2010, ഏപ്രിൽ 6, ചൊവ്വാഴ്ച

പുകഞ്ഞ കൊള്ളി.


തലയുരുകി
ഉടലുരികി
ഒലി ച്ചിറങ്ങും
പ്രണയം ..

ചോദ്ധ്യങ്ങളായ്
ചൂണ്ട കൊളുത്തില്‍
പിടഞ്ഞു തീരും
സ്വപ്നം..

മൌന വാത്മീകം
ഇരന്നു വാങ്ങി
ഉരുകി തീരും
മോഹം..

ജനിക്കാതെ
മരിച്ച കുഞ്ഞിന്‍
ജാതകമെഴുതും
കണിയാന്‍..

കരിയടുപ്പില്‍ ..
ജ്വലിക്കാതെ
കരിഞ്ഞു തീരും
പുകഞ്ഞ കൊള്ളി..

ഊതിയൂതി
ഊര്ധ ശ്വാസം വലിച്ചു
പിടഞ്ഞു തീരും
ജന്മം..

ഗോപി വെട്ടിക്കാട്ട്

2010, മാർച്ച് 19, വെള്ളിയാഴ്‌ച

ഓട്ടോഗ്രാഫ്‌ ..


നിന്‍റെ തുറക്കാത്ത
ജനല്‍ച്ചില്ലുകളിലെ മൂടല്‍ മഞ്ഞ്
കണ്ണീരു പോലെ ഒലിച്ചിരങ്ങുമ്പോള്‍
മങ്ങിയ ചിത്രം പോലെ
എനിക്ക് നിന്നെ കാണാം....

പിഴുതെറിഞ്ഞിട്ടും..
പോകില്ലെന്ന വാശിയോടെ
അരുതരുതെന്നു വിലക്കുമ്പോഴും
തഴച്ചു വളരുന്ന ഓര്മകളെ
നീയിപ്പോള്‍
തുടച്ചു മിനുക്കുകയാവാം
അതിലെവിടെയെങ്കിലും
ഞാനുണ്ടോ എന്ന് തിരയുകയാവാം..

"ഒരിക്കല്‍ ഞാന്‍ വരും
ഒരു മഞ്ഞു തുള്ളിയായി"
അന്ന് നീയെന്നെ തിരിച്ചറിയുമോ"
ചിതലരിച്ച ഓട്ടോഗ്രാഫിലെ,
മായാത്ത അക്ഷരങ്ങളുടെ
പൊരുളറിയാതെ ..
പാഴായിപ്പോയ എന്‍റെയീ ജന്മം...

ഗോപിവെട്ടിക്കാട്

2010, മാർച്ച് 17, ബുധനാഴ്‌ച

ആശാന് ...(കഥ)


നായരെ കടുപ്പത്തില്‍ ഒരു ചായ ...
ചായപ്പീടികയില്‍ ചെന്നു കേറീതും ആശാന്‍ വിളിച്ച് പറഞ്ഞു...
പിന്നെ ഒഴിഞ്ഞ ബെഞ്ചിന്റെ മൂലയില് സ്ഥാനം പിടിച്ചു ..
ആരോടെന്നില്ലാതെ പറയാന് തുടങ്ങി...
ങ്ങള് ഒരു കാര്യം കേട്ടാ...
മ്മടെ മനക്കലെ ആനേടെ പാപ്പാനേ
കാണാനില്ലാത്രേ..ആ അടിച്ചു തെളിക്കാരി പെണ്ണാ യിട്ട്
അവനിത്തിരി ലോഹ്യം ണ്ടാരുന്നു...അവന് മുങ്ങീ താവും...
ഞാന് പറയുമ്പോ ങ്ങള് പറേം പരദൂശനാന്നു..ഇനീ പ്പോ കേക്കാം ..
ങ്ങള് ഒരു കഷ്ണം പുട്ട് കൂടി എടുക്ക്...വയറു കത്തലങ്ങു നിക്ക ണി ല്ല...
ഇത്തരി കടെലെന്റെ ചാറ് കൂടുതല് ഒഴിച്ചോലീന് ..
ന്‍റെ ആശാനെ ..പാപ്പാനല്ലേ..പോയിള്ളൂ...ഭാഗ്യം
.ആന ആരുടെയെങ്കിലും കൂടെ ചുറ്റിക്കളിയായാല്‍ പാവം നമ്പൂരി ചുറ്റും..
"നീ മുണ്ടാതിരിയെടാ ഹമുക്കെ ...
ആളെ ക്കളിയാക്കാന്‍ ഇരിക്യാ.."

