2009 നവംബർ 1, ഞായറാഴ്‌ച

നുറുങ്ങു കഥകള്‍...

നുറുങ്ങു കഥകള്‍...

സ്വാന്തനം ..
അവളുടെ തേങ്ങലുകള്‍ തെല്ലോന്നടങ്ങിയപ്പോള്‍ അയാളവളെ ചേര്‍ത്ത് നിര്‍ത്തി ..കൈക്കുമ്പിളില്‍ മുഖം കോരിയെടുത്തു ..ആ‍ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് ചോദിച്ചൂ .."നിന്‍റെ ദുഖം ഞാന്‍ എടുത്തോട്ടെ ..അവള്‍ നിറമിഴികള്‍ പാതിയടച്ചു...അവനവളുടെ കാതില്‍ മൊഴിഞ്ഞു ..."വരൂ നമുക്ക് അടുത്തെതെങ്കിലും ഹോട്ടെല്‍ മുറിയില്‍ പോകാം.."

ആരെപ്പോലെ...
അമ്മക്ക് അവന്‍ അച്ചനെപ്പോലെത്തെന്നെ.. അതെ മുഖം .. ഗൌരവം ..എന്തിനേറെ നടപ്പ് പോലും.. അച്ഛനോ..അവന്‍ .. അമ്മയെ പകര്‍ത്തിയത് പോലെ..അതെ ചിരി..സൌന്ദര്യം മുത്തശ്ശന് മുത്തശ്ശിയെപ്പോലെയും ..മുത്തശ്ശിക്ക് മുത്തശ്ശനെപ്പോലെയും ...അവനെക്കൊണ്ട്‌ പൊറുതി മുട്ടിയ നാട്ടുകാര്‍ ക്കിപ്പോള്‍ സംശയം ദൈവമേ ഇവന്‍ ആരെപ്പോലെയാണ് ....

വില്ലന്‍..
അവനെക്കൊണ്ടുള്ള ശല്യം സഹിക്ക വയ്യാഎപ്പോഴുംകാണും എന്‍റെ പിന്നാലെ.. ഒഴിയാബാധ പോലെ..ഒന്ന് ചോദിച്ചു കൂടെ ..ആണുങ്ങളായാല്‍ കുറച്ചൊക്കെ ധൈര്യം വേണം..പ്രേമിച്ചാല്‍ മാത്രം പോര ...അമ്പലപ്പറമ്പിലെ ആല് തറയില്‍ ഇരിപ്പ് തുടങ്ങിയിട്ട് നേരെമേറെയായി..അയാള്‍ അക്ഷമനായി താടി തടവി..ഇവളിതുവരെയും തൊഴുതു കഴിഞ്ഞില്ലേ..ചീറിപ്പാഞ്ഞു വരുന്ന മോട്ടോര്‍ സൈക്കിളിന്‍റെ ശബ്ദം കേട്ടാണ്‌ തിരിഞ്ഞു നോക്കിയത് അതവന്‍ തന്നെ..വരട്ടെ ഇന്ന് ചോദിച്ചിട്ട് തന്നെ കാര്യം..അടുത്തെത്തിയപ്പോഴാണ് പിന്നിലിരിക്കുന്ന ആളെ കണ്ടത് ..ഒരു മിന്നായം പോലെ പാഞ്ഞു പോയ വണ്ടിയുടെ പിന്നിലിരുന്നു അവള്‍ കൈ വീശിക്കാണിക്കുന്നുണ്ടായിരുന്നു

അച്ഛന്‍...
"മോളെ ഇത് നിന്‍റെ അച്ഛനല്ലേ..ചെല്ല് അച്ഛന്‍ കുട്ടിയെ എടുത്തോട്ടെ ..."അമ്മ പലവട്ടം പറഞ്ഞു നോക്കി...കുട്ടി പേടിച്ചു നിന്നതല്ലാതെ അടുത്തേക്ക് പോകാന്‍ കൂട്ടാക്കിയില്ല ..അയാള്‍ എടുക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം വാവിട്ടു നിലവിളിക്കുകയും ചെയ്യ്തു ..വിഷണ്ണനായി നിന്ന അയാളെ നോക്കി ഭാര്യ പറഞ്ഞു ..അതെങ്ങനാ ..കല്യാണം കഴിഞ്ഞു ഒരു മാസം പോലും തികയുന്നതിനു മുന്‍പ്‌ പോയതല്ലേ ..മോള്ക്കിപ്പോ വയസ്സ് നാലായി...ഭാര്യയും കുട്ടിയും ഉണ്ട് എന്നൊരു വിചാരമൊക്കെ വേണം ...അമ്മയുടെ സാരിത്തുമ്പ് വലിച്ചു കുട്ടി ചോദിച്ചു കൊണ്ടിരുന്നു ...'അമ്മെ ഇത് ഇന്നാള് വന്ന കള്ളനല്ലേ..."

