2009 നവംബർ 13, വെള്ളിയാഴ്‌ച

നുറുങ്ങു കഥകള്‍... രണ്ടാം ഭാഗം

1.മച്ചിപ്പശു..
******************
വളര്‍ത്താനായാലും കൊല്ലാനായാലും
കൊണ്ട് പൊക്കോളൂ...
അയാള്‍ പശുവിന്‍റെ കയര്‍ അഴിച്ചു കൊടുത്തു...
മച്ചിപ്പശുവിനെ എത്രെ കാലം എന്ന് വെച്ചാ വളര്‍ത്തണെ...

ജനലരികില്‍ അങ്ങകലെക്ക് നോക്കി
തന്‍റെ ചുരക്കാത്ത മാറും, നിറയാത്ത വയറും തടവി അവള്‍ നെടുവീര്‍പ്പിട്ടു...


2.. ചിലന്തി വല ..
****************

ചാനലില്‍ ആസിയാന്‍ കരാറിനെക്കുറിച്ച് ചൂടുള്ള ചര്‍ച്ച ..
കരാറു കൊണ്ട് നമ്മുടെ കര്‍ഷകര്‍ക്ക് കിട്ടാന്‍ പോകുന്ന ഗുണങ്ങളെ പറ്റി
വാചാലരാവുന്ന കദര്‍ ധാരികള്‍..

പെട്ടെന്ന് എന്തോ ശബ്ദം കേട്ടാണ്‌ ഉത്തരത്തിലേക്കു നോക്കിയത് ...
വലിയൊരു ചിലന്തി വല ..
അതില്‍ ഒരു തുമ്പി കുടുങ്ങിയിരിക്കുന്നു ..
തല ചിലന്തിയുടെ വായക്കകത്തായ തുമ്പി ചിറകിട്ടടിക്കുകയാണ്....

ചാനലില്‍ അപ്പോഴും എതിര്‍ വാദങ്ങളെ ശക്തിയുക്തം
എതിര്‍ക്കുന്ന കദര്‍ ധാരികള്‍ ..അരങ്ങു തകര്‍ക്കുന്നു...


3..കഷ്ടകാലം..
****************
"ഇനി വണ്ടി ഓടിക്കണ്ടാ"
ഞാന്‍ ഇന്നലെ പണിക്കരേ കൊണ്ട് ജാതകം നോക്കിച്ചു ..
കഷ്ടകാലം ആണെന്ന പറയണേ..മോട്ടോര്‍ വാഹനം തൊടാന്‍ പാടില്ലെന്ന് ..
രണ്ടു ദിവസം മുന്‍പ് ഓഫീസില്‍ പോകുമ്പൊള്‍ ബൈക്ക് ചെറുതായൊന്നു മറിഞ്ഞു..
ഒന്നും പറ്റിയില്ലെങ്കിലും അവള്‍ ആകെ പേടിച്ചു..
അനങ്ങിയാല്‍ പണിക്കരേ കാണുന്നത് അവള്‍ക്കൊരു ശീലമായതിനാല്‍ ഒരു ചിരിയിലൊതുക്കി..
നിനക്കതു പറയാം..ഓഫീസിലേക്ക് പിന്നെ നടന്നു പോകാന്‍ പറ്റോ ..
ഓഫീസില്‍ എത്തി പത്തു മിനിട്ട് കഴിഞ്ഞില്ല..
അവളുടെ ഫോണ്‍ ..
"നമ്മുടെ പണിക്കരേ ബസ്സ്‌ തട്ടി..ആശുപത്രിയില്‍ കൊണ്ട് പോകുന്നതിനു മുന്‍പേ മരിച്ചു.."
ഇന്ന് ലീവ്‌ എടുക്കൂ ..നമുക്കവിടെ വരെ പോണം..
പെട്ടെന്ന് വിശ്വസിക്കാനായില്ല...
ആദ്യത്തെ ഞെട്ടലില്‍ നിന്നും വിമുക്തനായപ്പോള്‍ മനസ്സ് മന്ത്രിച്ചു...
പാവം അയാള്‍ടെ കഷ്ടകാലം.



4..ഓണം ...
****************
"ആ‍ കാറ്ററിംഗ്ങ്ങുകാര്‍ ഇത് വരെ വന്നില്ല .."ഇനിയിപ്പോ എന്താ ചെയ്യാ ..
ഞാനാണെങ്കില്‍ ഒന്നും ഉണ്ടാക്കിയിട്ടുമില്ല ..
ഓണ സദ്യയല്ലേ ..അവര്‍ക്കൊരു പാട് സ്ഥലത്ത് കൊടുക്കാനുണ്ടാവും ..
നീയൊന്നു കൂടി വിളിച്ചു നോക്ക്..അഡ്രസ്സ് ശരിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടല്ലോ ..
"മോളെ ആ‍ പൂക്കളൊന്നും നശിപ്പിക്കണ്ടാ" കഴുകി വെച്ചാല്‍ അടുത്ത ഓണത്തിനു ഉപയോഗിക്കാം ..
"അച്ഛാ ഈ ഓണക്കളി കണ്ടു മടുത്തു..ആ‍ ചാനലോന്നു മാറ്റൂന്നെ ..
ഹിന്ദി ഫിലിം ഉണ്ട് "കഹോനാ പ്യാര്‍ ഹെ"
"അല്ല നിങ്ങള് കുളിക്കുന്നില്ലേ " കസവ് മുണ്ടും ജുബ്ബയും തേച്ചു വെച്ചിട്ടുണ്ട് ..

അയാള്‍ ബാറ്റ് റൂമില്‍ കടന്നു വാതിലടച്ചു .
ബാത്ത്‌ട്ടബ്ബിലെ വെള്ളത്തിലെക്കൊരു മുങ്ങാംകുഴിയിട്ടു ..
കുളിച്ചു കയറിയപ്പോള്‍ പുഴക്കരയില്‍ കൂട്ടുകാരെല്ലാവരും ആര്‍പ്പു വിളിക്കുന്നു..
അയാളും നീട്ടി വിളിച്ചു ..ആറാപ്പൂയ്‌ ..പൂയ്‌ പൂയ്‌ ..


5..സ്വകാര്യം
******************
വടക്കേ മതില്‍ പൊക്കി കെട്ടിയെ തീരൂ ..
എനിക്ക് വയ്യ എന്നും അവളുടെ തിരു മോന്ത കാണാന്‍..
ഒരു മുടിഞ്ഞ ശ്രിങ്കാരം.
പാടത്തെക്കുള്ള ഗേറ്റ് എടുത്ത്‌ മാറ്റി അവിടെ അടക്കണം..
പിള്ളേര് നമ്മുടെ പറമ്പിലൂടെയാണ് കളിക്കാനായി പാടത്തെ ക്കിറങ്ങുന്നത് .
ഒച്ചയും ബഹളവും ..വല്ലാത്ത ശല്യം ..
മുന്‍ വശത്തെ ഗേറ്റിന്റെ വിടവ് അടക്കണം .. പുതിയൊരു പൂട്ട് ഇടണം
ഭിക്ഷക്കാരെകൊണ്ട് തോറ്റു ..പിന്നെ
ആ‍ വിടവിലൂടെയാണ് പട്ടിയും പൂച്ചയും കോഴിയുമെല്ലാം പറമ്പിലേക്ക് കടക്കുന്നത്‌ ..
'ഓഹോ" ചുരുക്കി പറഞ്ഞാല്‍ വായുവല്ലാതെ മറ്റൊന്നും കടക്കരുതെന്ന് സാരം..
'അതെ"
"അപ്പോള്‍ നമ്മള്‍ ഒറ്റപ്പെട്ടു പോവില്ലേ ..."
അതിനെന്താ ചേട്ടന് ഞാനും ..എനിക്ക് ചേട്ടനുമില്ലെ..



