2011, ജനുവരി 29, ശനിയാഴ്‌ച

മരക്കവിത...കവിത

അച്ഛനറുത്തിട്ട
മരത്തെനോക്കി
കവിതയെഴുതിയെഴുതി
മരം കണക്കായി ...

ഇലകള്‍ കൊഴിഞ്ഞ്
ചില്ലകള്‍ ഉണങ്ങി ..
തലച്ചോര്‍ ചുരുങ്ങി
ബോധം നശിച്ച് ...

ഇനി അച്ഛന്‍റെ
മൂര്‍ച്ച പോയ കോടാലി
കൊണ്ടൊരു വെട്ടു മതി
നെഞ്ചത്ത്‌ രണ്ടു കൊള്ളി
വിറകടുക്കാന്‍ ...

ഗോപി വെട്ടിക്കാട്ട്

2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

നോക്ക് കുത്തി ...കവിത


ആരാനും വേണ്ടി
വെയിലും മഴയും
മഞ്ഞും കൊണ്ട്..
കണ്ണേറ് തട്ടാതിരിക്കാനൊരു-
നോക്ക് കുത്തി ...

കാണരുതെന്നു കണ്ണടച്ചാലും ...
ചിലതൊക്കെ കാണുന്നുണ്ട് .
കേള്‍ക്കുന്നുണ്ട് ...

പരുക്കന്‍ തറയില്‍
പതുത്ത മേനി
ഉടഞ്ഞു പോയതും
അഴിഞ്ഞ ചേലകള്‍
പറന്നു പോയതും
നോക്കി നില്‍ക്കുന്നുണ്ട് ...

പുഴ വന്നടിഞ്ഞതും
നിലകളുയരുന്നതും
നോട്ടു കെട്ടുകള്‍
ചിരിച്ചകന്നതും
കണ്ടില്ലെന്നു നടിക്കുന്നുണ്ട് ..

എന്നിട്ടും പുറകിലാരോ
വിളിച്ചു ചോദിക്കുന്നു
എന്താ കരിങ്കണ്ണാ.....
നോക്കണേ......

ഗോപി വെട്ടിക്കാട്ട് ...

