2010 ജൂൺ 15, ചൊവ്വാഴ്ച

മുറിവുകള്‍ ...കവിത


മുറിവുകള്‍ ..
ആഴത്തിലേക്ക് ഇറങ്ങി
ഹൃദയത്തിന്റെ
അടി വേരുകള്‍ തേടി ..

പഴുത്തും...കരിഞ്ഞും
പുറമേ കാണുന്നത്
ചൊറിച്ചില്‍ മാത്രം ..

ആയുധം കൊണ്ടല്ല
അക്ഷരങ്ങള്‍ കൊണ്ടാണ്
മുറിയുന്നത്‌ ..

നിനക്ക് ഗാണ്ടീവമുണ്ട്
തെളിക്കാന്‍ തേരാളിയും ...
എനിക്കെന്‍റെ കവചം
നഷ്ട്ടമായതല്ല
അഴിച്ചു വെച്ചതാണ്

ദാനമായ്‌ നീ ചോദിച്ചതും
ഞാന്‍ തന്നതും
എഴുത്താണികള്‍

വിദ്യ മറന്നതും ..
മണ്ണില്‍ പുതഞ്ഞതും ..
ഗുരുശാപമല്ല..
സ്വയം കൃതാര്‍ത്ഥം..

ഇനിയാ ..
ഒഴിയാ തൂണിയില്‍നിന്നും
അക്ഷര ശരങ്ങള്‍ ..
കൈ തളരും വരെ....
എയ്തു കൊള്ളുക

ഗോപിവെട്ടിക്കാട്

2010 ജൂൺ 10, വ്യാഴാഴ്‌ച

ഇതെന്റെ അമ്മയാണ് .കഥ..



ഇതെന്റെ അമ്മയാണ് .കഥ..
...................................
നാണി ത്തള്ള മരിച്ചു ......
ഇന്നലെ ക്കൂടി കണ്ടതാണ് ...കൂനി ക്കൂനി ഒരു കൈ കാല്മുട്ടില് താങ്ങി
ചായ പ്പീടികയില് നിന്നും നടന്നു വരണത് ...
"വയ്യെങ്കില് വീട്ടില് ഇരുന്നാല് പോരെ ..എന്തിനാ ഇങ്ങനെ നടക്കണേ.."
ഒന്ന് നീര്ന്നു നിന്നു ...
"തീരെ വയ്യ ..ന്നാലും ഈ നേരയാല് ഒരു ചായ കുടിക്കണം "
പകുതി വിഴുങ്ങിയും പകുതി പറഞ്ഞും ...
പറഞ്ഞു പറഞ്ഞു നാണിത്തള്ള കിതച്ചു.
വഴിയില് ആരെകണ്ടാലും എന്തെങ്കിലുമൊക്കെ പറയണം ..
അത് കൊണ്ട് തന്നെ എല്ലാവരും കണ്ടതായി നടിക്കാതെ കടന്നു പോകും...
"പോണ വഴിക്ക് വീട്ടില് കേറി എന്തെങ്കിലും കഴിച്ചിട്ട് പോയാല് മതി...

പുറമ്പോക്കിലെ കുടിലിന്റെ മുന്നില് ആളുകള് കൂടിയിട്ടുണ്ട് ...
അകത്തേക്ക് കടന്നു..നിലവിളക്കില് എരിയുന്ന തിരിയുടെ വെളിച്ചത്തില് ആ മുഖത്തിനു
സ്വര്ണത്തിന്റെ തിളക്കം..ചുളിവു കളെല്ലാം പോയി രിക്കുന്നു...
ചെറിയൊരു പുഞ്ചിരി യോടെ ..ഉറങ്ങിക്കിടക്കുകയാനന്നെ തോന്നൂ..

ഇനിയിപ്പോ ആരും വരാന് ഇല്ലാത്ത സ്ഥിതിക്ക് എന്തിനാ വൈകിക്കണേ.
ആകെയുണ്ടായിരുന്നത് ഒരു മോളാ ...
അത് ആരുടെയോ കൂടെ ഓടിപ്പോയിട്ടു കാലം കുറെ ആയി
എവിടെയാനെന്നൊരു വിവരവുമില്ല ..