6..എഴുത്തുകാരന്‍
*******************
അയാള്‍ ഒരെഴുത്തുകാരനായിരുന്നു...
പത്ര ,മാസികകളില്‍ അയാളുടെ രചനകള്‍ വേറിട്ട്‌ നിന്നു ..
ചുറ്റും ആരാധകര്‍ ,അഭിനന്ദനങള്‍ ..
കയ്യിലുള്ളതെല്ലാം എഴുതി തീര്‍ന്നപ്പോള്‍ ,ആളുകള്‍ ശ്രദ്ധിക്കാതായപ്പോള്‍ അയാള്‍ക്ക്‌ ഇരിക്കപൊറുതി ഇല്ലാതായി..
എഴുത്തിന്‍റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അയാള്‍ ഇറങ്ങി..
കറങ്ങി കറങ്ങി എത്തിപ്പെട്ടത് നഗരത്തിലെ പ്രസിദ്ധമായ തെരുവിലായിരുന്നു..
വേശ്യകളും മദ്യവും ,മയക്കു മരുന്നും, തെരുവ് ഗുണ്ടകളും ഇഴ പിരിഞ്ഞു കിടക്കുന്ന ഒരു തെരുവ്..

അനുഭവങ്ങളില്‍ നിന്നാണ് ക്ലാസിക്കുകള്‍ ഉണ്ടാകുന്നത്..
എന്ന അറിവില്‍ അയാള്‍ അവളുമായി അനുഭവങ്ങള്‍ പങ്ങ്ങു വെച്ചു..
ഭൂതവും കഴിഞ്ഞു വര്‍ത്തമാനത്തില്‍ എത്തിയപ്പോള്‍.
അനുഭവങ്ങളുടെ പ്രചോദനത്തില്‍ അയാള്‍ പുതിയൊരു എഴ്ത്തുകാരനായി..
അവളുടെ പറ്റ് വരവുകളുടെ കണക്കെഴുത്ത്..

ഭാവിയില്‍ അയാള്‍ ആ തെരുവിലെ ഏറ്റവും നല്ല കണക്കെഴുത്ത്കാരനായെക്കാം...


ഗോപി വെട്ടിക്കാട്ട്




2009 നവംബർ 11, ബുധനാഴ്‌ച

ചൊവ്വാ ദോഷം...

ഗ്രഹങ്ങളില്‍ ചൊവ്വക്ക് ദോഷം
ഭൂമിയില്‍ മങ്കമാര്‍ക്കും
ചൊവ്വയില്‍ ജീവന്‍ ഹിമപാളിയായ്‌
ഒളിഞ്ഞു കിടപ്പുണ്ടെന്ന് നാസ..

കണിയാന്‍റെ രാശി പലകയില്‍
തായം കളിക്കുന്ന കവിടികളില്‍
മരവിച്ചു പോയ മോഹങ്ങളും
അറച്ചു നില്‍ക്കുന്ന മംഗല്യ ഭാഗ്യവും.

ചൊവ്വയിലെ ജീവനെ സ്വപനം കണ്ടു
തലയിലെ വെള്ളിയിഴകളില്‍ തലോടി..
തിങ്കളാഴ്ച വ്രതവും നോറ്റ്
ചൊവ്വാഴ്ച്ചകളില്‍ അവള്‍ കാത്തിരിപ്പ്‌ തുടരുന്നു..


ഗോപി വെട്ടിക്കാട്ട്

2009 നവംബർ 9, തിങ്കളാഴ്‌ച

ആരുമല്ലാത്തവന്‍ (കഥ)

ആരുമല്ലാത്തവന്‍ (കഥ)
*********************

ചിലപ്പോള്‍ അങ്ങനെയാണ് ,,മനസ്സ് ആവശ്യമില്ലാത്തിടത്തോക്കെ ചുറ്റിക്കറങ്ങും ..
ഒരു കാര്യമില്ലെന്കിലും അതിനെക്കുറിച്ച് വേവലാതിപ്പെടും ..
അല്ലെങ്കില്‍ ഇന്നലെ കരിയപ്പന്‍ എന്‍റെ മുന്നിലേക്ക് വരുമായിരുന്നോ..
അയാള്‍ മരിച്ചിട്ട് തന്നെ വര്‍ഷങ്ങളായല്ലോ
അതും എനിക്ക് ആരുമല്ലാത്ത കരിയന്‍ ...

ശനിയാഴ്ചയും ഞായരാഴച്ചയും
സ്കൂളില്ലാത്ത് കൊണ്ട് ഉച്ചവരെ മൂടിപ്പുതച്ചു ഉറങ്ങേണ്ടതാണ്
അതിനു അമ്മ സമ്മതിച്ചിട്ട് വേണ്ടേ ..
"ഉറങ്ങണെ കണ്ടില്ലേ കുരുത്തം കെട്ടോന്‍ ..നേരം ഉച്ചയാകാറായി .."
കാലത്ത് പാടത്തേക്കു പോയതാനൊരു മനുഷ്യന്‍ ,..
അതിനൊരു തുള്ളി കഞ്ഞി വെള്ളം കൊണ്ട് കൊടുക്കാനും ഞാന്‍ തന്നെ പോണല്ലോ "
അച്ചനെങ്ങാന്‍ കേട്ടാല്‍ ഇന്ന് അടിയുടെ പൂരമാണ്‌ ..
അമ്മയുടെ ഒച്ച ഉച്ചത്തിലാവുന്നതിനു മുന്‍പ് എണീറ്റ്‌ ചട പടാന്ന് പല്ല് തേച്ചു മുഖം കഴുകി
കഞ്ഞി പാത്രവും തൂക്കി പാടത്തേക്കു ഓടി...

പാടത്തെ വലിയ വരമ്പില്‍ നിന്നു ഉറക്കെ വിളിച്ച് പറഞ്ഞു ..
"കരിയാ ..ദാ കഞ്ഞി കൊണ്ട് വന്നിട്ടുണ്ട് "
കേട്ടിട്ടും കേള്‍കാത്ത മട്ടില്‍ അങ്ങേ തലക്കലെ കണ്ടത്തില്‍ പൂട്ടുകയാണ് കരിയന്‍ ...
കുട്ടി നേരം വൈകിയതിന്റെ ദേഷ്യത്തിലാവും ..ഞാന്‍ വിളിക്കാം ..
ദാ .ആ‍ കുട്ടി എത്രെ നേരായി വിളിക്കാന് .ചെവി കേട്ടൂടെ ..
നാട് നിര്‍ത്തി പാത്തുമ്മ വിളിച്ച് പറഞ്ഞു
പാട വരമ്പത്തിരുന്നു കഞ്ഞി കുടിക്കുമ്പോള്‍ പാത്തുമ്മ അടുത്ത് വന്നിരുന്നു ചോദിച്ചു ..
"എന്തിനാ മോന്ത ഇങ്ങനെ കേറ്റിപ്പിടിച്ചെക്കണേ"
കരിയന്‍ ഒന്നുംമിണ്ടാതെ കഞ്ഞി കുടിച്ചു .പാത്രം കഴുകി തന്നു...കണ്ടത്തിലെക്കിറങ്ങിപ്പോയി ..പാത്തുമ്മ നടാനും ..

