2009 ഒക്‌ടോബർ 31, ശനിയാഴ്‌ച

നിഴല്‍ ...


പിന്‍ വിളി കേട്ട് പിന്തിരിയല്ലേ
നിഴലേ പോകണം നമുക്കേറെ ദൂരെ..
മരുഭൂമിയില്‍ സൂര്യന്‍

കനലുകള്‍ ഉതിര്‍ക്കുംപോള്‍

ഒളിക്കല്ലേ നീയെന്നില്‍ .


അങ്ങകലെയാണസ്തമയം

കാലുകള്‍ ഉരുകുന്നുവോ

നടക്കൂ നീയെന്‍ മുന്നില്‍
ദിശ മാറാതൊരിക്കലും

തോളില്‍ ചുമക്കും ഭാന്ധം
ദൂരെ എറിഞ്ഞെക്കൂ നീ
ഒന്നുമില്ല അതിലെന്‍

നഷ്ട സ്വപനങ്ങള്‍ മാത്രം..

കാലം വിദൂഷകനായ്‌
പൊട്ടിച്ചിരിച്ചും
പരിഹസിച്ചും
തേങ്ങി കരഞ്ഞും

പരിതപിച്ചും
..
ആടിത്തിമിര്‍ത്തും
കുഴഞ്ഞു വീണും..

ആട്ട വിളക്കില്‍ കരിന്തിരി കത്തുന്നു

തിരശീല വീഴുന്നു,,

പൊയ് മുഖമഴിയുന്നു

കാണികള്‍ പിരിയുന്നു


കണ്ണാടി പൊട്ടിച്ചെറിഞ്ഞെക്കൂ നീ

ഇന്നലെക്കണ്ട ഞാനല്ലതില്‍

വികൃതമാണതിലെന്‍ രൂപം

നിഴലേ പിന്തുടരുക നീ ..

അങ്ങകലെ ശ്മശാനത്തിലെന്‍

ചിത എരിയും വരെ...

ഗോപി വെട്ടിക്കാട്ട്

2009 ഒക്‌ടോബർ 24, ശനിയാഴ്‌ച

നാഗ മാണിക്യം...(കഥ)

നാഗ മാണിക്യം...(കഥ)

...........................
അയാള്‍ അവ ഓരോന്നായി ഇളക്കിയെടുത്തു ... ചെറുതും വലുതുമായ പ്രതിഷ്ഠകള്‍ ..
ഇരുതല നാഗം..ചാത്തന്‍ .....രക്ഷസ്സ് ...
എല്ലാം പറുക്കി ചാക്കില്‍ കെട്ടി...കാവിന്‍റെ തറ പൊളിക്കാന്‍ തുടങ്ങി...
സാമാന്യത്തിലധികം വലിപ്പമുള്ള വെട്ടുകല്ലുകള്‍..പണ്ട് പണ്ട് കാരണവന്‍മാര്‍ കെട്ടിയുണ്ടാക്കിയതാണ്.മുത്തശ്ശന്റെ കാലം വരെ പൂജയും തിരികത്തിക്കലും ഒക്കെ ഉണ്ടായിരുന്നു..പിന്നീടെപ്പോഴോ എല്ലാം നിലച്ചു..കാടും പടലും മൂടി വെളിച്ചം കാണാതെ പരദേവതകള്‍ അനാഥരായി..
തറവാട് ഭാഗം വെച്ചപ്പോള്‍ അയാള്‍ക്ക്‌ കിട്ടിയത് പാമ്പിന്‍ കാവടക്കമുള്ള ഭാഗമാണ്..
"ഏട്ടന് ജോലിസ്ഥലത്ത് വീടൊക്കെയില്ലേ എന്തായാലും ഇവിടെ വീട് വെക്കാന്‍ പോകുന്നില്ലല്ലോ
പിന്നെ എട്ടനാവുംപോള്‍ അതവിടെ കിടന്നോളും..ഇത് വിറ്റിട്ടൊന്നും വേണ്ടല്ലോ.."
എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌ മറുത്തൊന്നും പറയാനായില്ല