പാടത്തും പറമ്പിലും ഓടി നടന്നു പണിയെടുക്കുന്ന കാലത്ത് നാണിത്തള്ളക്ക് എല്ലാം ഉണ്ടായിരുന്നു
പിന്നീട് എപ്പോഴോ ഓരോന്നായി നഷ്ട്ടപ്പെട്ടു...
ആദ്യം പോയത് കുമാരേട്ടനാണ് ....തോട്ടില് വീണ്...
നാണിത്തള്ള അമ്മിണിയെ പെറ്റതിന്റെ പിറ്റേന്ന് ...
കന്നുകാലിയെ കഴുകാന് കൊണ്ട് പോയതാ....അപസ്മാരം ഇളകി .
ചത്തു പൊന്തി കൈതക്കൂട്ടത്തില് തടഞ്ഞു കിടന്നു ...
എല്ലാവരും പറഞ്ഞു ...പെറ്റു വീണതും തന്തയെ കൊണ്ട് പോയി....

ഓര്മ വെച്ച നാള് തൊട്ടു നാണിയമ്മ വീട്ടിലെ പണിക്കു വരുന്നുണ്ട്...അമ്മിണിയും കൂടെ യുണ്ടാകും...
അമ്മ തളര് വാദം വന്നു കിടപ്പിലായതുകൊണ്ട് കാലത്ത് കുളിപ്പിച്ച് തന്നെ സ്കൂളില് വിട്ടിരുന്നതും വീട്ടിലെ പണികളൊക്കെ ചിയ്തിരുന്നതും നാണിയമ്മയാണ്..അന്നൊക്കെ നാണിയമ്മയെ കാണാന് അമ്മയേക്കാള് ഭംഗി യായിരുന്നു..വെളുത്തു അധികം തടിയില്ലാതെ ...ചുരുണ്ട് നീണ്ടു കിടക്കുന്ന മുടിയില് കാച്ചിയ എണ്ണയുടെ മണം.. പടിയിറങ്ങുമ്പോള് നാണിയമ്മ പറയും
"മോനെ അമ്മിണിയെ നോക്കിക്കോളനെ"

അന്നൊരു ഞായറാഴ്ച ..
ഞായറാഴ്ചകളില്‍ അച്ഛന്‍ തട്ടിന്‍ മുകളിലെ വായനാ മുറിയിലായിരിക്കും..
സമയത്തിനു ഊണ് പോലും കഴിക്കാതെ ....വായനയില്‍ മുഴുകിയിരിക്കും....
പൂരപ്പിരിവുകാര് വന്നപ്പോള്‍ അച്ഛനെ വിളിക്കാന്‍ തട്ടിന് പുറത്തേക്കു പോയതാണ് ..
അവിടെ ..നാണിയമ്മയും അച്ഛനും ....
തന്നെ കണ്ടതും നാണി യമ്മ മുണ്ട് വാരിച്ചുറ്റി ചാടി എഴുന്നേറ്റു...
തിരിച്ചു കോണിപ്പടി ഓടിയിറങ്ങി...അമ്മയുടെ മുറിയില്‍ ചെന്നു...നിന്നു കിതച്ചു..
"എന്താടാ നിന്നു കിതക്കണേ" നീയെന്തിന്ന ഇങ്ങനെ ഓടണെ ..
അച്ഛനോട് പറഞ്ഞോ...
'ഉം"... വെറുതെ ഒന്ന് മൂളി ..
പാവം അമ്മ ...ഒന്നെഴുന്നെല്‍ക്കാന്‍ കൂടി വയ്യാതെ...
തന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ..
അന്ന് മുതല്‍ നാണിയമ്മയെ വെറുത്തു...അമ്മിണിയെ വെറുത്തു....
നാണിയമ്മ ഇനി ഇവിടെ പണിക്കു വരണ്ടാ ....
അമ്മക്കൊന്നും മനസ്സിലായില്ല...
"അതെന്താടാ പെട്ടെന്ന് ഇങ്ങനെ..." അതൊരു പാവമല്ലേ ..ഒന്നുമില്ലെങ്കിലും നീയതിന്റെ മുലപ്പാല് കുടിച്ചിട്ടുണ്ട് ..അത് മറക്കണ്ടാ...
തീര്‍ത്ത്‌ പറഞ്ഞു... വേണ്ടാ എന്ന്‌ പറഞ്ഞാല്‍ വേണ്ടാ എന്ന്‌ തന്നെ...
അച്ഛന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല...
ജോലി കഴിഞ്ഞു വന്നാല്‍ മുകളില്‍ തന്നെയായി ..വല്ലപ്പോഴും അത്യാവശ്യത്തിനു അമ്മയുടെ
മുറിയില്‍ വരും ...തന്നെ കണ്ടതായി പ്പോലും നടിച്ചില്ല...
നാണിയമ്മ വരാതായി... പകരം അടുത്തുള്ള മറ്റൊരു സ്ത്രീയായി വീട്ടു പണിക്ക്...