പ്രണയം....
അവസാനത്തെ വിയര്‍പ്പുതുള്ളിയും വറ്റിക്കഴിഞ്ഞപ്പോള്‍ അവളയാളോട് പറഞ്ഞു..ഇനിയും വൈകിയാല്‍ വീട്ടില്‍ തിരക്കും..ഇപ്പോള്‍ തന്നെ പല നുണകളും പറഞ്ഞു ഇറങ്ങിയതാണ്..നാളെ അമ്പലത്തില്‍ വരണം ..അറിയാലോ എട്ടരക്കാണ്‌ മുഹൂര്‍ത്തം ..അവസാനമായി എനിക്കൊന്നു കാണണം..അവള്‍ നിന്നു വിതുമ്പി...എന്നെന്നും നമ്മുടെ പ്രണയത്തെ ഓര്‍മിക്കാന്‍ എനിക്കൊരു സമ്മാനം തരണം ..."ഇത് എന്‍റെ ഹൃദയം " ഇത് നിനക്കുള്ളതാണ് ..പളുങ്ക് പോലെ സൂക്ഷിക്കണം ..ഒരിക്കലും പൊട്ടാതെ ..അവളയാളുടെ കണ്ണീര്‍ തുടച്ചു...ഈ മനസ്സ് ഞാനെന്‍റെ നെഞ്ഞോട് ചേര്‍ത്ത് വെക്കും...മരണം വരെ..."ഇനി ഞാന്‍ പൊക്കോട്ടെ"കണ്ണില്‍ നിന്നു മറയുന്നത് വരെ അവള്‍ തിരിഞ്ഞു നോക്കി..അയാള്‍ കാണില്ലെന്നുറപ്പായപ്പോള്‍ അവളാ ഹൃദയം എടുത്തോരേര് കൊടുത്തു .."ഒരു സമ്മാനം തന്നിരിക്കുന്നു.."അവന്‍റെ ഹൃദയം നൂറു കഷ്ണങ്ങളാ യ് തുടിച്ചു കൊണ്ടിരുന്നു ....

വൈരുദ്ധ്യാത്മക ....
കുഞ്ഞിരാമന് ഒന്നും മനസ്സിലായില്ല ..മുന്‍പും അങ്ങനെയൊക്കെ തന്നെയായിരുന്നു ...പിന്നെനേതാക്കള്‍ പറയുന്ന പോലെയങ്ങു ചെയ്യും ...ആത്മാര്‍ത്ഥമായിത്തന്നെ ..കഴിഞ്ഞ ആഴ്ച .പാടം നികത്തുന്നതിനെതിരെ സമരം ചെയ്യണമെന്നും സമരപ്പന്തലില്‍പോയി ഇരിക്കണമെന്ന് കര്‍ഷക സമിതി നേതാവ് പറഞ്ഞപ്പോള്‍ ...തെല്ലൊരു വിഷമത്തോടെയാണെങ്കിലുംകുഞ്ഞിരാമന്‍ പോയി ഇരുന്നു.(ആകെയുള്ള മുപ്പതു സെന്‍റ് പാടം മൂന്നു ലക്ഷം രൂപയ്ക്കു ആ‍ മുതലാളിമാര്‍ കച്ചവടമാക്കിയതായിരുന്നു )ഒരാഴ്ചത്തെ ചുമട്ടു ജോലി പോയത് മിച്ചം .. പാടം നികത്തുന്നവര്‍ ഓരോ ഭാഗത്ത്‌ നികത്തി കൊണ്ടിരുന്നു...ഇന്ന് ഇതാ ചുമട്ടു തൊഴിലാളി നേതാവ് വന്നു പറയുന്നു ടിപ്പര്‍ ലോറി തടയണം നമ്മുടെ തൊഴിലാണ് നഷ്ട്ടപ്പെടുന്നത് ..അല്ലെങ്കില്‍ നമുക്ക് നോക്ക് കൂലി കിട്ടണം...ഒന്നും മലസ്സിലാവാതെ കുഞ്ഞിരാമന്‍ സമരപ്പന്തലില്‍ ഇപ്പോഴും ഇരിക്കുന്നുണ്ട്‌