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

രമ്യ ആന്റണി ശ്രുതിലയം കവിതാ പുരസ്‌കാരം

അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ്... അക്ഷരം എന്നാല് ക്ഷരമില്ലാത്തത്...അനശ്വരമായ അക്ഷര കൂട്ടായ്മ ശ്രുതിലയം.
എഴുത്തിന്റെ സാമ്രാജ്യം അപാരമാണ്‌.അക്ഷരങ്ങള്‍ മനസ്സുകളുമായി സംവദിക്കുന്നു. മസ്‌തിഷ്‌ക്കങ്ങളില്‍ അറിവിന്റെ വിസ്‌ഫോടനം ഉണ്‌ടാക്കുന്നു. അങ്ങനെ എഴുത്ത് ഞരമ്പുകളില്‍ ആവേശമായി അമൃതമായി നിറയുന്നു.നമ്മുടെ എഴുത്തുകാര്‍ ചരിത്രത്തിലെ ദീപസ്തംഭങ്ങളായി എന്നും നിലനിന്നു. മാറാതെ നിന്ന മനുഷ്യ വിരുദ്ധ ചരിത്രങ്ങളെ മാറ്റിപ്പണിതു. പണിയെടുത്തു പൊറുക്കുന്ന അടിസ്ഥാന മനുഷ്യവര്‍ഗത്തിനൊപ്പം വയലേലകളില്‍ വിയര്‍ത്തു. വിപ്ലവത്തിന്റെ പാട്ടുകാര്‍ക്ക് വീണ തീര്‍ത്തു.ഇരുളിലാണ്ട അടിയാളക്കുടിലുകള്‍ക്ക് വിളക്കുതീര്‍ത്തു.ചരിത്രത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ മനുഷ്യരാശിക്കു മുഴുവന്‍ ശുഭപ്രതീക്ഷ നല്‍കാന്‍ പോന്ന ഇത്തരം കവികളുടെയും കവിതകളുടെയും കാലം മങ്ങുന്നുവോ എന്ന തോന്നലില്‍നിന്നും, ഇത്തിരി വെട്ടം തെളിയിക്കാവുന്ന മിന്നാമിനുങ്ങുകള്‍ പോലുമില്ലാത്ത കാവ്യശൂന്യതയിലേക്ക് മലയാള കാവ്യരംഗവും ആഴ്ന്നു പോകുന്നുവോ എന്ന ചിന്തകളില്‍ നിന്നുമാണ് അതിനെ അതിജീവിക്കുവാന്‍ വളര്‍ന്നു വരുന്ന സര്‍ഗവാസനകളെ പരിപോഷിക്കുന്നതിനുവേണ്ടിയും, .അക്ഷരങ്ങളെ സ്നേഹിക്കുകയും പുസ്തകങ്ങളെ പൂജിക്കുകയും ചെയ്യുന്ന മഹത്തായ ഒരു പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ച നമ്മുടെ സംസ്കാരത്തിന്റെ സവിശേഷതയാണ്‌ എന്ന് മനസ്സിലാക്കിയും "ശ്രുതിലയം" പിറവി കൊണ്ടത്‌,ഒരു കൂട്ടം അക്ഷരത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ.....ഓര്‍ക്കുട്ട് സൌഹൃദകമ്മ്യൂണിറ്റിയില്‍ ഏറ്റവും മുന്നില്‍ തന്നെ നില്‍ക്കുന്നു എന്ന് പറയുവാന്‍ കഴിയുന്ന ശ്രുതിലയം ഈ കേരളപ്പിറവിയില്‍ വാര്‍ഷികം ആഘോഷിക്കുന്നു.ശ്രുതിലയം
പിറവിയെടുത്തു കുറച്ചു മാസങ്ങള്‍ കൊണ്ടുതന്നെ ആയിരത്തിലേറെ സൌഹൃദകരങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനം നല്‍കി. വളര്‍ന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും, സാഹിത്യരചനകള്‍ പരിചയപ്പെടുത്താനും പുതിയ സാഹിത്യ സൌഹൃദങ്ങള്‍ക്ക് കൈകള്‍ കോര്‍ക്കാനും,അവരുടെ
സൃഷ്ട്ടികളെ വിശകലനം ചെയ്തു അവരുടെ സര്‍ഗവാസനയെ ഉത്തമമാക്കുവാന്‍ ശ്രദ്ധിക്കുന്നു.അവരുടെ മികച്ച രചനകള്‍ പുസ്തകതാളുകളായി ശ്രുതിലയം
വായനക്കായി എത്തിക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും ശ്രുതിലയം പ്രവര്‍ത്തനം നടത്തുന്നു.ശ്രുതിലയം വാര്‍ഷികത്തിന്റെ ഭാഗമായി അകാലത്തില്‍ പൊലിഞ്ഞ അക്ഷരത്തിന്റെ കുട്ടുകാരി മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ,ശ്രുതിലയതിന്റെ കുഞ്ഞനിയത്തി രമ്യ ആന്റണിയുടെ ഓര്‍മകളോടെ കവിതാ മത്സരം സംഘടിപ്പിക്കുന്നു.
'രമ്യആന്റണി സ്മാരക ശ്രുതിലയം കവിതാപുരസ്കാരം 'ഇലക്ട്രോണിക് മീഡിയിലും മറ്റുമാധ്യമങ്ങളിലും എഴുതുന്ന ഏവരില്‍ നിന്നും രചനകള്‍ ക്ഷണിയ്ക്കുന്നു .സെപ്തംബര്‍ 25 വൈകുന്നേരം 5 മണി [ഇന്ത്യന്‍ സമയം]വരെ ലഭിയ്ക്കുന്ന രചനകള്‍ മാത്രമേ പരിഗണിയ്ക്കുകയുള്ളൂ .രചനകള്‍shruthilayamkavitha@gmail.com എന്ന വിലാസത്തില്‍ ഉടനെ അയയ്ക്കുക.കവിതകള്‍ ഏതു വിഷയത്തെ കുറിച്ചും ആകാവുന്നതാണ്. മലയാളത്തിലെ പ്രമുഖകവികള്‍ വിധിനിര്‍ണയം ചെയ്യുന്നു.മത്സരവിജയികള്‍ക്ക് വാര്‍ഷികാഘോഷ ദിവസം പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നതായിരിയ്ക്കും .