"വിളിച്ചാല്‍ വിളിപ്പുറത്തുള്ള പരദേവതകളാണ് .. എന്‍റെ കുട്ടിക്ക് അത് കൊണ്ട് നല്ലതേ വരൂ .."
പണ്ട് തറവാട്ടില്‍ ഒരു കാരണവര്‍ക്ക്‌ നാഗ മാണിക്യം കിട്ടിയിട്ടുണ്ട് ..രണ്ടു തലയുള്ള ഒരു നാഗം ഉമ്മറപ്പടിയില്‍ വെച്ചിട്ട് പോകയായിരുന്നത്രേ ..നീയാ കാവ് നേരെ ചൊവ്വേ നോക്കി പൂജയൊക്കെ നടത്തിയാല്‍ നിനക്ക് നന്നാവും..."
അമ്മയും അവരോടൊപ്പം കൂടി..

എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്നതു ഒന്നിനും തികയാതെ ബാങ്ക് ലോണ്‍ പലിശയും
കൂട്ട് പലിശയുമായി പെരുകിയപ്പോഴാണ് പറമ്പ് വില്‍ക്കാന്‍ തീരുമാനിച്ചത്..
വന്നു നോക്കുന്നവരെല്ലാം ദുശ്ശകുനം പോലെ കിടക്കുന്ന കാവും പരിസരവും കണ്ടു വില പോലും പറയാതെ പോയപ്പോള്‍ ബ്രോക്കര്‍ ആണ് പറഞ്ഞത് .
".സാറ് ആ കാവോന്നു വെട്ടിതെളിയിച്ചു ആ കല്ലുകളൊക്കെ ഒന്നെടുത്തു മാറ്റ്.."
"ഈ കാലത്ത് ആരെങ്കിലും ഇതിലൊക്കെ വിശ്വസിക്കോ..ഇതിങ്ങനെ കിടന്നാല്‍ അടുത്ത കാലത്തൊന്നും കച്ചവടം ആകുമെന്ന് കരുതണ്ടാ.."

നേരം ഇരുട്ടി തുടങ്ങിയപ്പോള്‍ അയാള്‍ ചാക്ക് കേട്ടെടുത്തു അടുത്തുള്ള പൊട്ട ക്കിണറ്റിലെക്കെറിഞ്ഞു .
റോഡിലേക്ക്‌ ഇറങ്ങിയപ്പോള്‍ ഒരു കുറത്തി തത്തക്കൂടും തൂക്കിപ്പിടിച്ച് അയാളെ കാത്തു നില്‍ക്കുകയാണ്‌ .
"എന്തിനാ തമ്പ്രാ പാപങ്ങളൊക്കെ തലയില്‍ എടുത്ത്‌ വെക്കണേ ..നാഗ ദൈവങ്ങള്‍ സത്യമുള്ളതാ.."
അയാളൊന്നും മിണ്ടിയില്ല ..
"വന്ന്‌ വന്ന്‌ മനുഷ്യര് ദൈവങ്ങളെയും വിടാതായി.."
അവള്‍ ആരോടെന്നില്ലാതെ പറഞ്ഞ് തിരിഞ്ഞു നടന്നു..
വീട്ടില്‍ എത്തിയപ്പോള്‍ നേരം വല്ലാതെ ഇരുട്ടിയിരുന്നു..
"ഇതെവിടെയായിരുന്നു ഇത്രെയും നേരം..എവിടെക്കെങ്കിലും പോകുമ്പൊള്‍ ഒന്ന് പറഞ്ഞിട്ട് പോക്കൂടെ"
ഞാന്‍ തറവാട് വരെ ഒന്ന് പോയി ബ്രോക്കറെ കാണാന്‍..തിരിച്ചു ബസ്സ് കിട്ടാന്‍ വൈകി..
മറ്റൊന്നും അയാള്‍ പറഞ്ഞില്ല..
"ഇന്നൊരു കാര്യം ഉണ്ടായി..
ഉം ..അയാള്‍ വെറുതെ ഒന്ന് മൂളി..
ഇത് അവള്‍ക്കു എന്നും ഉള്ളതാണ് ..പുറത്ത് പോയി വരുമ്പോള്‍ എന്തെങ്കിലും ഒക്കെ ഉണ്ടാവും പറയാന്‍..
"ദേ " നമ്മുടെ മുറ്റത്ത്‌ വലിയൊരു പാമ്പ്‌ ..നല്ല ഇനമാണ്...ഞാന്‍ ആളുകളെയെല്ലാം വിളിച്ചു വന്നപ്പോഴേക്കും അത് പോയി..നമ്മുടെ തുളസി തുളസിത്തറയില്ലേ അവിടെ ചുരുണ്ടു കിടക്കുന്നു...അതിനെ മുന്‍പും അവിടെ കണ്ടിട്ടുണ്ട് ..
തറവാട്ട് കാവില്‍ ഒരു പൂജ കഴിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല..ഒന്നുമില്ലെങ്കിലും തിരുമേനിയോട് പറഞ്ഞു ഒരു നൂറും പാലും കഴിക്കാനെങ്കിലും..അതെങ്ങിനെ ഒന്നിലും വിശ്വാസമില്ലല്ലോ..അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു...