--
ഗോപി വെട്ടിക്കാട്ട്

2009 ഒക്‌ടോബർ 31, ശനിയാഴ്‌ച

നിഴല്‍ ...


പിന്‍ വിളി കേട്ട് പിന്തിരിയല്ലേ
നിഴലേ പോകണം നമുക്കേറെ ദൂരെ..
മരുഭൂമിയില്‍ സൂര്യന്‍

കനലുകള്‍ ഉതിര്‍ക്കുംപോള്‍

ഒളിക്കല്ലേ നീയെന്നില്‍ .


അങ്ങകലെയാണസ്തമയം

കാലുകള്‍ ഉരുകുന്നുവോ

നടക്കൂ നീയെന്‍ മുന്നില്‍
ദിശ മാറാതൊരിക്കലും

തോളില്‍ ചുമക്കും ഭാന്ധം
ദൂരെ എറിഞ്ഞെക്കൂ നീ
ഒന്നുമില്ല അതിലെന്‍

നഷ്ട സ്വപനങ്ങള്‍ മാത്രം..

കാലം വിദൂഷകനായ്‌
പൊട്ടിച്ചിരിച്ചും
പരിഹസിച്ചും
തേങ്ങി കരഞ്ഞും

പരിതപിച്ചും
..
ആടിത്തിമിര്‍ത്തും
കുഴഞ്ഞു വീണും..

ആട്ട വിളക്കില്‍ കരിന്തിരി കത്തുന്നു

തിരശീല വീഴുന്നു,,

പൊയ് മുഖമഴിയുന്നു

കാണികള്‍ പിരിയുന്നു


കണ്ണാടി പൊട്ടിച്ചെറിഞ്ഞെക്കൂ നീ

ഇന്നലെക്കണ്ട ഞാനല്ലതില്‍

വികൃതമാണതിലെന്‍ രൂപം

നിഴലേ പിന്തുടരുക നീ ..

അങ്ങകലെ ശ്മശാനത്തിലെന്‍

ചിത എരിയും വരെ...

ഗോപി വെട്ടിക്കാട്ട്

2009 ഒക്‌ടോബർ 24, ശനിയാഴ്‌ച

നാഗ മാണിക്യം...(കഥ)

നാഗ മാണിക്യം...(കഥ)

...........................
അയാള്‍ അവ ഓരോന്നായി ഇളക്കിയെടുത്തു ... ചെറുതും വലുതുമായ പ്രതിഷ്ഠകള്‍ ..
ഇരുതല നാഗം..ചാത്തന്‍ .....രക്ഷസ്സ് ...
എല്ലാം പറുക്കി ചാക്കില്‍ കെട്ടി...കാവിന്‍റെ തറ പൊളിക്കാന്‍ തുടങ്ങി...
സാമാന്യത്തിലധികം വലിപ്പമുള്ള വെട്ടുകല്ലുകള്‍..പണ്ട് പണ്ട് കാരണവന്‍മാര്‍ കെട്ടിയുണ്ടാക്കിയതാണ്.മുത്തശ്ശന്റെ കാലം വരെ പൂജയും തിരികത്തിക്കലും ഒക്കെ ഉണ്ടായിരുന്നു..പിന്നീടെപ്പോഴോ എല്ലാം നിലച്ചു..കാടും പടലും മൂടി വെളിച്ചം കാണാതെ പരദേവതകള്‍ അനാഥരായി..
തറവാട് ഭാഗം വെച്ചപ്പോള്‍ അയാള്‍ക്ക്‌ കിട്ടിയത് പാമ്പിന്‍ കാവടക്കമുള്ള ഭാഗമാണ്..
"ഏട്ടന് ജോലിസ്ഥലത്ത് വീടൊക്കെയില്ലേ എന്തായാലും ഇവിടെ വീട് വെക്കാന്‍ പോകുന്നില്ലല്ലോ
പിന്നെ എട്ടനാവുംപോള്‍ അതവിടെ കിടന്നോളും..ഇത് വിറ്റിട്ടൊന്നും വേണ്ടല്ലോ.."
എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌ മറുത്തൊന്നും പറയാനായില്ല