തന്നെ തോട്ടിയിട്ട അപ്പുക്കിളിയോടു ആശാന്‍ ചൂടായി...
ങ്ങക്ക് അറീല്യ മ്മള് ഈ നാടായ നാട്ടിലൊക്കെ നടന്നു
കള്ള് ചെത്ത നോണ്ട് എല്ലാം കാണുനുണ്ട്..
മോളിലാണ് പണിയെങ്കിലും കണ്ണ് താഴത്താണേ

ചെത്താന്‍ കേറുമ്പോള്‍ താഴേക്കു നോക്കിണതു നാട്ടില്‍ പാട്ടാണെ...
ഇമ്മളെ രാരുമൂപ്പരുടെ മോളു കുളിമുറീല്‍ കുളിക്കാന്‍ കേര്യപ്പോള്‍
ഇങ്ങള് തെങ്ങിന്റെ മോളു അല്ലായിണോ?
ബാക്ക് ഞാള് പറയണോ?
നായര് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി ആശാനെ ഒന്ന് ഒളി കണ്ണിട്ടു നോക്കി...
ങ്ങള് അവരും ഇവരുമൊക്കെ പരെണതു വിശ്വസിചോളെ..
ഒടെ തമ്പ്രാനാണ് അപ്പണി എനക്കില്ല...
പിന്നെ ചെലതൊക്കെ മ്മള് കാണാതേം ഇല്ലാ...
ങ്ങള് ഇത് കേക്ക് ...ന്റെ നായരെ
ആനക്ക് പട്ട വേണംന്ന് ആ ചെക്കന്
പറഞ്ഞിട്ടാ ഞാ പട്ട വെട്ടീത് ...എന്നുറ്റ് അപ്പറത്തെ പറമ്പില് ചെത്താന് കേറീതാ..
ചെത്തി കഴിഞ്ഞു ഇറങ്ങാന് നോക്കുമ്പോ താ നമ്പൂരിടെ പറമ്പീന്ന് ഒരു വര്ത്താനം കേക്കണ്.
നോക്കുമ്പോ ന്താ ..ആ വാല്യക്കരീം പാപ്പാനും ഒരു പട്ടയിമ്മേ പിടീം വലീം...
ഇറങ്ങിയ ദൂരം ഞാന്‍ മോളിലോട്ട് തന്നെ കേറി..
എന്‍റെ നയരേ ഒന്നും പരേണ്ടാ ..ആ‍ ചെക്കന്‍ പട്ട വിട്ടതും പെണ്ണ് താ കിടക്കണ് മലര്‍ന്നടിച്ചു...
പിന്നെ ന്‍റെ നായരെ കണ്ണ് മൂടീട്ടാ ഞാന്‍ തെങ്ങുമ്മന്നു ഇറങ്ങിയേ ....