പാത്തുമ്മയും കരിയനും തറവാട്ടിലെ സ്ഥിരം പണിക്കാരാണ് ..പാടത്ത്‌ പണിയില്ലാത്തപ്പോള്‍ വീട്ടില്‍ പണിയുണ്ടാവും ...
കരിയന്‍ വളരെ ചെറുപ്പത്തില്‍ വന്നു കൂടിയതാണെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.. നാടും വീടുമോന്നുമില്ലാത്രേ..
പണിക്കാരനെപ്പോലെയല്ല വീട്ടിലെ ഒരാളെപ്പോലെ തന്നെയാണ് എല്ലാവര്ക്കും ..
എപ്പോഴും ഒരു വാല് പോലെ അച്ഛന്‍റെ പിന്നാലെ കാണും ...
എവിടെ ഉത്സവം ഉണ്ടോ അവിടെയൊക്കെ കരിയനും ഉണ്ട് ...
എല്ലാ കൊല്ലവും മലക്ക് പോകും ..കറുത്തിരുണ്ട്‌ തടിമാടനാണെങ്കിലും ചെറിയ കുട്ടികളെപ്പോലെയാണ് ..
ആരോടും എതിര്‍ത്തൊന്നും പറയില്ല ..പോത്ത് പോലെ പണിയെടുക്കും ...

പുറത്തെ പറമ്പില് തോല് വെട്ടാന്‍ പോയതാണ് കരിയാനും പാത്തുമ്മയും .
അത്യാവശ്യമായി കരിയനെ വിളിച്ച് കൊണ്ട് വരാന്‍ അമ്മ പറഞ്ഞയച്ഛതാണ് പറമ്പിലേക്ക്..
പറമ്പ് മുഴവന്‍ തിരഞ്ഞിട്ടും കാണാതായപ്പോള്‍ വെറുതെ പാമ്പിന്‍ കാവിനടുത്തെക്ക് പോയി നോക്കിയതാണ് .
കാട് മൂടി കിടക്കുന്ന അവിടെക്കു സാധാരണ ആരും പോകാറില്ല...ഉണങ്ങിയ ഇലകളുടെ അനക്കം കേള്‍ക്കുന്നുണ്ട്‌ ...
വല്ല പാമ്പുമാണോ എന്നു ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ ..കരിയനും പാത്തുമ്മയും ഉടു വസ്ത്രമില്ലാതെ പാമ്പിനെപ്പോലെ കേട്ടിപ്പിണഞ്ഞു കിടക്കുന്നു... ...
തന്നെ കണ്ടതും ചാടി എഴുന്നേറ്റു മുണ്ട് വാരിച്ചുറ്റി.. പേടിച്ചു പോയി ..
ഇടം വലം നോക്കാതെ ഒരോട്ടമായിരുന്നു വീട്ടിലേക്കു ..ചെന്നപാടെ കിതച്ച്‌ കൊണ്ട് അമ്മയോട് പറഞ്ഞു..
"നീയിതു ആരോടും പറയണ്ടാ .മിണ്ടാതെ അപ്പുറത്തെങ്ങാന്‍ പോയി കളിച്ചോ.."

ആരോടും പറയണ്ടാ എന്നു കരുതിയതാണ്..എന്നാലും മനസ്സിലിരുന്നു തിങ്ങുകയാണ് ആ‍ കാഴ്ചാ..
ആലിയോട് പറഞ്ഞപ്പോള്‍ ഒരു സമാധാനമായി ..അവനും പറഞ്ഞു നീയിതാരോടും പറയണ്ടെന്നു..
പറയണ്ടാ..പറയണ്ടാ എന്നുപറഞ്ഞ്‌ പറഞ്ഞു നാട്ടിലെല്ലാം പാട്ടായി ..പാത്തുമ്മയുടെ വീട്ടുകാരാകെ ഇളകി..
വലിയ തങ്ങളുടെ വീട്ടില്‍ കൂടിയവരെല്ലാം പറഞ്ഞു ..അവനെ ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല..
നമ്മുടെ ജാതീലെ ഒരു പെണ്ണിനെ പെഴപ്പിച്ചിട്ടു അവനെയൊന്നും രണ്ടു കാലില്‍ നടക്കാന്‍ വിടരുത്..
കൊന്നു കുഴിച്ചു മൂടണം ആ‍ നായിന്റെ മോനെ.. ആ‍ നായരാണ് അവനു വളം വെച്ച് കൊടുക്കുന്നത്..
നിങ്ങളൊന്നു അടങ്ങു ..ഞാന്‍ ആ‍ നായരോട് ചോദിക്കട്ടെ ..അവനെ തല്ലിയിട്ടോ കൊന്നിട്ടോ നമ്മുടെ ജാതീല് വന്നൊരു നാണക്കേട്‌ മാറ്റാന്‍ പറ്റോ
എന്നാല്‍ ഇന്ന് തന്നെ വല്യ തങ്ങള് എന്ന ഇതിനൊരു പരിഹാരം ഉണ്ടാക്കു..നാളെ ഇതിനൊരു തീരുമാനം ഉണ്ടായില്ലെങ്കില്‍ അവന്‍ ഈ ഭൂമീല് ഉണ്ടാവില്ല ഞങ്ങളാ പറയണേ..

വല്യ തങ്ങള് സമാധാനമായി പൊക്കോളൂ ..നമുക്ക് പരിഹാരം ഉണ്ടാക്കാം ..
അച്ഛന്‍തങ്ങളോടു പറഞ്ഞു ..തങ്ങള് പോയപ്പോള്‍ അച്ഛന്‍ കരിയനെ വിളിച്ചു..ദാ തങ്ങള് പറഞ്ഞതൊക്കെ നീ കേട്ടില്ലേ..
'ഉം" കരിയന്‍ അലക്ഷ്യമായി ഒന്ന് മൂളി
നിനക്കവളെ അത്രയ്ക്ക് ഇഷ്ട്ടമാനെന്കില്‍ നീയവളെയങ്ങ് കെട്ടിക്കോ....
പക്ഷെ അവരുടെ കൂട്ടത്തിലേക്ക് മാറണം ന്നാ പറയണേ..
അങ്ങനെയാണെങ്കില്‍ ഈ ആഴ്ചാ തന്നെ കല്യാണം നടത്താന്ന വല്യ തങ്ങള് പറയണേ..
നീയെന്താ ഒന്നും മിണ്ടാത്തെ..ഞാനിപ്പോള്‍ തങ്ങളോടു എന്താ പറയാ..
എന്താന്നു വെച്ചാല്‍ ചൈയ്തോളൂ..
തടിച്ചുവീര്‍ത്ത മസിലുകളുള്ള കൈത്തണ്ടയില്‍ പച്ച കുത്തിയ കൃഷ്ണന്റെ ചിത്രത്തില്‍ തലോടി കരിയന്‍ പറഞ്ഞു ...

