴ്ച

നീയെങ്ങനെ അറിയാന്‍ ..


ഞാന്‍ വെറും പൂജ്യമാനെന്നും

ഒന്നിന്‍റെ പിറകിലാണെന്‍റെ വിലയെന്നും ..

കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും

നീ മടുത്ത ഗണിത ശാസ്ത്രം..


ഒരു ജന്മം മുഴുവന്‍ പറഞ്ഞ കഥയില്‍

സീത രാമന്‍റെ ആരെന്ന ചോദ്യത്തില്‍

ഉത്തരം മുട്ടി മിഴിച്ചിരുന്ന എന്നെ ..

നീയെങ്ങനെ അറിയാന്‍ ..


എന്നെയറിയാന്‍..എന്തെളുപ്പമാണെന്നോ ..

പറയാന്‍ കൊതിച്ച ഒരായിരം വാക്കുകള്‍

ഒളിപ്പിച്ച എന്‍റെ ഹൃദയം

ഇതളുകളായി ഒന്നടര്‍ത്തി നോക്കൂ .


കറുപ്പിനും പ്രണയമുണ്ടെന്നറിയാന്‍

..ഏഴഴകുണ്ടെന്നറിയാന്‍ ..

ഞാവല്‍പ്പഴം പോലെയെന്നറിയാന്‍..

കഴിയാതെ പോയത് വെളുപ്പിന്റെ നഷ്ടം ..


ഇന്ന്..പൂജ്യം തിരഞ്ഞു നീയും

ഒന്നില്ലാതെ ഞാനും...


ഗോപി വെട്ടിക്കാട്ട്

2009 നവംബർ 13, വെള്ളിയാഴ്‌ച

നുറുങ്ങു കഥകള്‍... രണ്ടാം ഭാഗം

1.മച്ചിപ്പശു..
******************
വളര്‍ത്താനായാലും കൊല്ലാനായാലും
കൊണ്ട് പൊക്കോളൂ...
അയാള്‍ പശുവിന്‍റെ കയര്‍ അഴിച്ചു കൊടുത്തു...
മച്ചിപ്പശുവിനെ എത്രെ കാലം എന്ന് വെച്ചാ വളര്‍ത്തണെ...

ജനലരികില്‍ അങ്ങകലെക്ക് നോക്കി
തന്‍റെ ചുരക്കാത്ത മാറും, നിറയാത്ത വയറും തടവി അവള്‍ നെടുവീര്‍പ്പിട്ടു...


2.. ചിലന്തി വല ..
****************

ചാനലില്‍ ആസിയാന്‍ കരാറിനെക്കുറിച്ച് ചൂടുള്ള ചര്‍ച്ച ..
കരാറു കൊണ്ട് നമ്മുടെ കര്‍ഷകര്‍ക്ക് കിട്ടാന്‍ പോകുന്ന ഗുണങ്ങളെ പറ്റി
വാചാലരാവുന്ന കദര്‍ ധാരികള്‍..

പെട്ടെന്ന് എന്തോ ശബ്ദം കേട്ടാണ്‌ ഉത്തരത്തിലേക്കു നോക്കിയത് ...
വലിയൊരു ചിലന്തി വല ..
അതില്‍ ഒരു തുമ്പി കുടുങ്ങിയിരിക്കുന്നു ..
തല ചിലന്തിയുടെ വായക്കകത്തായ തുമ്പി ചിറകിട്ടടിക്കുകയാണ്....

ചാനലില്‍ അപ്പോഴും എതിര്‍ വാദങ്ങളെ ശക്തിയുക്തം
എതിര്‍ക്കുന്ന കദര്‍ ധാരികള്‍ ..അരങ്ങു തകര്‍ക്കുന്നു...