ഇത്രെയും പറഞ്ഞു ആശാന് അപ്പുക്കിളിയോടായി ചോദിച്ചു...
അല്ലടാ ചെക്കാ ..നീയിന്നു ബസ്സില് പോയില്ലേ..
ഇല്ലാശാനെ ...ഇന്ന് നമ്മുടെ വാസു സഖാവിന്റെ രക്തസാക്ഷി ദിനല്ലേ...
മൂലക്കല് ഇന്ന് അനുസ്മരണ മുണ്ട്...വൈകീട്ട്...
സത്യത്തില് ഞാനതങ്ങു മറന്നു...
കൊല്ലെത്രെയായി...നാലും ഇപ്പള് കഴിഞ്ഞ പോലെ തോന്നാ .
ഉം ...നായര് ഒന്ന് മൂളി... കണ്ണിന്റെ മുന്പീന്നു അങ്ങട് മായണില്ല ആ കിടപ്പ് ..
അക്കോലത്തിലല്ലേ ആ നായിന്റെ മക്കള് വെട്ടിക്കീറിയെ
കട പൂട്ടുന്ന വരെ ഇവിടെ ഇരിക്കായിരുന്നു ..വാസൂം പിന്നെ നമ്മടെ മേലെത്തെ അശോകനും..
ഞങ്ങ ല് ഒരുമിച്ചാ ഇറങ്ങിയേ...
പടിഞ്ഞാട്ടു പോണ കണ്ടു ഞാന് ചോയിച്ചതാ ...
അപ്പൊ പറഞ്ഞു അശോകന്റെ വീട് വരെ പോണംന്ന് ...
കാലത്ത് കേക്കണത് ഇതല്ലേ....
ഓന് കൊല്ലിച്ചതാന്നു ആര്ക്ക അറിയാത്തെ നായരെ...
ആ അങ്ങനെക്കെ കേക്കുനുണ്ട് ..സത്യം ദൈവത്തിനല്ലേ അറിയോ ...


ങ്ങക്ക് വല്ല കാറ്റുണ്ടോ ന്റെ നായരെ ...ആശാന് ചൊടിച്ചു...
അന്ന് അമ്പലത്തില് വാള് പോസ്റ്റൊട്ടിക്കാന് ഒപ്പം ഉണ്ടായിരുന്നോനല്ലേ ഈ അശോകന്...
ദൈവം ഇല്ല്യാ ...കല്ലിനെ ആരാധിക്കാന് പാടില്ല്യാ എന്നൊക്കെ അമ്പലത്തിന്റെ നടവാതില്
എഴുതി വെച്ചാ പിന്നെ അവന്മാര് വിടോ ... തട്ടി ക്കളഞ്ഞു അത്രന്നെ .
കേസിന്ന് പുഷ്പ്പം പോലെല്ലേ അവന് ഊരിപ്പോന്നത്...
ആരാ അവനെ കേസ്സീന്നു രക്ഷിച്ചേ ..ങ്ങടെ പാര്ട്ടിക്കാര് തന്നെ....
പ്പൊ അവന് വല്ല്യ ജോലിക്കാരനും മുതാലാളീം....നേതാവും...

അതിപ്പോ അന്ന് അശോകന്റെ അച്ഛനല്ലാരുന്നോ അമ്പലക്ക്മ്മിറ്റി...പ്രസിഡണ്ട്
മോനെ രക്ഷിക്കാതിരിക്കോ ...
അതന്യാ പറഞ്ഞെ ...ഓനിപ്പോ അമ്പലം പണിതു കൊടുത്തില്ലേ..
വല്യ കമ്മ്യൂണിസ്റ്റ് നേതാവാത്രേ .. അമ്പലം പണിയാന് നടക്കാന്...
അല്ല ആശാനെ കമ്മ്യൂണിസ്റ്റ് ആയാല് ദൈവ വിശ്വാസം ..അമ്പലം ഒന്നും പാടില്ലാന്നുണ്ടോ...
കംമുനിസ്ട്ടു കാരന് കാശുണ്ടായാല് മാത്രം കുറ്റം...
അപ്പുക്കിളിയുടെ ചോദ്യം ആശാന് അത്ര പിടിച്ചില്ല...
നിനക്കെന്തറിയാടാ ചെക്കാ...
തല്ലുണ്ടാക്കാനും സംഭാവന് പിരിക്കാനുമാല്ലാതെ...
ഞങ്ങളൊക്കെ തല്ലു കൊണ്ടും പട്ടിണി കിടന്നും ഉണ്ടാക്കിയതിന്റെ മോളിലാ ..
നീയൊക്കെ കിടന്നു മേയണെ ....കള്ളന്മാര് ..പാവങ്ങടെ എന്തെങ്കിലും കാര്യം നോക്കാന് നേരണ്ടോ...
മുതലാളിമാരുടെ പിന്നാലെ നടക്കല്ലേ...
ന്നെ പടി അടച്ചു പിണ്ഡം വെച്ചു ച്ചാലും സങ്കടം കൊണ്ടാ പരേണെ ...
ആശാന് പറഞ്ഞു നിര്ത്തി...