അങ്ങനെ കരിയന്‍ ഒരു നാള്‍ . പൊന്നാനിയില്‍ പോയിമാര്‍ഗം കൂടി അട്ബുല്‍ കാദര്‍ ആയി. പാത്തുമ്മയെ നിക്കാ ഹും ചെയ്യ്തു ..
കിടപ്പ് പാത്തുമ്മയുടെ വീട്ടിലെക്കാക്കി ..
ഞങ്ങള്‍ കുട്ടികള്‍ അപ്പോഴും കരിയാ എന്നു തന്നെ വിളിച്ചു ..കുറെ ആളുകള്‍ കാദരെ എന്നും ..
എഴുത്തും വായനയും അറിയാത്ത കരിയനെ വല്യ തങ്ങളാണ് നിസ്ക്കരിക്കാന്‍ പഠിപ്പിച്ചത് ..
എന്നാലും കരിയന്‍ പള്ളിയില്‍ പോണത് കണ്ട്ടിട്ടില്ല ..റമദാന്‍ മാസം വന്നപ്പോള്‍ വല്യ തങ്ങള് കരിയനെ വിളിച്ചു പറഞ്ഞു..
"ഡാ" നീയ്യ്‌ പള്ളീലൊന്നും പോകാറില്ല അല്ലെ...റമദാന്‍ മാസത്തില്‍ നോമ്പ് പിടിച്ചു പള്ളീല് പോയി തന്നെ നിസ്കരിക്കണം ...മനസ്സിലായോ..
അതിനു കൂലി കൂടുതല്‍ കിട്ടും..
കരിയനു കാര്യം മനസ്സിലായില്ല ..തങ്ങളെ തുറിച്ചു നോക്കുന്നത് കണ്ടിട്ടാവും തങ്ങള്‍ പറഞ്ഞു
ഡാ പോത്തെ ..മരിച്ചിട്ട് സ്വര്‍ഗത്തില്‍ പോകണം ന്നു വെച്ചാല് ..അഞ്ചു നേരം നിസ്ക്കരിക്കണം ..നോമ്പും പിടിക്കണം ..
പടച്ചോന്‍ തരണ കൂലീടെ കാര്യാ ഞാന്‍ പറഞ്ഞെ..

ആദ്യായിട്ടാണ് കരിയന്‍ പള്ളിയില്‍ പോകണേ ..പള്ളീടെ മുന്നില്‍ കൂടി പോയിട്ടുണ്ട് എന്നല്ലാതെ അതിന്‍റെ ഉള്ളില്‍ എന്താണ് നടക്കണേ എന്നു കരിയന്‍ കണ്ടിട്ടില്ല .
പാത്തുമ്മ തേച്ചു വെച്ച കുപ്പായവും ഇട്ടു കരിയന്‍ പെരുന്നാള്‍ നിസ്കാരത്തിനു പള്ളിയിലേക്ക് നടന്നു..
വഴിയില്‍ വെച്ച് ആരൊക്കെയോ കരിയനോട് ഈദ്‌ മുബാറക്ക്‌ പറഞ്ഞു..
തിരിച്ചു കരയ്നും അത് പോലെത്തന്നെ പറഞ്ഞു..പള്ളിയില്‍ നല്ല തിരക്കായിരുന്നു..
കൈയും കാലും ശുദ്ധി വരുത്താന്‍ പൈപ്പിനടുത്തു പോയതായിരുന്നു...വഴുക്കലില്‍ കാലു തെന്നി വീണു..
"എന്‍റെ ഗുരുവായൂരപ്പാ "
അറിയാതെ നാവില്‍ തുമ്പില്‍ നിന്നു വീണ ശബ്ദം ...
"നായിന്റെ മോനെ ...."
പള്ളീല് വെച്ചിട്ടാനോടാ കൃഷ്ണനെ വിളിക്കണേ..ഹമുക്കെ..
..കയ്യില്‍ പച്ച കുത്തിയ കൃഷ്ണന്റെ പടത്തില്‍ പിടിച്ചു ആരോ പറഞ്ഞു ..
കണ്ടില്ലേ പച്ച കുത്തി വെച്ചക്കനെ.. ഇവനെയൊന്നും പള്ളീല്‍ കേറ്റാന്‍ പാടില്ല കള്ള കാഫിര് ..പോടാ പുറത്ത്‌
ആരൊക്കെയോ കരിയയെ പിടിച്ചു വലിച്ചു..പള്ളീടെ പുറത്താക്കി..
കരിയന്‍ വീട്ടിലേക്കു നടന്നു..

വല്യ തങ്ങളും കുറെയാളുകളും വരുന്നതു കണ്ട കരിയന്‍ ഉമ്മറത്തിണ്ണയില്‍ നിന്നെഴുന്നേറ്റ് നിന്നു..
ഡാ പാത്തുമ്മയെ വിളിക്ക് ...
ശബ്ദം കേട്ടു വന്ന പാത്തുമ്മയോട് വല്യ തങ്ങള്‍ പറഞ്ഞു ...ഇന്ന് പള്ളീല്‍ ഉണ്ടായതൊക്കെ ..നീയ് കേട്ടില്ലേ...
മതി ഇവനെയൊന്നും ഇനി നമ്മുടെ ജാതീല് വെച്ചോണ്ടിരിക്കാന്‍ പറ്റില്ലാന്നാ നാട്ടുകാര് മുഴുവനും പറയണേ ..
നിനക്കറിയാലോ..
നിങ്ങള് കാണിച്ച ഹറാം പറപ്പിനു അന്ന് ഞാന്‍ കൂട്ട് നിന്നതാണ്
അന്ന് എല്ലാവരും എതിര്‍ത്തിട്ടും ഞാന്‍ പറഞ്ഞിട്ടാ ...
ഇനീം എന്നെക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല ....
നീയവനെ മൊഴി ചൊല്ലണം ന്നാ എല്ലാരും തീരുമാനിചിരിക്കണേ....
നിനക്ക് എന്താ പറയാനുള്ളത് ...
അവന്‍പോണെങ്കില്‍ പോട്ടെ ..നിനക്കു നല്ലൊരു പുതിയാപ്ല നമ്മടെ കൂട്ടത്തില് തന്നെ ഉണ്ട്..
ഇപ്പൊ തന്നെ നീയ് കാര്യം പറയണം ..
പാത്തുമ്മ കരിയനെ ത്തന്നെ നോക്കി കൊണ്ടിരുന്നു...
ഉമ്മരത്തിന്റെ ഒരു മൂലയില്‍ നിസ്സന്ഗനായി അങ്ങ് ദൂരേക്ക്‌ നോക്കിയിരിക്കാന്
കരിയന്‍..ആ‍ മുഖത്ത് ഒരു ഭാവ മാറ്റവുമില്ല
"ങ്ങള് എല്ലാവരും എന്താ പറയണേ ന്നു വെച്ചാല്‍ ഞാന്‍ ചെയ്യാം.."
ദീനും പടച്ചോനും കഴിഞ്ഞിട്ടേ എനിക്ക് മറ്റെന്തെങ്കിലും ഉള്ളൂ ..