കൂടുതല്‍ വിവരങ്ങള്‍ക്ക് അനില്‍കുര്യാത്തി-9020800499 , ഷബീര്‍ പട്ടാമ്പി 9645200100 ഈ നമ്പറുകളില്‍ ബന്ധപ്പെടുക.
ഒന്നാംസമ്മാനം 10001 രൂപയും തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പനചെയ്യുന്ന ശില്‍പ്പവും പ്രശംസാപത്രവും

രണ്ടാം സമ്മാനം 5001 തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്യുന്ന ശില്‍പ്പവും പ്രശംസാപത്രവും

മൂന്നാം സമ്മാനം 1001 തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്യുന്ന ശില്‍പ്പവും പ്രശംസാപത്രവും
എല്ലാ പിന്തുണകളും പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളെവരോടും ഈ സന്തോഷവാര്‍ത്ത അറിയിക്കുന്നു .....
സ്നേഹത്തോടെ .......
.
ഗോപി വെട്ടിക്കാട്ട്
ശ്രുതിലയം കമ്മ്യൂണിറ്റി
9400506261
'ശ്രുതിലയം ബ്ലോഗ്‌' . http://shruthilayamco.blogspot.com/

♫ join us...."sruthilayam" "ശ്രുതിലയം" http://www.orkut.com/Main#Community?cmm=95521351 സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ കംമുനിട്ടി... വായന ഇഷ്ട്ടപ്പെടുന്നവരുടെ കമ്മുനിട്ടി ... സൌഹൃതത്തിന്റെ കമ്മുനിട്ടി.... വായിക്കുക... വിലയിരുത്തുക...

2010, ജൂൺ 24, വ്യാഴാഴ്‌ച

അറബിയുടെ പൈനാപ്പിള്‍ ...കഥ


ഒരു അത്യാവശ്യ കാര്യത്തിന് സ്പോണ്‍സര്‍ ആയ അറബിയെ കാണാന്‍
അയാളുടെ വീട്ടിലേക്കു പോയതാണ്..
ഇടക്കൊക്കെ ആ‍ വീട്ടില്‍ പോകാറുള്ളത് കൊണ്ട് അവിടത്തെ
ജോലിക്കരെയൊക്കെ നല്ല പരിചയം .
എല്ലാവരും മലയാളികള്‍ .അറബി വീടിന്‍റെ പിന്‍വശത്തുള്ള
തോട്ടത്തില്‍ ഉണ്ട് എന്നറിഞ്ഞ് അങ്ങോട്ട്‌ ചെന്നു..
ഒരു ഒപ്പിട്ടു കിട്ടേണ്ട കാര്യമേയുള്ളൂ.

കണ്ടപാടെ സലാം പറഞ്ഞു..
ആളാകെ ചൂടായി നില്‍ക്കയാണ്‌ ..ജോലിക്കാരെ പുളിച്ച ചീത്ത വിളിക്കുന്നുണ്ട് ..
അവര്‍ രണ്ടു പേരുണ്ട് ..വലിയൊരു കുഴിയും കുഴിച്ച്.. കൈക്കോട്ടും പിടിച്ചു നില്‍ക്കുന്ന് ..
ഒരു ഉണങ്ങിയ പൈനാപ്പിളിന്റെ തല വാങ്ങിയിട്ടിട്ടുണ്ട്...
അവരോടു പതുക്കെ ചോദിച്ചു ..ആള് നല്ല ചൂടിലാണല്ലോ...
ഒന്നും പറയണ്ടാ.. ഒക്കെ ഇങ്ങലെക്കൊണ്ട് ഉണ്ടായതാ..
എന്ത് പറ്റി..