ഉറരങ്ങാന്‍ കിടന്നിട്ടു അയാള്‍ക്ക്‌ ഉറക്കം വന്നതേയില്ല...മനസ്സ് മുഴുവന്‍ ഏതു നിമിഷവും വരാവുന്ന ജപ്തി നോട്ടീസും ..മകളുടെ അഡ്മിഷന്‍ ശരിയാവാന്‍ വേണ്ടിവരുന്ന ചിലവും മാത്രമായിരുന്നു...ആ പറമ്പോന്നു വിറ്റിരുന്നെങ്കില്‍..
എപ്പോഴോ കണ്ണോന്നടഞ്ഞു പോയി..
"തമ്പ്രാ എണീക്ക് തമ്പ്രാ "
ആരോ അയാളെ കുലുക്കി വിളിക്കുന്നത്‌ പോലെ തോന്നി..തത്തക്കൂടും പിടിച്ചു നില്‍ക്കുന്നു കാലത്ത് കണ്ട
കുറത്തി..കൂട്ടില്‍ അവളുടെ തത്ത കിടന്നു ചിലക്കുന്നു...തമ്പ്രാ ആ പൊട്ടക്കിണറ്റില്‍ ആരോ നിലവിളിക്കുന്നു..വാ തമ്പ്രാ ..അവള്‍ കൈ പിടിച്ചു വലിക്കയാണ് ..തമ്പ്രാനല്ലേ അവരെ കിണട്ടിലിട്ടത് ..
അയാള്‍ ഓടി കിണറ്റിന്‍ കരയിലെത്തി.
കിണറ്റിലിറങ്ങി പൊന്തിക്കിടക്കുന്ന ചാക്ക് കെട്ട് അഴിച്ചു നോക്കി ..
നാഗങ്ങളും ..ചാത്തനും ..രക്ഷസ്സും .ചത്തു മലച്ച് ..വീര്‍ത്തു കിടക്കുന്നു...അയാള്‍ ഒരുവിധം കയറിപ്പോന്നു ..
മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നൊരു സര്‍പ്പം.. അതിന്‍റെ വായില്‍ നക്ഷത്രം പോലെ തിളങ്ങുന്ന മാണിക്ക്യക്കല്ല് ..അതയാളുടെ കാലില്‍ കൂടി ഇഴഞ്ഞു കയറി..കഴുത്തില്‍ ചുറ്റി മുറുക്കി..അയാള്‍ക്ക്‌ ശ്വാസം മുട്ടിപ്പോയി ..കണ്ണ് പുറത്തേക്ക് തള്ളി..വായ തുറന്നു...സര്‍പ്പം മാണിക്ക്യക്കല്ല് അയാളുടെ വായിലേക്ക് തുപ്പി..

പാമ്പ് ..അയാളുറക്കെ അലറി വിളിച്ചു..
ഞെട്ടിയുണര്‍ന്ന ഭാര്യ നോക്കുമ്പോള്‍ അയാളിരുന്നു വിയര്‍ക്കുന്നു
"എന്ത് പറ്റി" അവളയാളെ കുലുക്കി വിളിച്ചു ..
അയാള്‍ അവളെത്തന്നെ തുറിച്ചു നോക്കുകയാണ്
"പാമ്പ് , എന്‍റെ വായിലേക്ക് മാണിക്ക്യക്കല്ലിട്ടു..'
അയാള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു .. വായ തുറന്നു നാക്ക് അവള്‍ക്കു നേരെ നീട്ടി..