കരിയന്‍ എഴുന്നേറ്റു നടന്നു..പുഴയം കടന്നു അങ്ങ് കൃഷ്ണന്റെ അമ്പലത്തിനടുത്തെത്തിയപ്പോള്‍ നട അടച്ചിരുന്നു..
അമ്പലപ്പരമ്പിലെ വിളക്കില്‍ കരിന്തിരി കത്താന്‍ തുടങ്ങിയിരുന്നു..തോളിലെ തോര്‍ത്തെടുത്ത് നിലത്തു വിരിച്ചു ...
വല്യ തങ്ങള് പറഞ്ഞു കൊടുത്ത പോലെ നിസ്കരിച്ചു..
അല്ലാഹ് .അല്ലാഹ്..
ആ‍ കണ്ണുകള്‍ നിറഞ്ഞൊഴുകി....

കരിയനെ ഞങ്ങള്‍ അന്ന്വെഷിക്കാത്ത സ്ഥലമില്ല...പറമ്പില്‍ പണിക്കു പോയവരാണ് അച്ഛനോട് പറഞ്ഞത് ..
നായരെ ങ്ങടെ പറമ്പില് എന്താണാവോ വല്ലാത്ത നാറ്റം.. ആ‍ പാമ്പിന്‍ കാവിനടുത്താ..
ഞങള് പേടിച്ചിട്ടു നോക്കില്ല്യാ..
അച്ഛനും ആളുകളും കൂടി പാമ്പിന്‍ കാവില്‍ ചെന്നു നോക്കി ..
മാനം മുട്ടെ വളര്ന്നു നില്‍ക്കണ അരയാലിന്റെ
കൊമ്പത്ത് തൂങ്ങിയാടുകയാണ് കരിയന്‍..,,,

ഗോപി വെട്ടിക്കാട്ട്

2009 നവംബർ 7, ശനിയാഴ്‌ച

മകള്‍ അറിയാന്‍ ...


വിരഹ ദുഖത്താല്‍
നീറുംകരളിന്നൊരു കുളിര്‍
സ്വാന്തനമായിന്നലെ
എത്തി നിന്‍ കുറി മാനം

മകളെ നീ കുറിക്കും
ഓരോരോ വരികളില്‍
അറിയുന്നച്ചന്‍ നിന്‍റെ
ഹൃദയത്തിന്‍ നൊമ്പരം..

എങ്ങിനെ എഴുതും ഞാന്‍
മനസ്സിന്‍ ആര്‍ദ്രമാം മോഹം
ഓമനേ കാതില്‍ ചൊല്ലാം
സ്നേഹം മന്ത്രണം പോലെ..

കരളിന്‍ ഭിത്തിയില്‍ വര്‍ണ്ണ-
ച്ചായത്താല്‍ വരച്ച നിന്‍ ചിത്രം
കൂട്ടിനുണ്ടെനിക്കെന്നും
സ്വപ്നത്തിലാനെന്കിലും

നിന്നിളം ചുണ്ടില്‍ വിരിയും
പനിനീര്‍ പുഞ്ചിരിപ്പൂവും
കണ്ണാടി കവിളില്‍ തെളിയും
നാണത്തിന്‍ ചുഴികളും

കാണുവാന്‍ നെഞ്ഞില്‍ മോഹം
ഏറെയുന്ടെന്നാകിലും
ഭാഗ്യദോഷിയാണച്ചന്‍
വിധിയെന്നേ പറയേണ്ടൂ

മാറോട് ചേര്‍ത്തെന്നും നിന്നെ
കൊഞ്ചിച്ച് ഉറക്കീടാനും
ഓമന ചുണ്ടില്‍ നൂറു
മുത്തങ്ങള്‍ തന്നീടാനും

നിന്‍ കിളി കൊഞ്ഞല്‍ കേട്ട്
ഒന്നൂറിച്ചിരിക്കാനും
ഓമനേ അച്ഛന്‍ ഏറെ
മോഹിക്കുന്നോരോ നാളും

കരയാതൊരിക്കലും..കണ്ണില്‍
സൂക്ഷിക്കൂ കണ്ണീര്‍ മുത്ത്‌
സഹിക്കാനവില്ലൊരു
മുത്തട്ര്‍ന്നു വെന്നാകില്‍...


ഗോപി വെട്ടിക്കാട്ട് ...

2009 നവംബർ 6, വെള്ളിയാഴ്‌ച

സഖാവ്‌....(കഥ )

മഴയ്ക്ക് ശക്തി കൂടി വരികയാണ്..
ഈ മഴയൊന്നു തോര്‍ന്നിരുന്നുവെങ്കില്‍ ..
അയാള്‍ കടത്തിണ്ണയിലേക്ക് ഒന്ന് കൂടി ചേര്‍ന്ന് നിന്നു.നേരം വളരെ വൈകിയിരിക്കുന്നു.. ബസ്സുകളുടെ ഓട്ടം ഏതാണ്ട് നിലച്ച മട്ടാണ്..
"ഇന്നിനി അങ്ങോട്ട്‌ ബസ്സ്‌ കിട്ടുമെന്ന് തോന്നുന്നില്ല" ..
കടക്കാരന്‍ നിരപ്പലക അടുക്കി വെക്കുന്നതിനിടയില്‍ പറഞ്ഞത് അയാള്‍ കേട്ടില്ലെന്നു നടിച്ചു ..പ്രതീക്ഷ കൈവിടാതെ അവിടെത്തന്നെ നിന്നു..അയാള്‍ക്ക്‌ തല കറങ്ങുന്നത് പോലെയും തൊണ്ട വരളുന്നത്‌ പോലെയും തോന്നി.."ഒരു സോഡാ കിട്ടുമോ' കടക്കാരന്‍ അയാളെ ഒന്ന് തറപ്പിച്ചു നോക്കി..ഈ പാതിരാ നേരത്ത് കൊടും മഴ പെയ്യുമ്പോള്‍ സോഡാ ചോദിക്കാന്‍ എന്ന ഭാവത്തില്‍..
ഒറ്റ ഇറക്കിന് അത് മുഴുവന്‍ കുടിച്ചു തീര്‍ത്തു അയാള്‍ ഒന്ന് ആശ്വസിച്ചു..

ഒഴിവാക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തത് കൊണ്ട് മാത്രമാണ് ഇന്ന് ആ യോഗത്തിന് പോയത്..
ഇനി ഒരിക്കലും ഇങ്ങനെ ഒരു യോഗത്തിന് പോകാന്‍ പറ്റിയില്ലെങ്കിലോ..സഖാവ് പോകണം ..പറയാനുള്ളത് പറയാന്‍ ഇനി സഖാവിനു വേദി കിട്ടിയെന്നു വരില്ല..അവളാണ് പറഞ്ഞത് ..
നീയിങ്ങനെ കിടക്കുമ്പോള്‍.. ഞാന്‍ പോകുന്നില്ല അവര്‍ എന്താണെന്ന് വെച്ചാല്‍ ചെയ്യട്ടെ ..എനിക്കൊന്നും പറയാനില്ല..എല്ലാം അവര്‍ തീരുമാനിച്ചു കഴിഞ്ഞതല്ലേ..ഇതിപ്പോള്‍ വെറും ഔപചാരികം മാത്രമാണ്..