"വിളിച്ചാല്‍ വിളിപ്പുറത്തുള്ള പരദേവതകളാണ് .. എന്‍റെ കുട്ടിക്ക് അത് കൊണ്ട് നല്ലതേ വരൂ .."
പണ്ട് തറവാട്ടില്‍ ഒരു കാരണവര്‍ക്ക്‌ നാഗ മാണിക്യം കിട്ടിയിട്ടുണ്ട് ..രണ്ടു തലയുള്ള ഒരു നാഗം ഉമ്മറപ്പടിയില്‍ വെച്ചിട്ട് പോകയായിരുന്നത്രേ ..നീയാ കാവ് നേരെ ചൊവ്വേ നോക്കി പൂജയൊക്കെ നടത്തിയാല്‍ നിനക്ക് നന്നാവും..."
അമ്മയും അവരോടൊപ്പം കൂടി..

എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്നതു ഒന്നിനും തികയാതെ ബാങ്ക് ലോണ്‍ പലിശയും
കൂട്ട് പലിശയുമായി പെരുകിയപ്പോഴാണ് പറമ്പ് വില്‍ക്കാന്‍ തീരുമാനിച്ചത്..
വന്നു നോക്കുന്നവരെല്ലാം ദുശ്ശകുനം പോലെ കിടക്കുന്ന കാവും പരിസരവും കണ്ടു വില പോലും പറയാതെ പോയപ്പോള്‍ ബ്രോക്കര്‍ ആണ് പറഞ്ഞത് .
".സാറ് ആ കാവോന്നു വെട്ടിതെളിയിച്ചു ആ കല്ലുകളൊക്കെ ഒന്നെടുത്തു മാറ്റ്.."
"ഈ കാലത്ത് ആരെങ്കിലും ഇതിലൊക്കെ വിശ്വസിക്കോ..ഇതിങ്ങനെ കിടന്നാല്‍ അടുത്ത കാലത്തൊന്നും കച്ചവടം ആകുമെന്ന് കരുതണ്ടാ.."

നേരം ഇരുട്ടി തുടങ്ങിയപ്പോള്‍ അയാള്‍ ചാക്ക് കേട്ടെടുത്തു അടുത്തുള്ള പൊട്ട ക്കിണറ്റിലെക്കെറിഞ്ഞു .
റോഡിലേക്ക്‌ ഇറങ്ങിയപ്പോള്‍ ഒരു കുറത്തി തത്തക്കൂടും തൂക്കിപ്പിടിച്ച് അയാളെ കാത്തു നില്‍ക്കുകയാണ്‌ .
"എന്തിനാ തമ്പ്രാ പാപങ്ങളൊക്കെ തലയില്‍ എടുത്ത്‌ വെക്കണേ ..നാഗ ദൈവങ്ങള്‍ സത്യമുള്ളതാ.."
അയാളൊന്നും മിണ്ടിയില്ല ..
"വന്ന്‌ വന്ന്‌ മനുഷ്യര് ദൈവങ്ങളെയും വിടാതായി.."
അവള്‍ ആരോടെന്നില്ലാതെ പറഞ്ഞ് തിരിഞ്ഞു നടന്നു..
വീട്ടില്‍ എത്തിയപ്പോള്‍ നേരം വല്ലാതെ ഇരുട്ടിയിരുന്നു..
"ഇതെവിടെയായിരുന്നു ഇത്രെയും നേരം..എവിടെക്കെങ്കിലും പോകുമ്പൊള്‍ ഒന്ന് പറഞ്ഞിട്ട് പോക്കൂടെ"
ഞാന്‍ തറവാട് വരെ ഒന്ന് പോയി ബ്രോക്കറെ കാണാന്‍..തിരിച്ചു ബസ്സ് കിട്ടാന്‍ വൈകി..
മറ്റൊന്നും അയാള്‍ പറഞ്ഞില്ല..
"ഇന്നൊരു കാര്യം ഉണ്ടായി..
ഉം ..അയാള്‍ വെറുതെ ഒന്ന് മൂളി..
ഇത് അവള്‍ക്കു എന്നും ഉള്ളതാണ് ..പുറത്ത് പോയി വരുമ്പോള്‍ എന്തെങ്കിലും ഒക്കെ ഉണ്ടാവും പറയാന്‍..
"ദേ " നമ്മുടെ മുറ്റത്ത്‌ വലിയൊരു പാമ്പ്‌ ..നല്ല ഇനമാണ്...ഞാന്‍ ആളുകളെയെല്ലാം വിളിച്ചു വന്നപ്പോഴേക്കും അത് പോയി..നമ്മുടെ തുളസി തുളസിത്തറയില്ലേ അവിടെ ചുരുണ്ടു കിടക്കുന്നു...അതിനെ മുന്‍പും അവിടെ കണ്ടിട്ടുണ്ട് ..
തറവാട്ട് കാവില്‍ ഒരു പൂജ കഴിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല..ഒന്നുമില്ലെങ്കിലും തിരുമേനിയോട് പറഞ്ഞു ഒരു നൂറും പാലും കഴിക്കാനെങ്കിലും..അതെങ്ങിനെ ഒന്നിലും വിശ്വാസമില്ലല്ലോ..അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു...