3..കഷ്ടകാലം..
****************
"ഇനി വണ്ടി ഓടിക്കണ്ടാ"
ഞാന്‍ ഇന്നലെ പണിക്കരേ കൊണ്ട് ജാതകം നോക്കിച്ചു ..
കഷ്ടകാലം ആണെന്ന പറയണേ..മോട്ടോര്‍ വാഹനം തൊടാന്‍ പാടില്ലെന്ന് ..
രണ്ടു ദിവസം മുന്‍പ് ഓഫീസില്‍ പോകുമ്പൊള്‍ ബൈക്ക് ചെറുതായൊന്നു മറിഞ്ഞു..
ഒന്നും പറ്റിയില്ലെങ്കിലും അവള്‍ ആകെ പേടിച്ചു..
അനങ്ങിയാല്‍ പണിക്കരേ കാണുന്നത് അവള്‍ക്കൊരു ശീലമായതിനാല്‍ ഒരു ചിരിയിലൊതുക്കി..
നിനക്കതു പറയാം..ഓഫീസിലേക്ക് പിന്നെ നടന്നു പോകാന്‍ പറ്റോ ..
ഓഫീസില്‍ എത്തി പത്തു മിനിട്ട് കഴിഞ്ഞില്ല..
അവളുടെ ഫോണ്‍ ..
"നമ്മുടെ പണിക്കരേ ബസ്സ്‌ തട്ടി..ആശുപത്രിയില്‍ കൊണ്ട് പോകുന്നതിനു മുന്‍പേ മരിച്ചു.."
ഇന്ന് ലീവ്‌ എടുക്കൂ ..നമുക്കവിടെ വരെ പോണം..
പെട്ടെന്ന് വിശ്വസിക്കാനായില്ല...
ആദ്യത്തെ ഞെട്ടലില്‍ നിന്നും വിമുക്തനായപ്പോള്‍ മനസ്സ് മന്ത്രിച്ചു...
പാവം അയാള്‍ടെ കഷ്ടകാലം.



4..ഓണം ...
****************
"ആ‍ കാറ്ററിംഗ്ങ്ങുകാര്‍ ഇത് വരെ വന്നില്ല .."ഇനിയിപ്പോ എന്താ ചെയ്യാ ..
ഞാനാണെങ്കില്‍ ഒന്നും ഉണ്ടാക്കിയിട്ടുമില്ല ..
ഓണ സദ്യയല്ലേ ..അവര്‍ക്കൊരു പാട് സ്ഥലത്ത് കൊടുക്കാനുണ്ടാവും ..
നീയൊന്നു കൂടി വിളിച്ചു നോക്ക്..അഡ്രസ്സ് ശരിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടല്ലോ ..
"മോളെ ആ‍ പൂക്കളൊന്നും നശിപ്പിക്കണ്ടാ" കഴുകി വെച്ചാല്‍ അടുത്ത ഓണത്തിനു ഉപയോഗിക്കാം ..
"അച്ഛാ ഈ ഓണക്കളി കണ്ടു മടുത്തു..ആ‍ ചാനലോന്നു മാറ്റൂന്നെ ..
ഹിന്ദി ഫിലിം ഉണ്ട് "കഹോനാ പ്യാര്‍ ഹെ"
"അല്ല നിങ്ങള് കുളിക്കുന്നില്ലേ " കസവ് മുണ്ടും ജുബ്ബയും തേച്ചു വെച്ചിട്ടുണ്ട് ..

അയാള്‍ ബാറ്റ് റൂമില്‍ കടന്നു വാതിലടച്ചു .
ബാത്ത്‌ട്ടബ്ബിലെ വെള്ളത്തിലെക്കൊരു മുങ്ങാംകുഴിയിട്ടു ..
കുളിച്ചു കയറിയപ്പോള്‍ പുഴക്കരയില്‍ കൂട്ടുകാരെല്ലാവരും ആര്‍പ്പു വിളിക്കുന്നു..
അയാളും നീട്ടി വിളിച്ചു ..ആറാപ്പൂയ്‌ ..പൂയ്‌ പൂയ്‌ ..