അമ്മിണി വല്യ പെണ്ണായപ്പോള്‍ സ്കൂളില്‍ പോക്ക് നിര്‍ത്തി...പിന്നെ നാണിയമ്മയുടെ കൂടെ കൂലിപ്പണിക്ക് പോയിത്തുടങ്ങി..
എന്നോ ഒരു ദിവസം അമ്മിണിയെ കാണാതായി,മനക്കല് പണിക്കു നിന്നിരുന്ന വാസൂനേം ..
നാണിയമ്മ ആരോടും ഒന്നും പറഞ്ഞില്ല...തിരയാനും പോയില്ലാ...നഷ്ട്ടങ്ങളുടെ കണക്കില്‍ അമ്മിണി യെയും വരവ് വെച്ച് കാണും....
നാടിന്‍റെ നെഞ്ചു പിളര്‍ത്തി തീവണ്ടി പാഞ്ഞപ്പോള്‍ നാണിയമ്മയുടെ വീട് റെയില്‍വേ എടുത്തു പോയി...പുറമ്പോക്കില്‍ ഒരു കുടില് വെച്ചിട്ടായി പിന്നെ നാണിയമ്മയുടെ താമസം...
കാലത്തിന്‍റെ കുത്തൊഴുക്കില്‍ നാണിയമ്മ ..നാണിത്തള്ളയായി മരിച്ചു...

ഇനി പുറത്തേക്ക് എടുക്കാം അല്ലെ.. ആരോ പറഞ്ഞു..ആരെങ്കിലും ഒന്ന് രണ്ടാളുകള് വരാ...
ഒരു ഉള്വിളി പോലെ ...കണ്ണ് കലങ്ങി ..ഇടനെഞ്ച് വിങ്ങി..
വായില് മുലപ്പാലിന്റെ മധുരം കിനിഞ്ഞു ..ഇത് നിന്റെ അമ്മയാണ്...
അകത്തേക്ക് കടന്നു ...നാണിയമ്മയുടെ തല പിടിച്ചു ....ചിതയിലേക്ക് എടുത്തു വെച്ചു .. വലം വെച്ചു...ആരോടെന്നില്ലാതെ പറഞ്ഞു ....
ഞാന് കൊളുത്താം ചിത ...ശേഷം ഞാന് കെട്ടിക്കോളാം..
ശേഷക്രിയ ഞാന് ചൈയ്തോളാം...
ഇതെന്റെ അമ്മയാണ് ..എന്റെ മാത്രം അമ്മ....

2010 ജൂൺ 8, ചൊവ്വാഴ്ച

തണ്ട് തുരപ്പന്‍ .