"ഞാന്‍ പറഞ്ഞാല്‍ ഒരു വിലയുമില്ലല്ലോ.."
"ഇപ്പോള്‍ ബോധ്യമായില്ലേ..മനുഷ്യനായാല്‍ കുറച്ചൊക്കെ ദൈവ വിശ്വാസം വേണം.."
അവള്‍ തിരിഞ്ഞു കിടന്നുറങ്ങി..

സ്വപ്നവും യാഥാര്‍ത്യവും തിരിച്ചറിയാതെ അയാളിരുന്നു വിയര്‍ത്തു...

ഗോപി വെട്ടിക്കാട്ട്.

2009 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ......

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ......

ലോകാവസാനം പ്രളയമാണെന്നും
പ്രളയ ജലം ഭൂമിയെ മൂടുമെന്നും
സൂര്യന്‍ മാഞ്ഞു പോകുമെന്നും
പിന്നെയും ഓംകാരം മുഴങ്ങുമെന്നും
നാഭിയില്‍ താമര വിരിയുമെന്നും
ജീവനുണ്ടാകുമെന്നും
നീ.....

കാഹളം മുഴങ്ങുമെന്നും
ജീവികള്‍ ഞെട്ടി വിറയ്ക്കുമെന്നും
ഭൂമി അടിച്ചു പരത്തുമെന്നും
കുഴി മാടങ്ങളില്‍ മുളപൊട്ടുമെന്നും
അന്ത്യ വിധിക്കായ്‌ യാത്രയാകുമെന്നും
അയാള്‍ ..
.
പാപ പുണ്യങ്ങള്‍ വേര്‍തിരിക്കുമെന്നും
പാപികള്‍ നരകത്തിലാണെന്നും
നരകം അഗ്നിയാണെന്നും
ഞങ്ങള്‍ അതിലെ വിറകാണെന്നും
സ്വര്‍ഗ്ഗം , സ്വര്‍ഗ്ഗമാണെന്നും
നിങ്ങള്‍ അവിടെ ശ്വാശ്വതരാണെന്നും
ദൈവത്തിന്‍റെ തൊട്ടടുതാണെന്നും
നിങ്ങള്‍....

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ
ഒട്ടിയ വയറും ,നെഞ്ഞില്‍ തീയുമായ്‌
തെരുവുകളില്‍ അലയുമ്പോള്‍
എനിക്ക് വേണ്ട സ്വര്‍ഗ്ഗം ഭൂമിയിലാണ്
അതാകട്ടെ നിങ്ങളുടെതല്ല ....


ഗോപി വെട്ടിക്കാട്ട്......

2009 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

കവിത അത്യന്താധുനികം ....

കവിത അത്യന്താധുനികം ....

പാഠം ഒന്ന്
ത റ തറ
വെറുമൊരു തറ ..
പ റ പറ
എന്തെങ്കിലുമൊന്നു പറ
പ ന പന
പനയെങ്കില്‍ പന
പ ത പത
പത വേണ്ടാ
ത ല തല
തല പെരുത്തു
വ ല വല
ഞാന്‍ വലഞ്ഞു
യ ര ല വ ശ ഷ......

ഗോപി വെട്ടിക്കാട്ട്

2009 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

നിരൂപകന്‍ .....

ചോദ്യങ്ങള്‍
തിരഞ്ഞെടുത്തതും..
വിട്ടു പോയതും
തമ്മില്‍ ചേരാത്തതും
കൈ കോര്‍ത്ത്
നീണ്ട ചങ്ങലയായ്‌
ആര്‍ത്തു വിളിച്ച്....

ഉത്തര കടലാസില്‍
ഒരു ബിന്ദുവില്‍ നിന്നും
വളയം വരച്ച്‌
പണിയറിയാതെ
പേനയെ പഴിച്ച്..
മഷി കുടഞ്ഞ്
മുനയൊടിച്ച്..
കട്ടയും പടവും
മടക്കി വെച്ച്...