ഉറരങ്ങാന്‍ കിടന്നിട്ടു അയാള്‍ക്ക്‌ ഉറക്കം വന്നതേയില്ല...മനസ്സ് മുഴുവന്‍ ഏതു നിമിഷവും വരാവുന്ന ജപ്തി നോട്ടീസും ..മകളുടെ അഡ്മിഷന്‍ ശരിയാവാന്‍ വേണ്ടിവരുന്ന ചിലവും മാത്രമായിരുന്നു...ആ പറമ്പോന്നു വിറ്റിരുന്നെങ്കില്‍..
എപ്പോഴോ കണ്ണോന്നടഞ്ഞു പോയി..
"തമ്പ്രാ എണീക്ക് തമ്പ്രാ "
ആരോ അയാളെ കുലുക്കി വിളിക്കുന്നത്‌ പോലെ തോന്നി..തത്തക്കൂടും പിടിച്ചു നില്‍ക്കുന്നു കാലത്ത് കണ്ട
കുറത്തി..കൂട്ടില്‍ അവളുടെ തത്ത കിടന്നു ചിലക്കുന്നു...തമ്പ്രാ ആ പൊട്ടക്കിണറ്റില്‍ ആരോ നിലവിളിക്കുന്നു..വാ തമ്പ്രാ ..അവള്‍ കൈ പിടിച്ചു വലിക്കയാണ് ..തമ്പ്രാനല്ലേ അവരെ കിണട്ടിലിട്ടത് ..
അയാള്‍ ഓടി കിണറ്റിന്‍ കരയിലെത്തി.
കിണറ്റിലിറങ്ങി പൊന്തിക്കിടക്കുന്ന ചാക്ക് കെട്ട് അഴിച്ചു നോക്കി ..
നാഗങ്ങളും ..ചാത്തനും ..രക്ഷസ്സും .ചത്തു മലച്ച് ..വീര്‍ത്തു കിടക്കുന്നു...അയാള്‍ ഒരുവിധം കയറിപ്പോന്നു ..
മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നൊരു സര്‍പ്പം.. അതിന്‍റെ വായില്‍ നക്ഷത്രം പോലെ തിളങ്ങുന്ന മാണിക്ക്യക്കല്ല് ..അതയാളുടെ കാലില്‍ കൂടി ഇഴഞ്ഞു കയറി..കഴുത്തില്‍ ചുറ്റി മുറുക്കി..അയാള്‍ക്ക്‌ ശ്വാസം മുട്ടിപ്പോയി ..കണ്ണ് പുറത്തേക്ക് തള്ളി..വായ തുറന്നു...സര്‍പ്പം മാണിക്ക്യക്കല്ല് അയാളുടെ വായിലേക്ക് തുപ്പി..