തഴച്ചു വളരുന്ന കൃഷിയില്‍
അവിടവിടെ
ചില കീടങ്ങള്‍
മുഞ്ഞ ..പാറ്റ..
കീട നാശിനിയും
അതി ജീവിച്ച് ചില
തണ്ട് തുരപ്പന്‍ ..
തളിച്ചതിന്റെ പിഴവോ ..
അതി ജീവനത്തിന്റെ മിടുക്കോ
തണ്ട് തുരപ്പന്‍ തുരക്കുന്നു..
ബലമുള്ള ചെടി തിരഞ്ഞ്
ഒരു കുത്ത് കടക്കല്‍ തന്നെ ..
നീര് ഊറ്റി.. തണ്ട് ചവച്ച്‌..
അടുത്തതിലേക്ക് ..നാശം...
സഹികെട്ട് അറ്റ കൈക്കൊരു
കടും പ്രയോഗം ...
തുണി പറിച്ച്‌ തലയില്‍ കെട്ടി
പുളിച്ച നാല് തെറി...

ചെടികള്‍ ഇല്ലാത്തതോ
നീരിന്റെ കുറവോ
അടുത്ത കണ്ടത്തിലിരുന്നു
തണ്ട് തുരപ്പ നിപ്പോള്‍
കൊഞ്ഞനം കുത്തുകയാണ്

ഗോപി വെട്ടിക്കാട്ട്
"ശ്രുതിലയം"
http://www.orkut.com/Main#Community?cmm=95521351

2010 ജൂൺ 7, തിങ്കളാഴ്‌ച

ആത്മഹത്യ...


ചുണ്ടിനും
കപ്പിനുമിടയില്‍
ആയുസ്സിന്റെ
പിടച്ചില്‍...
നിശ്ചലമായ
കാലത്തിന്റെ
തണുപ്പ്...


തെന്നിമാറാന്‍
കുതറുന്ന കാറ്റില്‍
ചന്ദനത്തിരിയുടെ
ഗന്ധം,,,
അടുക്കള തിരഞ്ഞ് ..
അടക്കിപ്പിടിച്ച
നിശ്വാസം ..
മണ്ണിന്റെ ചൂടില്‍
ഇരകാത്തിരിക്കും
പുഴുക്കള്‍ ...

തിരക്കിട്ട്
കടന്നുപോയ
സമയത്തെ
സാക്ഷിയാക്കി
ചുണ്ടിനും
കപ്പിനുമിടയില്‍
എപ്പോഴോ
ദൂരം മരിച്ചു.........


ഗോപിവെട്ടിക്കാട്

2010 ജൂൺ 2, ബുധനാഴ്‌ച

ചിലരങ്ങനെയാണ് ...

ചിലരങ്ങനെയാണ് ...
നേരെ വന്നു ചോദിക്കും ..
ഓര്‍മ്മയുണ്ടോ ?

ഇല്ലെങ്കിലും ഉണ്ടെന്നു തലയാട്ടും..
ഒര്മാത്താലുകള്‍ മറിച്ച് നോക്കും ..
പറിഞ്ഞ ഏടുകള്‍ തേടി അലയും...

കണ്ണുകള്‍ തിളങ്ങും ..
മൂന്നാം ക്ലാസില്‍ മൂന്നാം ബെഞ്ചില്‍
മൂന്നാമത്തെ അല്ലെ...
പുള്ളിപ്പാവടയിട്ട് ..മൂക്കൊലിച്ച്...

ഒക്കത്തെ കുഞ്ഞിലും ..
കണ്‍ തട കറുപ്പിലും
വായിച്ചെടുക്കാം ..
കാലത്തിന്റെ ദൈര്‍ഘ്യം ...

ഒഴിഞ്ഞ കഴുത്തും
സിന്ധൂര രേഖയും
ചുറ്റിലും തിരയുന്നുണ്ട്
കളഞ്ഞു പോയ കൌമാരം ....

തരിഞ്ഞു നടക്കുമ്പോള്‍ ..
കാതോര്‍ക്കും
മൂന്നാം ക്ലാസില്‍ മൂന്നാം ബെഞ്ചില്‍
തേങ്ങലുകള്‍ കേള്‍ക്കുന്നുണ്ടോ...


ഗോപി വെട്ടിക്കാട്ട് .....

2010 ഏപ്രിൽ 24, ശനിയാഴ്‌ച

പശുവും ...കിടാവും.