കറങ്ങി കറങ്ങി
ഭ്രമണ പഥത്തില്‍ നിന്നും
പുറത്ത്‌ ചാടി ..
വളയമില്ലാതെ
ചാടാന്‍ പഠിച്ച്
വാ തോരാതെ
പറയാന്‍ പഠിച്ച്
മനമറിയാതെ
ചിരിക്കാന്‍ പഠിച്ച്
പാവം ഒരു
അത്യന്താ ധുനിക നിരൂപകന്‍...........

ഗോപി വെട്ടിക്കാട്ട്

2009 ഒക്‌ടോബർ 14, ബുധനാഴ്‌ച

ബലിതര്‍പ്പണം .............

ബലി തര്‍പ്പണം...

ദിഗന്തങ്ങള്‍ ഭേധിക്കുമാറുമുച്ചത്തില്‍
ഇടി മുഴക്കം തുടരുന്നു വാനില്‍
മിന്നല്‍ പിണര്‍ അശനി പാതമായി
പിതാവിന്‍റെ ദുഖം മഹാമാരിയായി..

ഇരുളിന്‍റെ ഗര്‍ഭ പാത്രത്തില്‍ നിന്നും
ഹിംസ്ര ജന്തുക്കള്‍ .പിറന്നു വീഴുന്നു
അമ്മെ മഹാകാളി മന്ത്രം ജപിച്ച്..
ശിരസുകളെല്ലാം അരിഞ്ഞു തള്ള‌ുന്നു..

വാളും ചിലമ്പും ചുഴറ്റിച്ചുഴറ്റി
കോമരം തുള്ളുന്ന കാവിലെയമ്മേ..
നെഞ്ഞു പിളര്‍ന്നു ചുടു ചോരക്കായി
നാവു നീട്ടി നാട് തെണ്ടുന്നതെന്തേ

വിത്ത് വിതച്ചു നീ കൊയ്തെടുക്കുന്നു
കാറ്റ് വിതയ്ച്ചു കൊടുംകാറ്റ് കൊയ്യും..
ആത്മാവറുത്തു നീ ആണിയായ് മാറ്റി
പാല മരത്തില്‍ തറച്ചു വെക്കുന്നു

നെഞ്ഞില്‍ കടും തുടിത്താളം തുടങ്ങി
പ്രാണന്‍ പറിഞ്ഞു പോകുന്ന പോലെ..
കണ്ണുകള്‍ അഗ്നി ഗോളങ്ങളായി
ഉരുകിയൊലിക്കും ലാവയായ്‌ മാറി

കോടി മുണ്ടില്‍ ഉറക്കിക്കിടത്തി
വായ്ക്കരിയിട്ടു തെക്കൊട്ടെടുത്തു..
കത്തിയമരും ചിതയിലെ ചാരം
ബലിക്കാക്കയായ് ഉണര്‍ന്നെണീക്കുന്നു

ഒരു പിടിയരിയിട്ടു നെഞ്ഞിന്നടുപ്പില്‍
ഊതിയൂതി തീപ്പിടിപ്പിച്ച് ..
ബലി തര്‍പ്പണത്തിന്ന് മുങ്ങിക്കുളിച്ച്
ഈറനുടുത്തു കൈ കൂപ്പി നിന്ന്

ഓരിലപ്പുവ്വും എള്ളും വിതറി
ഓര്‍മകളൊക്കെയും ഉരുളയുരുട്ടി..
മകനേ ക്ഷമിക്കൂ..നിനക്കു തരാനായ്‌
ഈ ഉരുളയല്ലാതിനി ഇല്ലെനിക്കൊന്നും..

ഗോപി വെട്ടിക്കാട്ട് .

2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച


കാക്ക (കഥ)