ന്നട്ട് ആരാപ്പോ അനുസ്മരണ ത്തിനു വരണേ...
അത് നമ്മടെ എമ്മെല്ലേ വരാന്നു പറഞ്ഞിട്ടുണ്ട് ....
ആള് അങ്ങ് തിരോന്തരത്തല്ലേ...സമയണ്ടാവോ...
ഇപ്പൊ ങ്ങടെ ടീവീടെ ആളല്ലേ...
പറയുമ്പോ ആശാന്റെ മുഖ ത്തൊരു പരിഹാസംണ്ടാരുന്നു....
അത് മന്സ്സിലാക്കിട്ടെന്ന പോലെ അപ്പുക്കിളി പറഞ്ഞു...
എന്ത് തിരക്കായാലും സഖാവ് അനുസ്മര ണത്തിനു വരാതിരിക്കില്ല ...
ഉം ഉം ...ആശാനൊന്നു ഇരുത്തി മൂളി...

അല്ല ഇന്നാളു ക്ലബ്ബിന്റെ വാര്ഷികം പിടിക്കാന് ടീവിക്കാരെ കൊണ്ടരാന്
ങ്ങള് മൂപ്പരെ കാണാന് തിരോന്തര ത്ത് പോയിട്ട് കണ്ടില്ലാന്നു കേട്ടൂലോ ...
പുതിയ കെട്ടിടത്തിലേക്ക്
ഔട്ടോ രിക്ഷേല് ചെന്ന ങ്ങളെ അങ്ങട് കേറ്റീലാന്നൊക്കെ..
ആശാനെ അവരും ഇവരും പറേണ തൊക്കെ കേട്ട് പിരിവെക്കാന് നടന്നോ...
എന്നാ അത് ഞങ്ങടെ അടുത്ത് വേണ്ടാ..വിവരം അറിയും..
അപ്പുക്കിളിയുടെ മറ്റു മാറി...

നായരെ ...ഞാനങ്ങട് പോവാ ..കാശ് വൈകുന്നേരം വരുമ്പോ തരാം ...
ആ നമ്പൂരിടെ പറമ്പില് ആന പട്ടിണി കെടക്കാ ...
പാപ്പന് പോയില്ലേ ....
അതിനു രണ്ടു പട്ട വെട്ടിയിട്ട് കൊടുത്താല് ആ പുണ്യമെങ്കിലും കിട്ടും..
ആശാന് ഇറങ്ങി നടന്നു....................



ഗോപിവെട്ടിക്കാട്

2010, മാർച്ച് 16, ചൊവ്വാഴ്ച

ശ്രുതിലയം കവിതാ പ്രകാശന ചടങ്ങ് ...






മാര്‍ച്ച് :14 നു രാവിലെ 10 : 30 നു
തിരുവനന്തപുരംബി ടി ആര്‍ മെമ്മോറിയല്‍ ,...ഹാളില്‍
വച്ച്
കേരളത്തിന്റെ ആരാധ്യനായ :തൊഴില്‍ വകുപ്പ് മന്ത്രി ,.ശ്രി: പി കെ ഗുരുദാസന്‍
മലയാളത്തിന്റെ പ്രിയപ്പെട്ട കവി മുരുകന്‍ കാട്ടാക്കടക്ക് ആദ്യ പ്രതി നല്‍കികൊണ്ട്
പ്രകാശനം ചെയ്യ്തു ...
സ്വാഗതം
അനില്‍ കുരിയാത്തി
തുടര്‍ന്ന് : ശ്രുതിലയം സംഘടിപ്പിച്ച കഥ രചന ,..കവിത രചന മത്സരങ്ങളില്‍ വിജയിയായവര്‍ക്ക്
"ശ്രി ഗിരീഷ്‌ പുലിയൂര്‍ സമ്മാന ദാനം നിര്‍വഹിച്ചു