5..സ്വകാര്യം
******************
വടക്കേ മതില്‍ പൊക്കി കെട്ടിയെ തീരൂ ..
എനിക്ക് വയ്യ എന്നും അവളുടെ തിരു മോന്ത കാണാന്‍..
ഒരു മുടിഞ്ഞ ശ്രിങ്കാരം.
പാടത്തെക്കുള്ള ഗേറ്റ് എടുത്ത്‌ മാറ്റി അവിടെ അടക്കണം..
പിള്ളേര് നമ്മുടെ പറമ്പിലൂടെയാണ് കളിക്കാനായി പാടത്തെ ക്കിറങ്ങുന്നത് .
ഒച്ചയും ബഹളവും ..വല്ലാത്ത ശല്യം ..
മുന്‍ വശത്തെ ഗേറ്റിന്റെ വിടവ് അടക്കണം .. പുതിയൊരു പൂട്ട് ഇടണം
ഭിക്ഷക്കാരെകൊണ്ട് തോറ്റു ..പിന്നെ
ആ‍ വിടവിലൂടെയാണ് പട്ടിയും പൂച്ചയും കോഴിയുമെല്ലാം പറമ്പിലേക്ക് കടക്കുന്നത്‌ ..
'ഓഹോ" ചുരുക്കി പറഞ്ഞാല്‍ വായുവല്ലാതെ മറ്റൊന്നും കടക്കരുതെന്ന് സാരം..
'അതെ"
"അപ്പോള്‍ നമ്മള്‍ ഒറ്റപ്പെട്ടു പോവില്ലേ ..."
അതിനെന്താ ചേട്ടന് ഞാനും ..എനിക്ക് ചേട്ടനുമില്ലെ..



6..എഴുത്തുകാരന്‍
*******************
അയാള്‍ ഒരെഴുത്തുകാരനായിരുന്നു...
പത്ര ,മാസികകളില്‍ അയാളുടെ രചനകള്‍ വേറിട്ട്‌ നിന്നു ..
ചുറ്റും ആരാധകര്‍ ,അഭിനന്ദനങള്‍ ..
കയ്യിലുള്ളതെല്ലാം എഴുതി തീര്‍ന്നപ്പോള്‍ ,ആളുകള്‍ ശ്രദ്ധിക്കാതായപ്പോള്‍ അയാള്‍ക്ക്‌ ഇരിക്കപൊറുതി ഇല്ലാതായി..
എഴുത്തിന്‍റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അയാള്‍ ഇറങ്ങി..
കറങ്ങി കറങ്ങി എത്തിപ്പെട്ടത് നഗരത്തിലെ പ്രസിദ്ധമായ തെരുവിലായിരുന്നു..
വേശ്യകളും മദ്യവും ,മയക്കു മരുന്നും, തെരുവ് ഗുണ്ടകളും ഇഴ പിരിഞ്ഞു കിടക്കുന്ന ഒരു തെരുവ്..

അനുഭവങ്ങളില്‍ നിന്നാണ് ക്ലാസിക്കുകള്‍ ഉണ്ടാകുന്നത്..
എന്ന അറിവില്‍ അയാള്‍ അവളുമായി അനുഭവങ്ങള്‍ പങ്ങ്ങു വെച്ചു..
ഭൂതവും കഴിഞ്ഞു വര്‍ത്തമാനത്തില്‍ എത്തിയപ്പോള്‍.
അനുഭവങ്ങളുടെ പ്രചോദനത്തില്‍ അയാള്‍ പുതിയൊരു എഴ്ത്തുകാരനായി..
അവളുടെ പറ്റ് വരവുകളുടെ കണക്കെഴുത്ത്..

ഭാവിയില്‍ അയാള്‍ ആ തെരുവിലെ ഏറ്റവും നല്ല കണക്കെഴുത്ത്കാരനായെക്കാം...


ഗോപി വെട്ടിക്കാട്ട്




2009 നവംബർ 11, ബുധനാഴ്‌ച

ചൊവ്വാ ദോഷം...

ഗ്രഹങ്ങളില്‍ ചൊവ്വക്ക് ദോഷം
ഭൂമിയില്‍ മങ്കമാര്‍ക്കും
ചൊവ്വയില്‍ ജീവന്‍ ഹിമപാളിയായ്‌
ഒളിഞ്ഞു കിടപ്പുണ്ടെന്ന് നാസ..

കണിയാന്‍റെ രാശി പലകയില്‍
തായം കളിക്കുന്ന കവിടികളില്‍
മരവിച്ചു പോയ മോഹങ്ങളും
അറച്ചു നില്‍ക്കുന്ന മംഗല്യ ഭാഗ്യവും.

ചൊവ്വയിലെ ജീവനെ സ്വപനം കണ്ടു
തലയിലെ വെള്ളിയിഴകളില്‍ തലോടി..
തിങ്കളാഴ്ച വ്രതവും നോറ്റ്
ചൊവ്വാഴ്ച്ചകളില്‍ അവള്‍ കാത്തിരിപ്പ്‌ തുടരുന്നു..


ഗോപി വെട്ടിക്കാട്ട്