എനിക്ക് കൂടുതല്‍ ഒന്നുമില്ല....ഇത് എന്നുമുള്ളതല്ലേ..പിന്നെ ഈ മഴയും തണുപ്പ്മായത് കൊണ്ട് ആവും ..
അവള്‍ ശ്വാസം വലിക്കാന്‍ നന്നേ വിഷമിച്ചു..വലിവ് കൂടി കൂടി വന്നു..വാക്കുകള്‍ ഇടയ്ക്കിടെ മുറിഞ്ഞു കൊണ്ടിരുന്നു..അയാള്‍ പുറം തിരുമ്മി കൊടുത്തു..
നമുക്ക് ആശുപത്ര്യില്‍ പോകാം ..ഇനിയും വെച്ച് നീട്ടണ്ടാ. രാത്രി കൂടിയാലോ..
വേണ്ടാ ആശുപത്രിയില്‍ നാളെയും പോകാം.. പേടിക്കണ്ടാ തരിച്ചു വരുവോളം എനിക്കുന്നും സംഭവിക്കില്ല ..
സഖാവിനു ഓര്‍മ്മയുണ്ടോ നമ്മുടെ കല്യാണം കഴിഞ്ഞു മൂന്നാം നാളത്തെ ആ രാത്രി ...രാത്രി ആരൊക്കെയോ വന്നു വിളിച്ചപ്പോള്‍
ഞാന്‍ പോകണ്ടാ എന്ന് ശാട്യംപിടിച്ചതും , എന്നെ കവിളത്തടിച്ചിട്ടു ഇറങ്ങിപ്പോയതും ..
അവള്‍ കവിള്‍ മെല്ലെയൊന്നു തലോടി ..ഇപ്പോഴും വേദനിക്കുന്നുന്ടെന്ന പോലെ..
പിന്നൊരിക്കല്‍ പോലീസുകാര്‍ ഈ മുറ്റത്തിട്ടു അടിച്ചു വലിച്ചിഴച്ചു കൊണ്ട് പോകുമ്പൊള്‍ അലറിക്കരഞ്ഞ എന്നെ നോക്കി പടിപ്പുര കടക്കുമ്പോള്‍ ചിരിച്ച്‌ കൊണ്ട് യാത്ര പറഞ്ഞത് ..മറന്നോ ഇതൊക്കെ..ആ ആളാണോ ഇപ്പോള്‍ ഇങ്ങനെ തളരുന്നത് ..
അരുത്, നമ്മുടെ ശരീരത്തിനെ പ്രായമായിട്ടുള്ളൂ ..ആധര്‍ശ്ങ്ങള്‍ക്ക് ,വിശ്വാസങ്ങള്‍ക്ക് ,ചങൂറ്റത്തിനു ഇപ്പോഴും ചെറുപ്പമല്ലേ..ധൈര്യമായി പോയിട്ട് വരൂ..അവര്‍ക്ക് സഖാവിനെ ഒന്നും ചെയ്യാനാവില്ല..അവര്‍ക്കറിയില്ല അവര്‍ പുറത്താക്കുന്നത് സഖാവിനെയല്ല ..അവരെത്തന്നെയാണ്..
അധികം സംസാരിക്കണ്ടാ..അനങ്ങാതെ കിടന്നോളൂ..ഞാന്‍ വേഗം വരാം..

ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് അങ്ങകലെ യൊരു പ്രകാശം ..അയാള്‍ കോരിച്ചൊരിയുന്ന മഴയില്‍ റോഡിനു നടുക്ക് കയറി നിന്നു..
കൈകള്‍ വീശി..ഒരു വണ്ടി അയാളുടെ അടുത്ത്‌ വന്നു മുട്ടി മുട്ടിയില്ലെന്ന പോലെ നിന്നു..
"ചാകാന്‍ എന്‍റെ വണ്ടി മാത്രമേ കണ്ടുല്ലോ "വണ്ടിക്കാരന്‍ ചീത്ത വിളിച്ചു കൊണ്ട് പുറത്തിറങ്ങി ..
അയ്യോ ആരാ ഇത് സഖാവോ..സഖാവിനെ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചപ്പോള്‍ നേരത്തെ ഇറങ്ങി എന്ന് പറഞ്ഞു ..ഈ നേരമായിട്ടും കാണാതായപ്പോള്‍ ഞങ്ങള്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയാണ്..കൂടുതലാണ്

അയാള്‍ ഒന്നും പറയാതെ വണ്ടിയില്‍ കയറി ..പിന്‍ സീറ്റില്‍ അവള്‍ക്കു അടുത്തിരുന്നു ..നേരിയൊരു ചലനം ഇപ്പോഴും ബാക്കിയുണ്ട്..
ശ്വാസം വലിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുന്നു..അവള്‍ കണ്ണ് തുറന്നു അയാളെ നോക്കി .. ചുണ്ടുകള്‍ വിതുമ്പി ..എന്തൊക്കെയോ പറയാന്‍ ബാക്കിയുന്ടെന്ന പോലെ..ചുരുട്ടിയ മുഷ്ട്ടി മെല്ലെ ഉയര്‍ത്തി ..അയാളെ അഭിവാദനം ചെയ്യുന്നപോലെ..

വണ്ടി ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു കൊണ്ടിരുന്നു..അയാളുടെ ഓര്‍മ്മകള്‍ അതെ വേഗത്തില്‍ പിറകിലെക്കും...


ഗോപി വെട്ടിക്കാട്ട് ....

2009 നവംബർ 4, ബുധനാഴ്‌ച

"ഒരിക്കല്‍ ഉണ്ടായിരുന്നു..."(കഥ)

ഓഫീസില്‍ പുതുതായി ജോലിക്ക് വന്ന ഒപ്പേറെഷന്‍ മാനേജര്‍ ജിബി ജോര്‍ജിന്റെ വാചകമടി സഹിക്കാവുന്നതിലപ്പുരമായിരുന്നു..
മുപ്പതു പോലും തികയാത്ത അയാളുടെ വര്‍ണ്ണന കേട്ടാല്‍ അയാള്‍ അനുഭവിക്കാത്ത സ്ത്രീ കളില്ലെന്നും ..സ്ത്രീകളെല്ലാം അയാളുടെ പിറകെ
പരക്കം പായുകയാനെന്നും തോന്നും..താനൊരു ഹീറോ ആണെന്ന ഭാവം ..
വെറുപ്പാണ് തോന്നിയത് .അത് കൊണ്ട് തന്നെ കുറച്ചോരകലം എപ്പോഴും സൂക്ഷിച്ചു..
ജീവിത സായാന്ഹത്തിലെത്തിയ കെറുവ് മനസ്സില്‍ ഉള്ളതുകൊണ്ടാണോ എന്തോ..

ഒരിക്കല്‍ ജോലി സംബന്ധമായ ഒരു കാര്യത്തിന് ഒരുമിച്ചു പോകേണ്ടി വന്നപ്പോള്‍ പലതും സംസാരിച്ച കൂട്ടത്തില്‍ അയാളുടെ സ്വകാര്യ ജീവിതവും കടന്നു വന്നു..
അത് മുന്‍ ധാരണകളെ അപ്പാടെ മാറ്റി മറിച്ചു..അയാളുടെ വേദനകളെ മനസ്സിലെറ്റാന്‍ തുടങ്ങി..ചിരിച്ചും തമാശ പറഞ്ഞും നടക്കുന്ന ആ മനുഷ്യന്‍റെ ഉള്ളിലെ മുറിപ്പെട്ട
മനസ്സ് വല്ലാതെ എന്‍റെ മനസ്സിനെയും നോവിക്കാന്‍ തുട്ടങ്ങി..അടുക്കും തോറും .അയാള്‍ എന്‍റെ ആരൊക്കെയോ ആയി..