അയാള്‍ മുറ്റത്തേക്കിറങ്ങി ചുറ്റുമൊന്നു കണ്ണോടിച്ചു..ഇനി അവറ്റകള്‍ വല്ല മരത്തിന്‍റെചില്ലയില്‍ ഒളിച്ചിരിക്കുന്നുനടോ ആവോ..
രണ്ടു മൂന്നു ദിവസമായി പേടിച്ചു പുറത്തിറങ്ങാതെ ..
പറമ്പ്‌ നനക്കാന്‍ ഇന്നലെ ഒന്ന് ഇറങ്ങിയതാണ് ..പെട്ടന്നാണ് പറന്നിറങ്ങിയത്..
പിന്നെ ഒന്നും പറയണ്ടാ..തലയാകെ കൊത്തി പ്പൊളിച്ചു..ഓടി അകത്തു കേറി വാതിലടച്ചിട്ടും വാതിലില്‍ കൊത്തുന്നുണ്ടായിരുന്നു..
ഏതു നേരത്താണാവോ ആ‍ കൂട് വലിച്ചിടാന്‍ തോന്നിയത്..തെങ്ങിന്‍റെ മച്ചിങ്ങ എലി കരണ്ട് താഴെ ഇടുന്നത് കണ്ടു
സഹിക്ക വയ്യാതെയാണ് കയറി നോക്കിയത് .അപ്പോഴാണ് കാക്ക കൂട് കണ്ടെത്തിയത്‌.. അതില്‍ ഒരു കാക്കക്കുട്ടി ചത്തു കിടക്കുന്നു..
വലിച്ചു താഴെ ഇടുമ്പോള്‍ ഭാര്യ പറഞ്ഞതാണ്
"വെറുതെ വേണ്ടാത്ത പണിക്കു പോണ്ടാ കാക്ക കൊത്തും .."
"പിന്നെ കൊത്തുന്നെന്കില്‍ കൊത്തട്ടെ.."
ഈ മുട്ട തിന്നാനാണ് എലിയും ചേരയുമെല്ലാം തെങ്ങില്‍ കയരണേ..
കൂട് വലിച്ചിടുമ്പോള്‍ അടുത്ത തെങ്ങില്‍ ഒരു കാക്കയിരുന്നു ശബ്ദം വെക്കുന്നുണ്ടായിരുന്നു..
ഏതായാലുമ് കയറിയ നിലക്ക് എല്ലാം ഒന്ന് വൃത്തിയാക്കി ..താഴെ ഇറങ്ങാന്‍ നോക്കുമ്പോഴേക്കും എവിടെ നിന്നനെന്നറിയില്ല ..
ഒരു പട പോലെ ഇരമ്പി വരുന്നു ‌ കാക്ക കൂട്ടം..ഒരു വിധത്തില്‍ തെങ്ങില്‍ നിന്നിറങ്ങി.
അയാള്‍ തലയൊന്നു തലോടി..വല്ലാത്ത വേദന..ഇന്ന് എന്തായാലും പറമ്പ്‌ നനച്ചേ പറ്റൂ..