അലഞ്ഞു നടന്ന
കാലിക്കൂട്ടത്തിന്
മണ്ണ് ദാനം കൊടുത്ത
പ്രഭുക്കള്‍ ..
വെളുത്ത പശുക്കളെ
വിശുദ്ധരാക്കി ..
വിശുദ്ധര്‍ ദൈവങ്ങളായി .
ഉണ്ടുറങ്ങി..
പെറ്റു പെരുകി
വിഗ്രഹങ്ങളായി...

കടല്‍ കടെന്നെത്തിയ
വിശിഷ്ട ഭ്രൂണം
മുത്തച്ഛന്റെ ഊരത്തഴമ്പ്
തലവരയാക്കി ...
അഭിഷക്തനായി.
വായ്മൊഴികള്‍
വരമൊഴികളായി...
നാവടക്കൂ ..പണിയെടുക്കൂ

ചിലപ്പോഴെങ്കിലും
വയറൊട്ടി ...
ഏന്തിവലിഞ്ഞു ..
കാലികളിപ്പോഴും...
കരിഞ്ഞുണങ്ങിയ
മേച്ചില്‍ പുറങ്ങളില്‍ .
കച്ചിത്തുരുമ്പിനായ്
വാ തുറക്കാറുണ്ട്....


ഗോപിവെട്ടിക്കാട്

2010 ഏപ്രിൽ 18, ഞായറാഴ്‌ച

സ്വര്‍ഗ്ഗ പാത.. കഥ

നിശ്ശബ്ധത തളം കെട്ടിനിന്ന ആ‍ മുറിയില്‍ കനത്ത ഇരുട്ടായിരുന്നു...
ഒരു മേശക്കു ചുറ്റു മാണെങ്കിലും മൂന്നു പേര്‍ക്കും തമ്മില്‍ തമ്മില്‍ കാണാന്‍ പറ്റാത്തത്ര ഇരുട്ട് ..
ഇരിക്കുന്നത് ഒരേ ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും ഓരോരുത്തരും ചിന്തിച്ചത് ഒരേ പോലെയല്ലായിരുന്നു ..
ആദ്യമായിട്ടാണ് അവര്‍ പരസ്പരം കാണുന്നത് തന്നെ..മൂന്നു സ്ഥലങ്ങളില്‍ നിന്നു വന്നവര്‍..
അടയാള വാക്യങ്ങള്‍ അവരെ ഒന്നാക്കിയിരിക്കുന്നു..

മൂന്നാമന്‍ കൂട്ടത്തില്‍ തീരെ പ്രായം കുറഞ്ഞവന്‍ ...
അവനിപ്പോള്‍ ചിന്തിച്ചത് ഉമ്മയെ യെ ക്കുറിച്ചാണ് ..വീട്ടില്‍ അമ്മയും പെങ്ങളും തനിച്ചേയുള്ളൂ ...
അമ്മയിപ്പോള്‍ ഉറങ്ങിയിട്ടുണ്ടാവുമോ ...താന്‍ വരാന്‍ അല്‍പ്പം വൈകിയാല്‍ പേടിച്ചു വിറച്ചിരിക്കുന്നതാണ്
ഉപ്പ ഇന്നും രാത്രി വിളിച്ചിരിക്കും ...തന്നെ ചോദിച്ചിരിക്കും ..എന്തെങ്കിലും നുണ പറഞ്ഞിട്ടുണ്ടാവും ...
പരീക്ഷ അടുത്താല്‍ പിന്നെ അച്ഛന്‍ പതിവുള്ളതാണ് .
നന്നായി പഠിക്കണം ..
സി എ ക്കാണ്‌ പഠിക്കുന്നത് എന്ന ഓര്മ വേണം..
നിസ്കാരം മുടക്കരുത് ...
ഇന്നും ഉമ്മ യോടതൊക്കെ പറഞ്ഞിട്ടുണ്ടാവും..
പാവം ഉപ്പ.. തന്നിലാണ് എല്ലാപ്രതീക്ഷയും
കാലമെത്രേ ആയി വല്ല നാട്ടിലും ജോലി ചെയ്യുന്നു..വര്‍ഷത്തിലോ രണ്ടു വര്ഷം കൂടുമ്പോഴോ
ഒന്നോ രണ്ടോ മാസം ..ഉപ്പയുടെ സ്നേഹം അറിഞ്ഞിട്ടുള്ളത് വാക്കുകളില്‍ കൂടി മാത്രം..
ചെവിക്കകത്ത്‌ പതിഞ്ഞ സ്വരത്തില്‍ ഉപ്പയിരുന്നു പറയുന്നു ....
മോന് നല്ലൊരു ജോലി കിട്ടീട്ടു വേണം ഉപ്പയ്ക്ക് നാട്ടില്‍ നില്‍ക്കാന്‍..
അയാള്‍ മെല്ലെ തല ഉയര്‍ത്തി കൂടെയുള്ളവരെ നോക്കി ...
കൊത്തി വെച്ച ശില പോലെ ..
നിഴല്‍ രൂപങ്ങള്‍..