തുടര്‍ന്ന്

പ്രമുഖ വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിച്ചു
സര്‍വ ശ്രീ :സി പി അബുബക്കര്‍
കരമന ഹരി ( സെക്രടറി സി പി ഐ (എം) ചാല ഏര്യാ കമ്മറ്റി )
മണക്കാട് സുരേഷ് ഐ എന്‍ സി (ഐ) തിരുവനന്തപുരം ജില്ല സെക്രട്ടറി )
എസ് എ മജിദ്‌ (വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ )
എം കെ ഖരീം (പ്രശസ്ത നോവലിസ്റ്റും -നിരൂപകനും )
രാധകൃഷ്ണന്‍ നായര്‍ (ഡയരക്ടര്‍ കെ എസ് ആര്‍ ടി സി )
കുര്യാത്തി ശശി (കൌണ്‍സിലര്‍ തിരു:നഗരസഭാ )
തുടങ്ങിയവര്‍ ,......
കൃതഞത
ധന്യ ദാസ്

ശേഷം ശ്രുതിലയം കൂട്ടുകാരുടെ കലാവിരു ന്നും ഉണ്ടായിരുന്നു

2010, മാർച്ച് 10, ബുധനാഴ്‌ച

"ശ്രുതിലയം" കവിതകള്..പുസ്തക പ്രകാശനം



"ശ്രുതിലയം" കവിതകള് ....പുസ്തക പ്രകാശനം .....
മാര്‍ച് 14 ണ് രാവിലെ 10 മണിക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു
ബഹുമാന്യനായ തൊഴില്‍ വകുപ്പ് മന്ത്രി ശ്രി :പി കെ ഗുരുദാസന്‍ ആണ് പുസ്തകം പ്രകാശനം ചെയ്യുന്നത്
ശ്രീ കാട്ടക്കട മുരുകന്‍, ശ്രീ ഡി വിനയചന്ദ്രന്‍, ശ്രീ ഗിരീഷ്‌ പുലിയൂര്‍, ശ്രീ എഴാച്ചേരി രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യവും അനുഗ്രഹവും ഉണ്ടാകും....
താങ്കളുടെ സാന്നിധ്യം ക്ഷണിച്ചു കൊള്ളുന്നു..

ഭുഗോളത്തിന്റെ പലയിടത്തില് നിന്നും കൂട്ടം കൂടിയ ,അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ "ശ്രുതിലയം "ഓര്ക്കുട്ട് കൂട്ടായ്മ യുടെ കുത്തിക്കുറിപ്പുകള് ..
മുഖ്യ ധാരാ എഴുത്തുകാരല്ലെങ്കിലും അക്ഷരങ്ങളാണ് ജീവിതത്തിന്റെ മുഖ്യ ധാരയില് നട വെളിച്ചം വീഴ്ത്തുന്നതെന്ന തിരിച്ചറിവുള്ള കുറച്ചു പേരുടെ കൂട്ടായ്മയില് നിന്നും സാക്ഷാല്ക്കരിക്കപ്പെട്ട "ശ്രുതിലയം" ആദ്യമായി പുറത്തിറക്കുന്ന കവിതാ സമാഹാരം...
"ശ്രുതിലയം കവിതകള് "
http://www.orkut.com/Main#Community?cmm=95521351

"ശ്രുതിലയം"
ഗോപി വെട്ടിക്കാട്ട്....

2010, ഫെബ്രുവരി 21, ഞായറാഴ്‌ച

മാപ്പ് സാക്ഷീ...