വെക്കേഷന് ഒരുമിച്ചു നാട്ടില്‍ പോകുമ്പൊള്‍ അവന്‍ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരുന്നു..
"ചേട്ടന്‍ എത്രയും പെട്ടെന്ന് എന്‍റെ വീട്ടില്‍ വരണം..എനിക്ക് കുറെ പറയാനുണ്ട്.."
ഞാന്‍ കടന്നു വന്ന വഴികളിലൂടെ ..അവയുടെ ഓര്‍മകളിലേക്ക് ചേട്ടനോടോത്തു ഒരു തിരിഞ്ഞു നടത്തം..
"വരില്ലേ..."
തീര്‍ച്ചയായും വരാം..
"കാടിന്‍റെ മണമറിയാന്‍.."
"കാട്ടു തേനിന്റെ രുചി അറിയാന്‍.."
"പിന്നെ നിന്റെയാകാട്ടു പെണ്ണിന്‍റെ മനസ്സറിയാന്‍ "
ഞാന്‍ വരാം..

വയനാടന്‍ ചുരത്തിലൂടെ വണ്ടി നിരങ്ങി നിരങ്ങി നീങ്ങുമ്പോള്‍ മനസ്സ് അവന്‍റെ അടുത്തെത്തിയിരുന്നു..
"യാത്ര സുഖമായിരുന്നില്ലേ "
" ഉം കുഴപ്പമൊന്നുമുണ്ടായില്ല"
"വരൂ" "ഇത്രയും ദൂരം വണ്ടി ഓടിച്ച്ചതല്ലേ.."
വിശാലമായ കൃഷി ത്തോട്ടതിനുള്ളിലെ സാമാന്യത്തില്‍ അധികം വലിപ്പമുള്ള ആഡമ്പരം വിളിച്ചോതുന്ന വീട്..
ആരെയും കാണാതായപ്പോള്‍ ചോദിച്ചു..
"ഇവിടെ ജിബിയല്ലാതെ വേറെ ആരും ഇല്ലേ.."
"അപ്പച്ചനും അമ്മച്ചിയും പെങ്ങളുടെ വീട്ടില്‍ പോയിരിക്കുന്നു ..വൈകീട്ട് വരും..
ചേട്ടന്‍ വരുന്ന വിവരം അവര്‍ക്കറിയാം.."
"ക്ഷീണം കാണുംഇനി കുളിച്ചിട്ടു ബാക്കി കാര്യം."
അവന്‍ തോര്‍ത്തും സോപ്പും കൈയ്യില്‍ തന്നിട്ട് പറഞ്ഞു...
കുളി കഴിഞ്ഞപ്പോള്‍ ഒരു സുഖം തോന്നി...
അപ്പോഴേക്കും ജോലിക്കാര്‍ ഭക്ഷണം മേശയില്‍ റെഡി ആക്കി വെച്ചിരുന്നു..
നമുക്ക് വല്ലതും കഴിച്ചിട്ടു പുറത്തിറങ്ങാം..

ജീപ്പ് ഒരു സൈഡില്‍ ഒതുക്കിയിട്ടു അവന്‍ പറഞ്ഞു ..
"ഇനി നടക്കാം അതാ നല്ലത്..."
"എനിക്കും അതാണിഷ്ടം .."
കുലച്ചു നില്‍ക്കുന്ന വാഴകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അവന്‍ പറഞ്ഞു ..
ആ കാണുന്നതാണ് പള്ളിയുടെ ശരണാലയം..വിവാഹം കഴിക്കാതെ അമ്മയാകുന്ന സ്ത്രീകളും .അച്ഛനില്ലാതെ ഉണ്ടായ കുട്ടികളും ആണ് അവിടെ..പള്ളിക്ക് അവിടെ സ്ഥലം കൊടുത്തത് എന്റെ അപ്പച്ചനാണ് ....
ഇവിടന്നങോട്ട്‌ എല്ലാം ഞങളുടെയാണ്...
ചേടന് അറിയാമോ ...
"ഇവിടെ ഒരു പുഴയുണ്ടായിരുന്നു.....ഒരിക്കലും വറ്റാത്ത പുഴ ..."
കെട്ടിക്കിടക്കുന്ന ചെറിയ ചെറിയ കുഴികള്‍ ചൂണ്ടി പറഞ്ഞു...ഞങ്ങള്‍ കുട്ടികള്‍ അക്കരെക്കും ഇക്കരെക്കും നീന്താന്‍ മല്സരിക്കുമായിരുന്നു...ഞങ്ങളുടെ വീട്ടിലെ കാര്യസ്ഥന്‍ വേലു മൂപ്പനാണ് എന്നെ നീന്തല്‍ പഠിപ്പിച്ചത്..കുറെ ആദി വാസിക്കുട്ടികളും ഉണ്ടാവും കുളിക്കാന്‍..കൂട്ടത്തില്‍ മല്ലികയും...
എന്റെയും അവളുടെയും അരയില്‍ ഓരോ കയറു കെട്ടിയിട്ടാണ് മൂപ്പന്‍ വെള്ളത്തിലിറക്കുക..
നിലയില്ലാത്ത ഇടത്തെത്തുംപോള്‍ ഞങ്ങള്‍ താണു പോകും ..അപ്പോള്‍ അവളെന്നെ കെട്ടിപ്പിടിക്കും..
ഞങ്ങള്‍ രണ്ടാളും ഒരുമിച്ചു മുങ്ങും..അപ്പോള്‍ മൂപ്പ്പന്‍ വലിച്ചു കേറ്റും..അവളെന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം
ഞാന്‍ എന്നും ആഴങ്ങളിലേക്ക് പോകും ..പിന്നാലെ അവളും.....
മുകളില്‍ ഡാം കെട്ടിയപ്പോള്‍ ഇങ്ങോട്ട് നീരൊഴുക്ക് ഇല്ലാതായി..
".ഞങ്ങളുടെ പുഴയെ അവര്‍ കൊന്നു..".
പിന്നെ ആരൊക്കെയോ സ്ഥലം കൈയ്യേറി..പട്ടയം വാങ്ങി..അവര്‍ വില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അപ്പച്ചന്‍ അതെല്ലാം വാങ്ങി...
"മരിച്ചിട്ടും എന്നെ വിട്ടു പോകാത്ത പുഴ..."