പാമ്പ് ..അയാളുറക്കെ അലറി വിളിച്ചു..
ഞെട്ടിയുണര്‍ന്ന ഭാര്യ നോക്കുമ്പോള്‍ അയാളിരുന്നു വിയര്‍ക്കുന്നു
"എന്ത് പറ്റി" അവളയാളെ കുലുക്കി വിളിച്ചു ..
അയാള്‍ അവളെത്തന്നെ തുറിച്ചു നോക്കുകയാണ്
"പാമ്പ് , എന്‍റെ വായിലേക്ക് മാണിക്ക്യക്കല്ലിട്ടു..'
അയാള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു .. വായ തുറന്നു നാക്ക് അവള്‍ക്കു നേരെ നീട്ടി..

"ഞാന്‍ പറഞ്ഞാല്‍ ഒരു വിലയുമില്ലല്ലോ.."
"ഇപ്പോള്‍ ബോധ്യമായില്ലേ..മനുഷ്യനായാല്‍ കുറച്ചൊക്കെ ദൈവ വിശ്വാസം വേണം.."
അവള്‍ തിരിഞ്ഞു കിടന്നുറങ്ങി..

സ്വപ്നവും യാഥാര്‍ത്യവും തിരിച്ചറിയാതെ അയാളിരുന്നു വിയര്‍ത്തു...

ഗോപി വെട്ടിക്കാട്ട്.

2009 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ......

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ......

ലോകാവസാനം പ്രളയമാണെന്നും
പ്രളയ ജലം ഭൂമിയെ മൂടുമെന്നും
സൂര്യന്‍ മാഞ്ഞു പോകുമെന്നും
പിന്നെയും ഓംകാരം മുഴങ്ങുമെന്നും
നാഭിയില്‍ താമര വിരിയുമെന്നും
ജീവനുണ്ടാകുമെന്നും
നീ.....

കാഹളം മുഴങ്ങുമെന്നും
ജീവികള്‍ ഞെട്ടി വിറയ്ക്കുമെന്നും
ഭൂമി അടിച്ചു പരത്തുമെന്നും
കുഴി മാടങ്ങളില്‍ മുളപൊട്ടുമെന്നും
അന്ത്യ വിധിക്കായ്‌ യാത്രയാകുമെന്നും
അയാള്‍ ..
.
പാപ പുണ്യങ്ങള്‍ വേര്‍തിരിക്കുമെന്നും
പാപികള്‍ നരകത്തിലാണെന്നും
നരകം അഗ്നിയാണെന്നും
ഞങ്ങള്‍ അതിലെ വിറകാണെന്നും
സ്വര്‍ഗ്ഗം , സ്വര്‍ഗ്ഗമാണെന്നും
നിങ്ങള്‍ അവിടെ ശ്വാശ്വതരാണെന്നും
ദൈവത്തിന്‍റെ തൊട്ടടുതാണെന്നും
നിങ്ങള്‍....

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ
ഒട്ടിയ വയറും ,നെഞ്ഞില്‍ തീയുമായ്‌
തെരുവുകളില്‍ അലയുമ്പോള്‍
എനിക്ക് വേണ്ട സ്വര്‍ഗ്ഗം ഭൂമിയിലാണ്
അതാകട്ടെ നിങ്ങളുടെതല്ല ....


ഗോപി വെട്ടിക്കാട്ട്......

2009 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

കവിത അത്യന്താധുനികം ....

കവിത അത്യന്താധുനികം ....

പാഠം ഒന്ന്
ത റ തറ
വെറുമൊരു തറ ..
പ റ പറ
എന്തെങ്കിലുമൊന്നു പറ
പ ന പന
പനയെങ്കില്‍ പന
പ ത പത
പത വേണ്ടാ
ത ല തല
തല പെരുത്തു
വ ല വല
ഞാന്‍ വലഞ്ഞു
യ ര ല വ ശ ഷ......

ഗോപി വെട്ടിക്കാട്ട്

2009 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

നിരൂപകന്‍ .....