മാപ്പ് സാക്ഷീ...

നീയും മാപ്പ് സാക്ഷിയോ,,.
ഇനി സംശയം എന്തിന്...
പ്രതി ഞാന്‍ തന്നെ.

ഇന്നീ പ്രതിക്കൂട്ടില്‍
ഞാന്‍ തനിച്ചായിരിക്കുന്നു..
ഇന്നലെ വരെ നീയായിരുന്നല്ലോ ഒന്നാമന്‍.
ഞാന്‍ ഏറ്റവും അവസാനവും..
രാത്രിയുടെ മായാ ജാലത്തില്‍
നീ ഞാനും ഞാന്‍ നീയുമായിരിക്കുന്നു..

കര്‍ക്കിടകപ്പുലരിയില്‍
ശ്രീ കോവിലിന്റെ ചുവരുകളില്‍
എഴുതി വെച്ച നിന്‍റെ സൂക്തങ്ങള്‍ ..
തകര്‍ത്ത വിഗ്രഹങ്ങള്‍..
തടവറയിലെക്കെന്നെ നയിക്കുമ്പോള്‍
നാളത്തെ പുലരിയുടെ മഞ്ഞ വെളിച്ചം
നിന്‍റെ കണ്ണില്‍ തെളിയുന്നത്‌ ഞാന്‍ കാണുന്നു...

ഇന്നലെ പിരിയുമ്പോള്‍ ,
നീയുയര്‍ത്തിയ മുഷ്ട്ടി ..
പുതുക്കിയ പ്രതിത്ന്യ . ..
അഭിവാദ്യങ്ങള്‍ ..

എനിക്കിപ്പോള്‍ ചിരി വരുന്നു...
സ്വപ്നങ്ങളില്‍ വിശ്വസിച്ച ഞാന്‍
എന്തൊരു മണ്ടനാണ് ..

മതം ലഹരിയാണെന്നും..
മനുഷ്യനെ മയക്കുമെന്നും
വിഗ്രഹങ്ങള്‍
തകര്‍ക്കാനുല്ലതാനെന്നും
ഉദ്ബോധനങ്ങള്‍
കാതില്‍ മുഴങ്ങുമ്പോള്‍ ,
മാപ്പ് സാക്ഷീ ..
നിന്‍റെ നെറ്റിയിലെ കുങ്കുമപ്പൊട്ടു
പരിഹസിക്കുന്നത് ഞാന്‍ അറിയുന്നു.

പുലരിത്തുടുപ്പിന്‍റെ ശോണിമ
നിന്‍റെ കണ്ണില്‍ മറഞ്ഞിരിക്കാം ...
എരിയുന്ന കനലായ്
എനിക്കതിപ്പോഴും കാണാം ...


ഗോപിവെട്ടിക്കാട്

2010, ഫെബ്രുവരി 14, ഞായറാഴ്‌ച

നുറുങ്ങു കഥകള്‍ ..അഞ്ചാം ഭാഗം

കാല ഭേദങ്ങള്‍ ..

തമ്പ്രാ ..എന്നോട് പൊറുക്കണം ..
ഈ കോലായില്‍ ഇരുന്ന് അടിയന്‍ കുറെ കഞ്ഞി കുടിച്ചിട്ടുണ്ട്..
ഇവിടത്തെ ഉപ്പും ചോറുമാണ്‌ ഈ തടി..മറന്നിട്ടില്ല ..
അതിനെന്താടാ ..ഇല്ലം ആര്‍ക്കായാലും കൊടുക്കണം..
ബാങ്ക് ലേലം ചൈയ്യുന്നതിലും നല്ലതല്ലേ....
ഇതിപ്പോ നിനക്കാണെന്ന സമാധാനമെങ്കിലും ഉണ്ട്..
അല്ല തമ്പ്രാ ..വില്‍ക്കുന്നു എന്നറിഞ്ഞപ്പോള്‍ മോന് ഒരേ വാശി ..
അവനു തന്നെ വേണം എന്ന്..
അതൊന്നും സാരല്യ ..നീയായാ കാശിങ്ങു താ ..എന്നാച്ചാല്‍ ഞാന്‍ തീരു തരാം .
സാധനങളൊക്കെ ഞാന്‍ എത്രെയും പെട്ടെന്ന് മാറ്റാം..
അടിയന്‌ ഒരു കാര്യം പറയാനുണ്ട് ..
"പറഞ്ഞോ"
തമ്പ്രാന്‍ ഇരിക്കണ ആ‍ കസേര അടിയന്‌ വേണം ..
അതിന്‍റെ വിലയെന്താന്നു വെച്ചാല്‍ അടിയന്‍ തന്നോളാം..
മോന് വല്യ നിര്‍ബന്ധം ..