മുകളിലെ റബ്ബര്‍ തോട്ടത്തിലൂടെ നടക്കുമ്പോള്‍ അവന്‍ പറഞ്ഞു.."ശ്രദ്ധിച്ചു നടന്നോളൂ അട്ട കാലില്‍ കയറും.."
"ഇത് ഒരിക്കല്‍ കാടായിരുന്നു..."
അന്നൊന്നും ഇങ്ങോട്ട് ആരും വരില്ല..കാട്ടു പന്നിയും ആനയും എല്ലാം കാണും...ഇവിടെ നിന്നാണ് മൂപ്പന്‍ കാട്ടു തേന്‍ കൊണ്ട് വന്നു തരിക..വലിയ വലിയ മരങ്ങളില്‍ കയറി ആദിവാസികള്‍ തേന്‍ എടുക്കുന്നത് അതിശയം തന്നെയാണ്..തേനീച്ച അവരെ കാണുമ്പോള്‍ ഒഴിഞ്ഞു പോകും...അന്ന് അപ്പച്ചന് മലന്ച്ഛരക്ക് കടയുണ്ടായിരുന്നു...വലിയ മുളം കുമ്പത്തിലാക്കി മല്ലികയും തേന്‍ അവിടെ
കൊണ്ട് വന്നു വില്‍ക്കും..
"ഒരിക്കല്‍ അപ്പച്ചന്‍ കാണാതെ ഞാന്‍ അവള്‍ക്കു കുറെ രൂപ കൊടുത്ത് ..അവള്‍ കരഞ്ഞു കൊണ്ട് അത് എന്‍റെ നേരെഎറിഞ്ഞു..
മരങ്ങളെല്ലാം മുറിച്ചു മാറ്റി സര്‍ക്കാര്‍ സ്ഥലം ആധിവാസികള്‍ക്ക് പതിച്ചു കൊടുത്തു..പിന്നീടെപ്പൊഴോ പട്ടയങ്ങള്‍ അപ്പച്ചന്റെ പെട്ടിക്കുള്ളിലായി..അവരെല്ലാം പിന്നെയും ദൂരേക്ക് മാറിപ്പോയി...കൂട്ടത്തില്‍ മല്ലികയും.
"ആ മരം കണ്ടോ" അതിന്റെ താഴത്തെ ചില്ലയിലാണ് മൂപ്പന്‍ ഞങ്ങള്‍ക്ക് ഊഞ്ഞാല്‍ കെട്ടിത്തരിക.."
ആകാശത്തിന്റെ രണ്ടറ്റവും തൊടണമെന്നവള്‍ പറയുമ്പോള്‍ ഞാന്‍ എല്ലാ ശക്തിയും എടുത്ത്‌ അവളെ ആട്ടും..
ഞങ്ങള്‍ ആ മരത്തിനടുത്തെത്തി ..
ഈ മരത്തിലാണ് എന്‍റെ മല്ലിക ...അവന്‍ ആ മരത്തില്‍ ചാരിനിന്നു വിതുമ്പി..
"കൊന്നിട്ടും ചാകാത്ത കാടിന്‍റെ ..അവളുടെ" ഓര്‍മ്മക്കായി ഈമരം എന്‍റെ കൂടെ ഇപ്പോഴും...
"നമുക്ക് പോകാം" ഞാന്‍ പറഞ്ഞു...

അകലെ ചെറിയ കൂരകള്‍ ചൂണ്ടിക്കാട്ടി അവന്‍ പറഞ്ഞു..
"അവിടെ "
അവനത്‌ മുഴുമിപ്പിക്കുന്നതിനു മുന്‍പ്‌ ഞാന്‍ ചോദിച്ചു..

"കുറെ മനുഷ്യര്‍ ഉണ്ടായിരുന്നല്ലേ..."


ഗോപി വെട്ടിക്കാട്ട്

2009 നവംബർ 2, തിങ്കളാഴ്‌ച

പരാന്നഭോജികളും ,,ജീവികളും..(കഥ)



കാലത്ത് തന്നെ കമ്പ്യൂട്ടറിന് മുന്നില്‍ ചടഞ്ഞിരുന്നു ബൂലോകത്തെ സകലമാന സാഹിത്യവും വായിച്ചു എന്നുറപ്പ് വരുത്തി
ആശാന്‍ തൊട്ടടുത്തിരുന്നു നേരെ ചൊവ്വേ ജോലി ചെയ്യുന്ന അനു മണിയോട് തിരക്കി ..
"അല്ല അനു ഈ പരാന്ന ഭോജികളും ..ജീവികളും തമ്മില്‍ എന്നതാ വ്യത്യാസം "
അനു കമ്പ്യൂട്ടറില്‍ നിന്നും കന്നെടുത്തു ആശാനെ ഒന്ന് തറപ്പിച്ചു നോക്കി ..ഇയാആള്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്ന മട്ടില്‍ ..
അല്ലെങ്കിലും അനു മണിക്ക് ആശനോട് തെല്ലൊരു അസൂയയുണ്ട് ..
ഓഫീസില്‍ ഒരു ജോലിയും ചെയ്യാതെ ചുമ്മാ ഇരുന്നു ശമ്പളം വാങ്ങുന്നു..
ഭൂലോകത്തെ വല്യ എഴുത്തുകാരന്‍ എന്നൊരു ഭാവവും ..ആ‍ നടപ്പും കണ്ടാല്‍ തന്നെ മണിക്ക് ചൊറിഞ്ഞു വരും
എന്നാല്‍ ഒരു വക അറിയുമോ അതുമില്ല..വല്ലവന്റെയും ആസനം താങ്ങി നടന്നു കൊള്ളും..
എപ്പോഴും കാള മൂത്രം പോലെ ഓരോന്ന് എഴുതി വിടുന്നത് കാണാം..
എന്തെങ്കിലും എഴുതിയാലോ ..സ്വസ്ഥമായി ഇരുന്നു ജോലി ചെയ്യാനും വിടില്ല..
"അനു ഇതൊന്നു നോക്കിക്കേ.'.എങ്ങനുണ്ട് എന്‍റെ ആസ്വാദനം ..
"ഞാന്‍ അവനെ ശരിക്കും വധിച്ചിട്ടുണ്ട് " ഇനി മേലില്‍ അവന്‍ കവിത എന്നു പറയുന്നൊരു സാധനം എഴുതത്തില്ല..
അല്ല പിന്നെ "
ഒന്ന് പറയെടോ ..തനിക്കറിയാവോ ..
"അത് പിന്നെ ആശാനെ പരാന്ന ഭോജികള്‍ എന്നുവെച്ചാല്‍
വല്ലവന്റെയും ചിറിയില്‍ നിന്നു വീണു കിട്ടുന്നത് കൊണ്ട് വിശപ്പടക്കുന്നവര്‍ എന്നല്ലേ.."
'ആണോ അപ്പോള്‍ ഈ "ജീവികളോ "
'ജീവികള്‍ എന്നു പറയുമ്പോള്‍ ആരാന്‍റെ ചിലവില്‍ കഴിയുന്നവര്‍ എന്നു പറയാം ..
അതിപ്പോള്‍ അന്നം മാത്രമല്ല
ഉദാഹരണത്തിന്‌ ഒരാള്‍ ഒരു കഥയോ കവിതയോ എഴുതി എന്നു കരുതുക
'ഉം "
ആശാന്‍ എന്താ ചെയ്യുക ..ഉടനെ ഒരു ആസ്വാദനം അങ്ങ് കാച്ചും ..ഇല്ലേ
ആശാന്റെ ആളാണെങ്കില്‍ അയാളെ ഇരുത്തിയങ്ങു സുഖിപ്പിക്കും ..
മറ്റേ ടീമാനെങ്കിലോ അവനെയങ്ങു മാന്തി പൊളിക്കും ഇല്ലിയോ
"അതുവ്വ് "
അപ്പോള്‍ ആരെങ്കിലും എഴുതണം അല്ലിയോ ആശാന് എന്തെങ്കിലും കിട്ടാന്‍..
"അതുവേണം "
ഏകദേശം പരാന്ന ജീവികളുടെ ഒരു രൂപം കിട്ടിയോ ..
ഇനി "മനസ്സിലായില്ല എന്നു മാത്രം പറയരുത് "
"അത് പിന്നെ ...'
'ആശാനെ എനിക്ക് വേറെ പണിയുണ്ട് "
ആളെ മാറ്റി പിടി....
--
ഗോപി വെട്ടിക്കാട്ട്