രണ്ടാമന്‍ .. നിറ വയറുമായ് കാത്തിരിക്കുന്ന ഭാര്യയോടും പിറക്കാനിരിക്കുന്ന
കുഞ്ഞിനോടൊപ്പം ആശുപത്രി കിടക്കയിലാണ്..
പ്രസവത്തിനു രണ്ടു ദിവസം കൂടി എടുക്കും ....നാളെ ഒരു സ്കാന്‍ കൂടി ചെയ്യണം..
ചിലപ്പോള്‍ സിസേറിയന്‍ തന്നെ വേണ്ടി വരും..
നല്ല ക്ഷീണം ഉണ്ടാവ്ള്‍ക്ക് ..
അധികം വൈകാതെ ചെല്ലാമെന്നു പറഞ്ഞു പോന്നതാണ്..
അവളുടെ വീട്ടില്‍ നിന്നും ഇറക്കി ക്കൊണ്ട് പോരുമ്പോള്‍ കൈത്തലം മുറുകെ പ്പിടിച്ചു അവള്‍ പറഞ്ഞവാക്കുകള്‍ ...
എനിക്ക് നിങ്ങള് മാത്രമേയുള്ളൂ ..ഈ ലോകത്തില്‍..
പിന്നെ ഒരിക്കലും അവള്‍ക്കത് ആവര്‍ത്തിക്കേണ്ടി വന്നിട്ടില്ല
ഇന്നലെ ആശുപത്രി കിടക്കയില്‍ ആ‍ വാക്കുകള്‍ മനസ്സിനെ പൊള്ളിച്ചു ..


ഒന്നാമന്‍ നാളത്തെ പുലരി ചുവക്കുന്നത് സ്വപ്നം കാണുകയായിരുന്നു ....
ബലി ചോരയുടെ തീക്ഷണ ഗന്ധം അയാളെ മത്തു പിടിപ്പിച്ചു ...
ചിതറിത്തെറിക്കുന്ന കരിഞ്ഞ മാംസം ...
അയാള്‍ക്ക്‌ ചിരി വന്നു...
ശത്രു ഓരോന്നായി കണ്മുന്നില്‍ തെളിഞ്ഞ വന്നു ...
എല്ലാം
തെരുവ് പട്ടികളെപ്പോലെ തെരുവില്‍ ഒടുങ്ങട്ടെ..
നാളെ തനിക്കു തുറന്ന് കിട്ടുന്ന സ്വര്‍ഗ വാതില്‍ ...

ദൂരെ നിന്നും കനത്ത ഇരുട്ടിനെ കീറി മുറിച്ചു വരുന്ന വാഹനത്തിന്റെ വെളിച്ചം
മുറിക്കകത്ത് കടന്നു വന്നപ്പോള്‍ അയാള്‍ എഴുന്നേറ്റു..
അവര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി...
പോകാം.. സമയമായി..പറഞ്ഞതെല്ലാം ഓര്‍മയുണ്ടല്ലോ ...
മൂന്നാമന്‍ ഉമ്മ യെയും രണ്ടാമന്‍ ഭാര്യയേയും ഉപേക്ഷിച്ചു ....
സ്വര്‍ഗ്ഗ പാതയില്‍ ഒന്നമാനോടൊപ്പം യാത്രയായി...


ഗോപി വെട്ടിക്കാട്ട്