ചെരുപ്പ്


ഇതെന്താ സഖാവേ ...
പുതിയ ചെരുപ്പ് വാങ്ങിയപ്പോള്‍ പാകത്തിനുള്ളതൊന്നു വാങ്ങാമായിരുന്നില്ലേ..
ഇത് വലിയതാണല്ലോ..
ഒന്നും പറയണ്ട ..വാങ്ങിയതൊന്നുമല്ല ..ഇന്നലെ രാത്രി പാര്‍ട്ടി സ്റ്റഡി ക്ലാസിനു പോയതാണ്..
തിരിച്ചു പോരുമ്പോള്‍ എന്‍റെ ചെരുപ്പ് കാണാനില്ല ...പകരം കിട്ടിയതാണ് ഇത് ..
എന്റേത് പഴയാതായിരുന്നെങ്കിലും നല്ല ഉറപ്പുള്ള അസ്സല്‍ തോലായിരുന്നു..
ഇതിപ്പോ ..കാണാന്‍ കൊള്ളാം ..


സ്വര്‍ണപ്പല്ല്..

ഗള്‍ഫിലെ തുക്കടാ ബിസിനസ്സൊക്കെ നിര്‍ത്തി നാട്ടില്‍ സ്ഥിരതാമാസമാക്കിയപ്പോഴാണ് നാട്ടുകാര്‍ക്ക് വേലപ്പന്‍, വേലപ്പന്‍ മുതലാളിയായത് ..
കവലയില്‍ കാണുന്നവരോടൊക്കെ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന വേലപ്പന്‍ മുതലാളിയുടെ സ്വര്‍ണപ്പല്ല് തിളങ്ങി ..അസൂയക്കാര്‍ പറഞ്ഞു ..അത് സ്വര്‍ണം പൂശിയതാവും..ചിലര്‍ക്കൊക്കെ മുതലാളി പല്ല് കൈയ്യില്‍ എടുത്ത്‌ കൊടുത്തു ..കൈയ്യില്‍ തൂക്കി നോക്കിയവര്‍ വിധി എഴുതി ..തനി തങ്കം തന്നെ..പൊട്ടി ചിരിച്ചു മുതലാളി പറഞ്ഞു .."മൂന്ന് പവനാടോ "

ഇന്നലെ പതിവ് പോലെ ചിരിച്ചു വര്‍ത്തമാനം പറയുന്നതിനിടയില്‍
"അയ്യോ എന്‍റെ പല്ല് കാണുന്നില്ല "എന്ന് പറയുക മാത്രമല്ല ..മുതലാളി കുഴഞ്ഞു വീണു...
പോസ്റ്റ്‌ മോര്‍ട്ടം ചിയ്ത ഡോക്ട്രാണ്‌ ശ്വാസ നാളിയില്‍ അടഞ്ഞ പല്ല് കണ്ടെടുത്തത് ...

കാണാതായ സ്വര്‍ണപ്പല്ലിന്റെ സ്ഥാനത്തെ ഓട്ട വികൃതമായിട്ടും വേലപ്പന്‍ മുതലാളി ചിരിച്ചു തന്നെ കിടന്നു...



ഗോപി വെട്ടിക്കാട്ട്