ഇവളിതുവരെ എന്തെടുക്കുന്നു..അപ്പുറത്തെ കുളത്തില്‍ കുളിക്കാന്‍ പോയതാണ് മണിക്കൂര്‍ ഒന്നായി..
വീട്ടില്‍ കുളിച്ചാല്‍ മതി എന്നെത്ര പറഞ്ഞാലും കേള്‍ക്കില്ല..കുറച്ചു തുണിയുമായിട്ടിറങ്ങും കാലത്ത്..
കല്ലില്‍ തല്ലി അലക്കുന്നഅത്ര വാഷിംഗ് മെഷിനില്‍ അലക്കിയാല്‍
വെളുക്കില്ലാ എന്നാണവളുടെ പക്ഷം..
ഓടിക്കിതച്ചു വരുന്നത് കണ്ടപ്പോള്‍ തന്നെ തോന്നി എന്തോ പന്തി കേടുന്ടെന്നു..
ഒന്നും പറയാനാവാതെ അവള്‍ നിന്നു കിതച്ചു..ആകെ പേടിച്ചിരിക്കുന്നു
'ആ‍ കുട്ടി കുളത്തില്‍ "
എന്ത് പറ്റി..
"ചത്തു കിടക്കുന്നു.."
ഏതു കുട്ടി .അയാള്‍ക്കൊന്നും മനസ്സിലായില്ല ..
"ഇന്നലെ നമ്മുടെ വീട്ടില്‍ വന്ന ആ‍ കുട്ടിയില്ലേ ..ആ‍ കുട്ടി തന്നെ.."
അപ്പോഴാണ്‌ ഓര്‍ത്തത് ..ഇന്നലെ വര്‍ക്കു ഏരിയയില്‍ ഇരുന്നു ചോറ് ഉണ്ണുന്ന പെണ്‍കുട്ടിയെ..
തന്നെ കണ്ടപ്പോള്‍ പേടിച്ചു അവള്‍ എഴുന്നേറ്റു..
"വേണ്ടാ ഇരുന്നു കഴിച്ചോ.".ഭാര്യ പറഞ്ഞു..
"പാവം വിശക്കുന്നു എന്ന് പറഞ്ഞു..എനിക്ക് സഹിച്ചില്ല "
കണ്ടില്ലേ എന്തൊരു ഐശര്യമാണ് അതിന്‍റെ മുഖത്ത്‌ ..പത്തു പന്ത്രണ്ടു വയസ്സേ ആയുള്ളൂ ..
"ഉം കണ്ട തെണ്ടി പിള്ളേരെ യൊക്കെ അകത്ത് കേറ്റി സല്ക്കരിച്ചോ "
രാത്രി ഇതിന്റെയൊക്കെ ആളുകള്‍ വീട് കുത്തി പൊളിക്കുമ്പോള്‍ അറിയാം..
ഇവറ്റെയൊന്നും വിശ്വസിക്കാന്‍ ആവില്ല..
ആളുകള്‍ ഇല്ലാത്ത വീട് കണ്ടു പിടിക്കാനാ ഇതൊക്കെ തനിയെ ഇറങ്ങുന്നത്..
അമ്പലപ്പരമ്പില്‍ കുറെയെണ്ണം വന്നു കൂടിയിട്ടുണ്ട്..കൂടാരം കെട്ടി..
"ആ‍ കുട്ടി അങ്ങനെയുള്ളതൊന്നുമല്ല പാവം..
"നിങ്ങള്ക്ക് പിന്നെ എല്ലാം സംശയം ആണല്ലോ.."
ഒരമ്പത് രൂപ വേണം അതിനു കൊടുക്കാനാ..മോള്‍ടെ പഴയ തുണിയെല്ലാം ഞാന്‍ അതിനു കൊടുത്തു..
അതിന്‍റെ തള്ളക്ക് സുഖമില്ല..മരുന്നു വാങ്ങണമത്രേ..
പൈസ എടുത്ത്‌ കൊടുക്കുമ്പോള്‍ പറഞ്ഞു.."കണ്ടറിയാത്തവര്‍ കൊണ്ടറിയും "

'ഇനിയിപ്പോ എന്താ ചെയ്യാ "നമുക്ക് പോലീസില്‍ വിളിച്ചു പറഞ്ഞാലോ "
"അതിനെ ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടാവും '
"എന്‍റെ ദൈവമേ എനിക്കിതു കാണാന്‍ വയ്യ..ഇന്നലെയും എന്‍റെ കൈയ്യില്‍ നിന്നു ചോറ് വാങ്ങി ഉണ്ടാതാനല്ലോ."
അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി..
അയാളവളെ ചേര്‍ത്ത് പിടിച്ചു .."നമ്മള്‍ക്കെന്തു ചെയ്യാന്‍ പറ്റും ..നടന്നത് നടന്നു..."
അതിന്‍റെ വിധി അല്ലാതെന്തു പറയാന്‍
നീയിതു ആരോടും പറയണ്ടാ.. നീയവിടെ പോയിട്ടുമില്ല നീയൊന്നുംകണ്ടിട്ടുമില്ല ..മനസ്സിലായോ..
പോലീസില്‍ അറിയിച്ചാല്‍ ഇനി നമ്മള്‍ അതിന്‍റെ പിന്നാലെ നടക്കണം ..കേസും കൂട്ടവുമായി..
എനിക്കതിനോന്നും നേരമില്ല..
കരച്ചില്‍ അടക്കാനാവാതെ അവള്‍ തേങ്ങിക്കൊണ്ടിരുന്നു ..

പറമ്പിന്‍റെ മൂലയിലേക്ക് വലിച്ചെറിഞ്ഞ കാക്ക കുഞ്ഞിന്‍റെ ചുറ്റുമിരുന്നു കാക്കക്കൂട്ടം കരഞ്ഞു കൊണ്ടിരുന്നു...

ഗോപി വെട്ടിക്കാട്ട്