ചോദ്യങ്ങള്‍
തിരഞ്ഞെടുത്തതും..
വിട്ടു പോയതും
തമ്മില്‍ ചേരാത്തതും
കൈ കോര്‍ത്ത്
നീണ്ട ചങ്ങലയായ്‌
ആര്‍ത്തു വിളിച്ച്....

ഉത്തര കടലാസില്‍
ഒരു ബിന്ദുവില്‍ നിന്നും
വളയം വരച്ച്‌
പണിയറിയാതെ
പേനയെ പഴിച്ച്..
മഷി കുടഞ്ഞ്
മുനയൊടിച്ച്..
കട്ടയും പടവും
മടക്കി വെച്ച്...

കറങ്ങി കറങ്ങി
ഭ്രമണ പഥത്തില്‍ നിന്നും
പുറത്ത്‌ ചാടി ..
വളയമില്ലാതെ
ചാടാന്‍ പഠിച്ച്
വാ തോരാതെ
പറയാന്‍ പഠിച്ച്
മനമറിയാതെ
ചിരിക്കാന്‍ പഠിച്ച്
പാവം ഒരു
അത്യന്താ ധുനിക നിരൂപകന്‍...........

ഗോപി വെട്ടിക്കാട്ട്

2009 ഒക്‌ടോബർ 14, ബുധനാഴ്‌ച

ബലിതര്‍പ്പണം .............

ബലി തര്‍പ്പണം...

ദിഗന്തങ്ങള്‍ ഭേധിക്കുമാറുമുച്ചത്തില്‍
ഇടി മുഴക്കം തുടരുന്നു വാനില്‍
മിന്നല്‍ പിണര്‍ അശനി പാതമായി
പിതാവിന്‍റെ ദുഖം മഹാമാരിയായി..

ഇരുളിന്‍റെ ഗര്‍ഭ പാത്രത്തില്‍ നിന്നും
ഹിംസ്ര ജന്തുക്കള്‍ .പിറന്നു വീഴുന്നു
അമ്മെ മഹാകാളി മന്ത്രം ജപിച്ച്..
ശിരസുകളെല്ലാം അരിഞ്ഞു തള്ള‌ുന്നു..

വാളും ചിലമ്പും ചുഴറ്റിച്ചുഴറ്റി
കോമരം തുള്ളുന്ന കാവിലെയമ്മേ..
നെഞ്ഞു പിളര്‍ന്നു ചുടു ചോരക്കായി
നാവു നീട്ടി നാട് തെണ്ടുന്നതെന്തേ

വിത്ത് വിതച്ചു നീ കൊയ്തെടുക്കുന്നു
കാറ്റ് വിതയ്ച്ചു കൊടുംകാറ്റ് കൊയ്യും..
ആത്മാവറുത്തു നീ ആണിയായ് മാറ്റി
പാല മരത്തില്‍ തറച്ചു വെക്കുന്നു

നെഞ്ഞില്‍ കടും തുടിത്താളം തുടങ്ങി
പ്രാണന്‍ പറിഞ്ഞു പോകുന്ന പോലെ..
കണ്ണുകള്‍ അഗ്നി ഗോളങ്ങളായി
ഉരുകിയൊലിക്കും ലാവയായ്‌ മാറി

കോടി മുണ്ടില്‍ ഉറക്കിക്കിടത്തി
വായ്ക്കരിയിട്ടു തെക്കൊട്ടെടുത്തു..
കത്തിയമരും ചിതയിലെ ചാരം
ബലിക്കാക്കയായ് ഉണര്‍ന്നെണീക്കുന്നു

ഒരു പിടിയരിയിട്ടു നെഞ്ഞിന്നടുപ്പില്‍
ഊതിയൂതി തീപ്പിടിപ്പിച്ച് ..
ബലി തര്‍പ്പണത്തിന്ന് മുങ്ങിക്കുളിച്ച്
ഈറനുടുത്തു കൈ കൂപ്പി നിന്ന്

ഓരിലപ്പുവ്വും എള്ളും വിതറി
ഓര്‍മകളൊക്കെയും ഉരുളയുരുട്ടി..
മകനേ ക്ഷമിക്കൂ..നിനക്കു തരാനായ്‌
ഈ ഉരുളയല്ലാതിനി ഇല്ലെനിക്കൊന്നും..

ഗോപി വെട്ടിക്കാട്ട് .