കഴിഞ്ഞ തവണ ങ്ങള് കൊണ്ട് വന്ന പൈനാപ്പിളിന്റെ തല
കുഴിച്ചിടാന്‍പറഞ്ഞിട്ട് അന്ന് കുഴിച്ചിട്ടു...
എന്നിട്ട് ..
എന്നിട്ടെന്താ. ഇപ്പൊ ഒനത് പറിക്കണം...
ഞങ്ങള് ആവുന്നത്ര പറഞ്ഞു നോക്കി..പൈനാപ്പില് ഉണ്ടാവനത് മുകളിലാണെന്ന്..
പിരാന്തന് പറഞ്ഞാല്‍ മനസ്സിലാവണ്ടേ ..
ഞങ്ങളെ പഠിപ്പിക്കാന്‍ നിക്കാണ്..
ഓന്‍ പരേണത് ഇല മുകളില്‍ ആണെങ്കില്‍ കായ അടീലല്ലേന്ന് ...
മണ്ണില്‍ തന്നെയാ ഉണ്ടാവാന്നു മൂപ്പര് ...
വല്ലതും പറയാന്‍ പറ്റോ ..അറബി ആയിപ്പോയില്ലേ...
കൈക്കോട്ടു കൊള്ളാ തിരിക്കാനാ ഇത്രേം വല്യ കുഴി കുഴിച്ചത് ..
ഇങ്ങള് തന്നെ ഒന്ന് മറഞ്ഞു മനസ്സിലാക്കി ക്കൊടുക്ക് ....

കുടുങ്ങിയല്ലോ ..
ഇയാളെ ഇപ്പൊ എങ്ങനെ പറഞ്ഞുമനസ്സിലാക്കും...
അങ്ങോട്ട്‌ എന്തെങ്കിലും പറയുന്നതിനു മുന്നേ തന്നെ അറബി പറയാന്‍ തുടങ്ങി..
കള്ള ഹിമാരിങ്ങള് ..
ശരിക്ക് വെള്ളം ഒഴിക്കാത്തത് കൊണ്ടാ ..
പൈനാപ്പില് ചെടി ഒണങ്ങി പോയത് ...
അല്ലെങ്കില്‍ ഇപ്പൊ കായ ഉണ്ടാവണ്ടാതാ...
അടുത്ത തവണ നീ വരുമ്പോ ..രണ്ടെണ്ണം കൂടുതല്‍ കൊണ്ട് വാ...
ശരിയെന്നു തലയാട്ടി ഒപ്പിടീച്ചു പോന്നു........


ഗോപി വെട്ടിക്കാട്ട്
"ശ്രുതിലയം"
http://www.orkut.com/Main#Community?cmm=95521351

2010, ജൂൺ 20, ഞായറാഴ്‌ച

ഇരിക്കപ്പിണ്ടം...കവിത

ശുഷ്ക്കിച്ച നെഞ്ഞിന്‍ കൂട്ടില്‍
നിന്നിളകിപ്പറിഞ്ഞൊരു കുടം കഫം
നീട്ടിത്തുപ്പിയാ വൃദ്ധനിരുന്നു
ഭിത്തിയില്‍ ചാരി..

ചര്‍ച്ചകള്‍ തുടരട്ടെ ..
ബോധിപ്പിക്കാനിനിയില്ലയൊന്നും
വിധിക്കുക നിങ്ങള്‍ ..
ന്യായാധിപര്‍
ഭൂരിപക്ഷമുള്ളവര്‍..

മുന്നേ പോയവരെത്ര
പുറകിലായിനിയുമെത്ര
പടിയടച്ചിനിയെത്ര
ഇരിക്കപ്പിണ്ടം വെക്കാന്‍ ...

പണ്ടയാള്‍ പറഞ്ഞതും
പറയാതിരുന്നതും
തൊണ്ടയില്‍ കുരുങ്ങി
ജീര്‍ണിച്ചു പഴുപ്പായി..

മഴവില്ലിന്‍ വര്‍ണമല്ല..
ചുവപ്പിനാല്‍ വരക്കണം ചിത്രം
ചോരയില്‍ മുക്കി കൈകള്‍
ചുവരില്‍ പതിക്കണം..

ക്ഷുഭിതയൌവ്വനം ..
ഹോമിക്കുമഗ്നികുണ്ടത്തില്‍ നിന്നും
ഖബന്ധങ്ങള്‍ എഴുന്നേറ്റു .
തെരുവില്‍ അലയവെ..

വിപ്ലവ നഗരിയില്‍..
ജനസാഗരം ഇരമ്പുന്നു
ആചാര്യ സൂക്തം വീണ്ടും
വീര്യമായ് മുഴങ്ങുന്നു..

ഏറ്റു വാങ്ങിയോരാ വിധി
നെഞ്ഞിലെ മിടിപ്പാക്കി
പടികള്‍ ഇറങ്ങവേ
അറിയാതെ ചുണ്ടുകള്‍ മന്ത്രിച്ചു
ലാല്‍ സലാം...

ഗോപിവെട്ടിക്കാട്

നുറുങ്ങു കഥകള്‍ ..ഏഴാം ഭാഗം..

രോമക്കുപ്പായം

മോണിട്ടറില്‍ തെളിഞ്ഞ വീഡിയോ ചിത്രം കണ്ടു അയാള്‍ നടുങ്ങി ..
തൂക്കിയിട്ടിരിക്കുന്നൊരു ജീവി...കൊളുത്തില്‍ അത് കിടന്നു പിടക്കുന്നു...
പഞ്ഞി പോലെ വെളുത്ത രോമമുള്ള അതിന്‍റെ തൊലി ഒരാള്‍ ഉരിക്കുകയാണ് .അത് ജീവനുള്ളതാണ് എന്ന സത്യം
അയാളെ തളര്‍ത്തി ..വാര്‍ന്നു വീഴുന്ന ചോരയുമായ്‌ പിടക്കുന്നത്‌ കാണാന്‍ ആകാതെ അയാള്‍ കണ്ണുകള്‍ മൂടി ..

കണ്ണാടിക്കുമുന്നില്‍ ഇന്നലെ വാങ്ങിയ രോമക്കുപ്പായത്തിന്റെ സൌന്ദര്യം ആസ്വദിക്കുന്ന ഭാര്യയില്‍
അയാളുടെ കണ്ണുകള്‍ ഉരുകിയൊലിച്ചു...

സൈക്കിള്‍....

"വേഗം നടക്കു അല്ലെങ്കില്‍ ഇന്ന് ഡോക്ടറെ കാണാന്‍ പറ്റില്ല.."
അയാള്‍ കുട്ടിയുടെ കൈ പിടിച്ചു വലിച്ചു..
അയാള്‍ക്കറിയാം അവന്‍റെ കണ്ണുകള്‍ കടയില്‍ നിര നിരയായ്‌ ഇരിക്കുന്ന കുഞ്ഞു സൈക്കിളുകളില്‍ ആണെന്ന്..
മുന്‍പൊക്കെ അവനത്‌ ആവശ്യപ്പെടുമായിരുന്നു ..അയാളപ്പോഴൊക്കെ ഓരോ ഒഴിവ് കഴിവ് പറഞ്ഞു നീട്ടും..
ഈയിടെയായി അവന്‍ ചോദിക്കാറില്ല..അവനും മടുത്തു കാണും...

ഡോക്ടറുടെ വാക്കുകള്‍ വെള്ളിടി പോലെ കാതില്‍ മുഴങ്ങി...
മരുന്നുകള്‍ക്കൊന്നും ഫലമില്ലാതാവുന്നു....ഇതിനുള്ള മരുന്നുകള്‍ വിദേശത്തുനിന്നും വരുത്തണം..
ലക്ഷങ്ങള്‍ വേണ്ടി വരും..എന്നാലും പരീക്ഷിക്കാമെന്നു മാത്രം..
നിങ്ങളെക്കൊണ്ട് അതിനോക്കെയാകുമോ..

തിരിച്ചു പോരുമ്പോള്‍ അയാള്‍ ആ‍ കടയുടെ മുന്നില്‍ ഒരു നിമിഷം നിന്നു ..
"മോനെ നിനക്കേത് സൈക്കിളാ ഇഷ്ടായെ.."
അവന്‍റെ കണ്ണുകള്‍ തിളങ്ങി...അവനതു വിശ്വസിക്കാനായില്ല ..
തെല്ലൊരു സംശയത്തോടെ അവന്‍ അച്ഛന്‍റെ മുഖത്തേക്കു നോക്കി ...
ആ‍ കണ്ണുകള്‍ നിറഞ്ഞോഴുകുകയായിരുന്നു ......



മറവി.....


വണ്ടി നീങ്ങിയപ്പോഴാണ് ഓര്‍ത്തത്‌ എന്തോ പറയാന്‍ മറന്നു പോയ പോലെ ..
പിന്നോക്കം തിരിഞ്ഞു നോക്കുമ്പോള്‍ രണ്ടു കണ്ണുകള്‍ പിന്തുടരുന്നുണ്ട് ..
എന്തെങ്കിലും പറയാനുണ്ടോ എന്ന്‌ ചോദിക്കുന്നത് പോലെ ..
എന്തോക്കെയെ പറയണമെന്നുണ്ട് ..
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്തോറും മറവിയുടെ ആഴം കൂടുകയാണ്..
ഇന്നലെ വരെ ഒരു പാട് പറഞ്ഞതല്ലേ ..ഒന്നും ബാക്കി വെക്കാതെ ...
എന്നിട്ടും ...
യാത്രയുടെ ക്ഷീണം ഉറക്കത്തിലേക്കു വഴിമാറിയ നിമിഷങ്ങളിലോന്നില്‍
അവള്‍ അടുത്ത് വന്നിരുന്നു ചോദിച്ചു ..
ഞാന്‍ പറയട്ടെ ..എന്താ പറയാന്‍ മറന്നതെന്ന്...
ഉം
കനം വെച്ചുതുടങ്ങിയ അടിവയറില്‍ കൈത്തലം എടുത്തു വെച്ചുകൊണ്ട് തെല്ലൊരു നാണത്തോടെ ..
"മോന്‍റെ കാര്യമല്ലേ"......


ഗോപിവെട്ടിക്കാട്





2010, ജൂൺ 17, വ്യാഴാഴ്‌ച

ശത്രു....കവിത

നിങ്ങളില്‍ തിരയുന്നത്
എനിക്കൊരു ശത്രുവിനെ ...
കുറ്റം ആരോപിക്കാന്‍
സ്ഥാപിച്ചെടുക്കാന്‍ .
വിധിക്കാന്‍ ..ശിക്ഷിക്കാന്‍ ..

എനിക്കെന്റെ മതം
ഗോത്രം ..ജാതി ..
അതിലൂന്നിയ രാഷ്ട്രം.
രാഷ്ട്രീയം ..
ചിന്തകള്‍ ..നീതി

നീ മിണ്ടരുത് ..
ചോദ്യം ചൈയ്യരുത്
എന്നില്‍ വിശ്വസിക്കുക
അനുസരിക്കുക...

അവിശ്വാസി ..
നിന്റെ പാപത്തിന്‌
നിനക്ക് ഞാന്‍ തരുന്നത് .
അന്ത്യനാളില്‍
അളന്നു തൂക്കിയ
നരകത്തീയല്ല..
പൊട്ടിച്ചിതറാന്‍
കുഴി ബോംബുകളാണ്.......

ഗോപിവെട്ടിക്കാട്